കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന് പണം നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ ആസ്തികള്‍ വില്‍ക്കും. ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞദിവസം തിരിച്ചടിയേറ്റ പശ്ചാത്തത്തിലാണ് സര്‍ക്കാരിന്റെ നീക്കം. കെ.ടി.ഡി.എഫ്.സി.യുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി. അശോകിനെ മാറ്റി പകരം ചുമതല ബിജു പ്രഭാകറിന് നല്‍കിയിട്ടുമുണ്ട്.
കെ.ടി.ഡി.എഫ്.സി മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം ഹൈക്കോടതിയിലെ വാദത്തിനിടെ രൂക്ഷമായ സാമ്പത്തിക ഞെരുക്കമുണ്ടെന്നും കെ.ടി.ഡി.എഫ്.സിക്ക് പണം നല്‍കാനുള്ള ബാധ്യതയില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഗ്യാരന്റി നല്‍കിയിട്ട് ഇത്തരത്തില്‍ പറയുന്നത് നാണക്കേടാണെന്ന് വിമര്‍ശിച്ച കോടതി, ഉത്തരവാദിത്വം ഇല്ലെന്നാണ് പറയുന്നതെങ്കില്‍ അക്കാര്യം വ്യക്തമാക്കി പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഷോപ്പിംഗ് ക്ലോംപ്ലക്‌സുകള്‍ കൈമാറാന്‍ നിര്‍ദേശം
കെ.എസ്.ആര്‍.ടി.സിക്ക് കോഴിക്കോട്, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലായുള്ള നാല് ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ ഏതെങ്കിലും രണ്ടെണ്ണം വിറ്റോ പണയം വച്ചോ കെ.ടി.ഡി.എഫ്.സി നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്താനാണ് നിര്‍ദേശം. ഷോപ്പിംഗ് കോംപ്ലക്‌സുകളും അവ നില്‍ക്കുന്ന ഭൂമിയും കെ.ടി.ഡി.എഫ്.സിക്ക് കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ 360 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് കെ.ടി.ഡി.എഫ്.സി നേരത്തെ സര്‍ക്കാ
രിനെ അറിയിച്ചിരുന്നു. പലിശ ഉള്‍പ്പെടെ ഈ തുക ഇപ്പോള്‍ 900 കോടിയായി. എന്നാല്‍ ഈ പണം തിരിച്ചടയ്ക്കാനുള്ള അവസ്ഥയിലല്ല കെ.എസ്.ആര്‍.ടി.സി. അതാണ് സര്‍ക്കാര്‍ ഈ ബാധ്യത എറ്റെടുത്ത് പണം നല്‍കണമെന്ന് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെടാന്‍ കാരണം.
കൊല്‍ക്കത്തയിലെ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് ഉള്‍പ്പെടെയുള്ളവര്‍ പണം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയും കെ.ടി.ഡി.എഫ്.സിയും കൂടി പരിഹരിക്കേണ്ട വിഷയമാണിതെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
വിവാദങ്ങള്‍ക്ക് വഴിവച്ച് ചുമതല മാറ്റവും കെ.ടി.ഡി.എഫ്.സി-കെ.എസ്.ആര്‍.ടി.സി തര്‍ക്കം മുറുകവേ കെ.ടി.ഡി.എഫ്.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി. അശോകിനെ മാറ്റി പകരം കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകറിന് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കെ.ടി.ഡി.എഫ്.സി നഷ്ടത്തിലാകാന്‍ കാരണം കെ.എസ്.ആര്‍.ടി.സി ആണെന്ന തരത്തില്‍ ബി.അശോക് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിനെതിര ബിജുപ്രഭാകര്‍ രംഗത്ത് വന്നിരുന്നു. കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പണം ലഭിക്കാത്തതു കൊണ്ടാണ് നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാത്തത് എന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനമില്ലെന്നും ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത തെറ്റയ തീരുമാനങ്ങളുടെ ഫലമായി ഉണ്ടായ പ്രതിസന്ധിയാണെന്നും ഇന്നത്തെ സര്‍ക്കാരോ ഇപ്പോഴത്തെ കെ.ടി.ഡി.എഫ്.സി മാനേജ്‌മെന്റോ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റോ ഇതിന് ഉത്തരവാദിയല്ലെന്നും ബിജു പ്രഭാകറിന്റെ പ്രസ്ഥാവനയില്‍ പറയുന്നു. ചുമതല മാറ്റം കൂടി വന്നതോടെ പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിയുകയാണ്.