സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അപ്രത്യക്ഷമാകുമോ? പദ്ധതി നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് (SGB). ഭൗതിക സ്വര്‍ണത്തിന് പകരം അതേ മൂല്യമുള്ള കടപ്പത്രങ്ങളില്‍ (Bond) നിക്ഷേപിച്ച് മികച്ച നേട്ടം (return) സ്വന്തമാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. നിക്ഷേപം ഭൗതിക സ്വര്‍ത്തിലേക്ക് ഒഴുക്കുന്നതിന് പകരം, രാജ്യത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുക, സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയും അതു വഴി വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ നിയന്ത്രിക്കുകയുമായാണ് കേന്ദ്രം പദ്ധതിയിലൂടെ ഉന്നമിട്ടത്. എന്നാല്‍ ഇപ്പോള്‍ പദ്ധതി വളരെ ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടി ഇതില്‍ നിന്ന് പതുക്കെ പിന്നോട്ടായ്കയാണ് സര്‍ക്കാരെന്ന് റിപ്പോര്‍ട്ട്. ഒരു പക്ഷേ പദ്ധതി നിറുത്തലാക്കിയേക്കാമെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നീക്കത്തിനു പിന്നില്‍
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി കുറച്ച സാഹചര്യത്തിലാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം. കസ്റ്റംസ് തീരുവയില്‍ കുറവു വന്നത് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്കുള്ള ഡിമാന്‍ഡ് കുറയ്ക്കാനിടയാക്കുമെന്നാണ് കരുതുന്നത്. നികുതി കുറയ്ക്കലിനു ശേഷം നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എസ്.ജി.ബിയുടെ വില രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ ഇടിഞ്ഞിരുന്നു. ഉദാഹരണത്തിന് എസ്.ജി.ബി ഓഗസ്റ്റ് 24ന്റെ വില 2.6 ശതമാനം ഇടിഞ്ഞ് യൂണിറ്റിന് 7,275 രൂപയായി. ഏറ്റവും കൂടുതല്‍ ഇടിവ് വരുന്നത് എസ്.ജി.ബി ഡിസംബര്‍ 25 സീരീസിനാണ്. 5.89 ശതമാനം വരെ വിലയിടിഞ്ഞ് യൂണിറ്റ് വില 7,550 രൂപയായി.
പ്രഥമ എസ്.ജി.ബിക്ക് രണ്ടിരട്ടിയിലേറെ നേട്ടം
2015 നവംബറില്‍ ആരംഭിച്ച പ്രഥമ എസ്.ജി.ബിയുടെ കാലാവധി 2023 നവംബറിലാണ് അവസാനിച്ചു. 2016 ഓഗസ്റ്റില്‍ ആരംഭിച്ച എസ്.ജി.ബി പദ്ധതി 2016-17 സീരീസ് 1 ന്റെ കാലാവധി ഓഗസ്റ്റില്‍ അവസാനിക്കും.
പ്രഥമ സോവറിന്‍ ഫണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് രണ്ടിരട്ടിയിലേറെ നേട്ടമാണ് ലഭിച്ചത്. ഗ്രാമിന് 2,684 രൂപ നിരക്കിലാണ് നിക്ഷേപകര്‍ ബോണ്ടുകള്‍ സ്വന്തമാക്കിയത്. കാലാവധി അവസാനിച്ചപ്പോള്‍ വാര്‍ഷിക പലിശ ഉള്‍പ്പെടെ കിട്ടിയ വില ഗ്രാമിന് 6,132 രൂപയാണ്. ഓഗസ്റ്റില്‍ അവസാനിക്കുന്ന ഫണ്ടിന്റെ കാര്യമെടുത്താല്‍ സീരീസ് തുടങ്ങുമ്പോള്‍ ഗ്രാം വില 3,119 രൂപയായിരുന്നു. 2.75 ശതമാനമാണ് വാര്‍ഷിക പലിശ നിശ്ചയിച്ചിരിക്കുന്നത്. അതനുസരിച്ച് ഇപ്പോഴത്തെ ഗ്രാം വിലയ്‌ക്കൊപ്പം 2.75 ശതമാനം പലിശയും ചേര്‍ത്ത തുക നിക്ഷേപകര്‍ക്ക് മടക്കി ലഭിക്കും.
പദ്ധതിയുടെ സവിശേഷതകള്‍
എട്ടുവര്‍ഷമാണ് സ്വര്‍ണ ബോണ്ട് നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷത്തിനു ശേഷം നിബന്ധനകളോടെ നിക്ഷേപം പിന്‍വലിക്കാം. 2.50 ശതമാനമാണ് അവസാന സീരീസിന് നിശ്ചയിച്ചിരിക്കുന്ന വാര്‍ഷിക പലിശ നിരക്ക്. ഇത് ആറ് മാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് വരവു വയ്ക്കും. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള സ്വര്‍ണത്തിന്റെ വിപണി വിലയനുസരിച്ച് നിക്ഷേപവും പലിശയും തിരികെ ലഭിക്കും.
ഭൗതിക സ്വര്‍ണമല്ലെങ്കിലും അതേ മൂല്യം സര്‍ണ ബോണ്ടിനുണ്ട്. സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഈടുവച്ച് സ്വര്‍ണ വായ്പയും നേടാം.
Related Articles
Next Story
Videos
Share it