സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വീണ്ടും വെട്ടിക്കുറച്ചു; ഇനി വര്‍ഷത്തില്‍ നാലെണ്ണം മാത്രം, ഉജ്ജ്വല യോജനക്കാര്‍ക്കും കേന്ദ്രത്തിന്റെ കടുംവെട്ട്

പാചക വാതക സിലിണ്ടര്‍ വില 29 രൂപ കൂട്ടിയതിനു പിന്നാലെയാണ് പുതിയ നീക്കം
Gas cylinder LPG delivery in India
canva
Published on

പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ദരിദ്ര കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. പ്രതിവര്‍ഷം ലഭിച്ചിരുന്ന ഒമ്പത് സിലിണ്ടറുകളുടെ ക്വാട്ടയാണ് ഇപ്പോള്‍ നാലായി വെട്ടിക്കുറച്ചിരിക്കുന്നത്. സാധാരണ കുടുംബങ്ങളുടെ ശരാശരി ഉപഭോഗം കണക്കിലെടുത്താണ് ഈ പരിഷ്‌കരണമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് സാധാരണക്കാരായ കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം.

ആനുകൂല്യം പകുതിയിലധികമായി കുറഞ്ഞു

2016 മേയില്‍ പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യ എല്‍.പി.ജി കണക്ഷന്‍ നല്‍കാനായി ആരംഭിച്ച പദ്ധതിയാണിത്. തുടക്കത്തില്‍ പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ വരെ സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് ഒമ്പതായി ചുരുക്കി. ഇപ്പോള്‍ വീണ്ടും വെട്ടിക്കുറച്ച് നാല് സിലിണ്ടറുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. നിലവില്‍ സിലിണ്ടറൊന്നിന് 300 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്സിഡി നല്‍കുന്നത്.

വിലക്കയറ്റവും പ്രതിസന്ധിയും

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എല്‍.പി.ജി വില കുത്തനെ ഉയരുകയാണ്. സൗദി കോണ്‍ട്രാക്ട് പ്രൈസിനെ (CP) അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ ഇന്ധന ഇറക്കുമതിച്ചെലവ് കണക്കാക്കുന്നത്. ഫെബ്രുവരിക്ക് ശേഷം ഇതില്‍ 46 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. ഇതോടെ എണ്ണക്കമ്പനികള്‍ക്ക് ഒരു ഗാര്‍ഹിക സിലിണ്ടര്‍ വിതരണം ചെയ്യാനുള്ള യഥാര്‍ത്ഥ ചെലവ് 1,600 രൂപ കടന്നതായി മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

നിലവിലെ വില വര്‍ധനയ്ക്ക് ശേഷവും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഒരു സിലിണ്ടറിന് 700 രൂപയോളം നഷ്ടം വരുന്നുണ്ട്. പെട്രോള്‍ ലിറ്ററിന് 6 രൂപയും ഡീസലിന് 30 രൂപയും എണ്ണക്കമ്പനികള്‍ക്ക് നിലവില്‍ അണ്ടര്‍ റിക്കവറി (Under-recovery) അഥവാ നഷ്ടമുണ്ട്. പ്രതിദിനം 600 മുതല്‍ 700 കോടി രൂപയുടെ നഷ്ടമാണ് കമ്പനികള്‍ നേരിടുന്നത്. ഇതാണ് വില വര്‍ധിപ്പിക്കാനും സബ്സിഡി വെട്ടിച്ചുരുക്കാനും സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ഉപഭോക്താക്കള്‍ക്ക് മേല്‍ അധികഭാരം

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണയായി 89 രൂപയുടെ വര്‍ധനയാണ് ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വരുത്തിയത്. ജൂണ്‍ 7-ന് മാത്രം 29 രൂപ വര്‍ധിച്ചു. പുതിയ നിരക്ക് പ്രകാരം കൊച്ചിയില്‍ സിലിണ്ടര്‍ വില 949 രൂപയാണ് . ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് 300 രൂപ സബ്സിഡി കിഴിച്ചാല്‍ ഇനി ഒരു സിലിണ്ടറിന് 642 രൂപയോളം കൈയില്‍ നിന്ന് നല്‍കേണ്ടി വരും. 5 അംഗങ്ങളുള്ള ഒരു കുടുംബത്തിന് പ്രതിദിനം 20 പൈസയുടെ മാത്രം അധിക ബാധ്യതയേ ഈ വിലക്കയറ്റം ഉണ്ടാക്കൂ എന്നാണ് മന്ത്രാലയത്തിന്റെ വാദം. എങ്കിലും സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ചത് സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ താളം തെറ്റിക്കും.

The central government has slashed the annual quota of subsidized cooking gas cylinders from nine to four for Ujjwala scheme beneficiaries.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com