വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ വീണ് സ്വര്‍ണവും വെള്ളിയും, കേരളത്തില്‍ വന്‍ വിലക്കുറവ്, കടയിലേക്ക് ഓടാന്‍ വരട്ടെ....

അന്താരാഷ്ട്ര സ്വര്‍ണ വില രണ്ടാഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍
gold jewellery
AdobeStocks
Published on

ട്രംപിന്റെ വെടിനിര്‍ത്തല്‍ അറിയിപ്പില്‍ സ്വര്‍ണത്തിന് ഇടിവ്. സംസ്ഥാനത്ത് ഗ്രാം വില 75 രൂപ കുറഞ്ഞ് 9,155 രൂപയും പവന്‍ വില 600 രൂപ താഴ്ന്ന് 73,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,510 രൂപയിലെത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന വെള്ളിവിലയും ഇന്ന് താഴേക്കാണ്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 116 രൂപയിലാണ് വ്യാപാരം.

സുരക്ഷിത പെരുമ വിട്ടു

ഇസ്രായേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന് ട്രൂത്ത് സോഷ്യല്‍ എന്ന സാമൂഹ്യ മാധ്യമത്തിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് ആഗോള സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കി. തുടര്‍ന്ന് ഇന്ന് എംസിഎക്സില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. 12 ദിവസത്തെ യുദ്ധത്തിന് വിരമാമിട്ടുകൊണ്ട് ഇസ്രായേലും ഇറാനും സമ്പൂര്‍ണ വെടിനിര്‍ത്തലിലേക്ക് എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്‌.

യുദ്ധം അവസാനിക്കുമെന്ന സൂചന സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യം കുറച്ചതാണ് വിലയെ ബാധിച്ചത്.

ആഗോള വിപണിയില്‍ സ്വര്‍ണ വില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്നലെ ഔണ്‍സിന് 3,344.48 ഡോളറിലായിരുന്നു. ഇന്ന് നേരിയ വര്‍ധനയോടെ 3,53.46 ഡോളറിലെത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയും ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വന്‍തോതില്‍ ഇടിഞ്ഞു.

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പക്ഷെ ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇനി നോട്ടം ഫെഡില്‍

യുദ്ധ സാധ്യതകള്‍ മങ്ങിയതോടെ സുരക്ഷിത പെരുമ വിട്ട സ്വര്‍ണം ഇപ്പോള്‍ യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവനയ്ക്കായി കാതോര്‍ത്തിരിക്കുകയാണ്. പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് വ്യക്തമായ സൂചന ഇന്നും നാളെയും നടക്കുന്ന സമ്മേളനത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം, യു.എസ് തൊഴില്‍ വിപണി അപകടത്തിലാകാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ബാങ്ക് ഉടന്‍ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന് യുഎസ് ഫെഡ് ഉദ്യോഗസ്ഥ മിഷേല്‍ ബോമാന്‍ പറഞ്ഞിരുന്നു.

കടയിലേക്ക് ഓടാന്‍ വരട്ടെ

കേരളത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 74,560 രൂപയില്‍ നിന്ന് പവന് 1,320 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ കുറവ് കണ്ട് ആഭരണം വാങ്ങാന്‍ കടയിലേക്ക് പോയാല്‍ കുടുങ്ങും. കാരണം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്വര്‍ണാഭരണം വാങ്ങാന്‍ ഈ തുക മതിയാകില്ല.

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 83,000 രൂപയ്ക്ക് മുകളിലാകും.

Trump's ceasefire statement causes significant drop in gold and silver prices, impacting Kerala's jewellery market.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com