Begin typing your search above and press return to search.
ഇത് നടപ്പാക്കിയില്ലെങ്കിൽ വൈദ്യുത വാഹനങ്ങളുടെ വില 25% വർധിക്കും, കേന്ദ്രം കനിയുമോ?
വൈദ്യുത-ഹൈബ്രിഡ് വാഹനങ്ങളുടെ സ്വീകാര്യതയും നിർമാണവും വർധിപ്പിക്കാനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ ഫെയിം (Faster Adoption of Hybrid & Electric Vehicles -FAME II) രണ്ടാം ഘട്ടം 2024 മാര്‍ച്ചില്‍ അവസാനിക്കുകയാണ്. ഈ പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടിയില്ലെങ്കിൽ വൈദ്യുത വാഹനങ്ങളുടെ വില 25% വർധിക്കുമെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വ്യാവസായിക സംഘടനയായ ഫിക്കി (FICCI). മൂന്ന് വർഷത്തിന് ശേഷം അവലോകനം നടത്തിയ ശേഷം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് ഫിക്കി പറയുന്നു.
വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ പെട്ടന്ന് പിൻവലിക്കുന്നത് വിപണിയുടെ വളർച്ചയെ ബാധിക്കുമെന്നാണ് ഫിക്കിയുടെ അഭിപ്രായം. കാനഡ, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കുള്ള അനൂകൂല്യങ്ങൾ സർക്കാരുകൾ തുടരുകയാണ്. നിലവിൽ ഇന്ത്യയിൽ മൊത്തം വാഹന വിപണിയുടെ 5 ശതമാനത്തിന് താഴെ വിഹിതം മാത്രമെ വൈദ്യുത വാഹനങ്ങൾക്ക് നേടാൻ സാധിച്ചിട്ടുള്ളു. 2030ഓടെ സർക്കാർ ലക്ഷ്യമിടുന്നത് 30% വാഹനങ്ങളും വൈദ്യുത വാഹനങ്ങളാകണമെന്നാണ്.
ഫെയിം പദ്ധതി 2015 മുതൽ നടപ്പാക്കിയത് കൊണ്ട് വൈദ്യുത വാഹനങ്ങൾ, ഘടകങ്ങൾ എന്നിവയുടെ ആഭ്യന്തര നിർമാണം (മെയ്ക് ഇൻ ഇന്ത്യ) വർധിപ്പിക്കാൻ സാധിച്ചു. ഫെയിം ആദ്യ ഘട്ടം 2019ൽ അവസാനിച്ചു. രണ്ടാം ഘട്ടം മാർച്ച് 2024ൽ അവസാനിക്കും. രണ്ടാം ഘട്ടത്തിന് കേന്ദ്ര സർക്കാർ അനുവദിച്ചത് 10,000 കോടി രൂപയാണ്. ഇത് 11,500 കോടിയാക്കി ഉയർത്താൻ അനുമതി നൽകിയിട്ടുണ്ട്.
സബ്‌സിഡി തുടരണം
വൈദ്യുത വാഹനങ്ങളുടെ വിപണി മൊത്തം വാഹനങ്ങളുടെ 30 ശതമാനം എത്തുന്നത് വരെ സബ്‌സിഡി തുടരണമെന്നാണ് ഫിക്കി ആവശ്യപ്പെടുന്നത്. ഹൈഡ്രജൻ, ഫ്യുവൽ സെൽസ് എന്നിവയ്ക്കും സബ്‌സിഡി നൽകുന്നതിനെ കുറിച്ച് കമ്പനികളുമായി ചർച്ച നടത്തണം.
തുടക്കത്തിൽ വൈദ്യുത ഇരുചക്ര വാഹനങ്ങൾക്ക് ബാറ്ററിയുടെ ശേഷി അനുസരിച്ച് കിലോവാട്ട് അവറിന് (Kwh) 10,000 രൂപ സബ്‌സിഡി നൽകിയത് രണ്ടാം ഘട്ടത്തിൽ 15,000 രൂപയായി വർധിച്ചു.
സർക്കാർ കനിയുമോ?
ബാറ്ററി ശേഷി അനുസരിച്ചുള്ള സബ്‌സിഡി തുടരണമെന്നാണ് ആവശ്യം. സബ്‌സിഡി നൽകിയാൽ മാത്രമേ പെട്രോൾ, ഡീസൽ വാഹനങ്ങളുമായി വില തുല്യത കൈവരിക്കാൻ സാധിക്കൂ. സബ്‌സിഡി നൽകിയാൽ അടുത്ത അഞ്ചു വർഷത്തിൽ 3.05 കോടി വൈദ്യുത വാഹനങ്ങൾ പുറത്തിറക്കാൻ വ്യവസായങ്ങൾക്ക് സഹായം ലഭിക്കും.
ഫെയിം മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ എല്ലാ തരം പാസഞ്ചർ വാഹനങ്ങൾക്കും പൊതുഗതാഗതത്തിനുള്ള വാഹനങ്ങൾക്കും പ്രയോജനം ലഭിക്കും.
Next Story
Videos