Begin typing your search above and press return to search.
കേരളത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ രണ്ടു വസ്തുക്കള്‍ വില്‍പ്പനയ്ക്ക്; രാജ്യത്താകെ നൂറുകണക്കിന് വസ്തുക്കള്‍
നഷ്ടത്തിലായ പൊതുമേഖല ടെലികോം കമ്പനികളായ ബി.എസ്.എന്‍.എല്ലിന്റെയും എം.ടി.എന്‍.എല്ലിന്റെയും കടം കുറയ്ക്കാന്‍ ഇരു കമ്പനികളുടേയും ഉടമസ്ഥതയിലുള്ള ആസ്തികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി ടെലികമ്മ്യൂണിക്കേഷവന്‍ വകുപ്പ് വിവിധ സംസ്ഥാനങ്ങളിലെ 600 ഓളം സ്ഥലങ്ങളും വസ്തുക്കളും കണ്ടെത്തി ബി.എസ്.എന്‍.എല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
സ്ഥലം ആവശ്യമുള്ള സര്‍ക്കാര്‍ വകുപ്പുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഇതു സംബന്ധിച്ച് അറിയിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ടെലികോം സെക്രട്ടറി നീരജ് മിത്തല്‍ വിവിധ വകുപ്പ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കണക്കാക്കുന്നത് 20,000 കോടി രൂപ മൂല്യം
ആസ്തി വില്‍പ്പന വഴി മൊത്തം 20,000 കോടി രൂപകണ്ടെത്താനാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. നഷ്ടത്തിലായ ഇരുകമ്പനികളുടേയും കടം കുറയ്ക്കാനാണ് ഈ തുക വിനിയോഗിക്കുക.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 530ലധികം കെട്ടിടങ്ങളും ഭൂമിയും ബി.എസ്.എന്‍.എല്ലിനുണ്ട്. എം.ടി.എന്‍.എല്ലിന് പ്രധാനമായും ഡല്‍ഹിയിലും മുംബൈയിലുമാണ് ആസ്തിയുള്ളത്. ഇതില്‍ 48 പ്രോപ്പര്‍ട്ടികള്‍ ഡല്‍ഹിയിലും 52 എണ്ണം മഹാരാഷ്ട്രയിലുമാണ്.
ന്യൂഡല്‍ഹിയിലെ കൊണാട്ട് പ്ലേസ്, മുംബൈയിലെ എം.ടി.എന്‍.എല്‍ ടെലിഫോണ്‍ ഹൗസ്, കോലാബയിലെ ടെലിഫോണ്‍ ഭവന്‍ എന്നിവയാണ് ഇതില്‍ പ്രധാന പ്രോപ്പര്‍ട്ടികള്‍. മുംബൈയിലെ പവൈ, അന്ധേരി, ബാദ്ര, വാശി, വര്‍ളി എന്നിവിടങ്ങളിലാണ് മറ്റ് പ്രോപ്പര്‍ട്ടികള്‍.
കേരളത്തില്‍ 27 ആസ്തികള്‍
കേരളത്തില്‍ രണ്ട് സ്ഥലങ്ങള്‍ ലേലത്തിന് വച്ചിട്ടുണ്ട്. ആലുവയില്‍ ചൂണ്ടിയിലെ ടെലിഫോണ്‍ എക്സ്ചേഞ്ച് പരിസരത്ത് 9,000 ചതുരശ്ര മീറ്റര്‍ സ്ഥലത്തിന് 16.47 കോടി രൂപയാണ് അടിസ്ഥാന വില കണക്കാക്കിയിരിക്കുന്നത്.
കൊല്ലം കൊട്ടാരക്കരയില്‍ 3,580 ചതുരശ്ര മീറ്റര്‍ വരുന്ന പ്രോപ്പര്‍ട്ടിയുമുണ്ട്. ഇതിന് 4.84 കോടി രൂപയാണ് അടിസ്ഥാന വില കണക്കാക്കിയിരിക്കുന്നത്.
ഇതുകൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലായി 27 പ്രോപ്പര്‍ട്ടികള്‍ വില്‍പ്പനയ്ക്കായി കണ്ടെത്തിയിട്ടുമുണ്ട്.
നേരത്തെ ബി.എസ്.എന്‍.എല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് കൂടുതല്‍ കെട്ടിടങ്ങളും വാടകയ്ക്കെടുത്തിട്ടുള്ളത്.
പുനരുജ്ജീവനത്തിന്റെ ഭാഗം
ബി.എസ്.എന്‍.എല്ലിന്റെ 18,200 കോടി രൂപയുടെ ആസ്തികളും എം.ടി.എന്‍.എല്ലിന്റെ 5,158 കോടി രൂപയുടെയും ആസ്തികളാണ് വിറ്റഴിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
2019ലാണ് പുരുജ്ജീവനത്തിന്റെ ഭാഗമായി ഇരു സ്ഥാപനങ്ങളുടെയും ആസ്തികള്‍ വിറ്റഴിച്ച് പണം കണ്ടെത്താമെന്ന നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പുതിയ മൂലധനം ലഭ്യമാക്കാനും കടം പുനക്രമീകരിക്കാനും ലക്ഷ്യമിട്ട് 1.64 ലക്ഷം കോടി രൂപയുടെ രണ്ടാം ഉത്തേജക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു മുന്‍പ് പുനരുജ്ജീവനത്തിനായി 69,021 കോടി രൂപയും അനുവദിച്ചിരുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5,370 കോടി രൂപയാണ് ബി.എസ്.എന്‍.എല്ലിന്റെ നഷ്ടം. മുന്‍ വര്‍ഷത്തെ 8,161 കോടി രൂപയില്‍ നിന്ന് കാര്യമായ കുറവുണ്ടായിട്ടുണ്ട്. ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കാനും ഉപദേശിക്കാനുമായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിനെ (BCG) അടുത്തിടെ നിയോഗിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.
Next Story
Videos