'എല്ലാ ജില്ലകളിലും ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കായി 100 ഏക്കര്‍ വീതം ഏറ്റെടുക്കും'

ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനായി എല്ലാ ജില്ലകളിലും 100 ഏക്കര്‍ വീതം സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

നാളികേര ഉത്പാദനം കൂടുതലുള്ള കോഴിക്കോട്ടും കണ്ണൂരും ഇപ്രകാരം ഏറ്റെടുക്കുന്ന സ്ഥലത്ത് നാളികേര പാര്‍ക്കുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. മറ്റു ജില്ലകളില്‍ അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങാം. സംരംഭങ്ങള്‍ക്ക് വെള്ളവും വെളിച്ചവും ഭൂമിയും അടക്കമുള്ള അടിസ്ഥാനസൗകര്യം വ്യവസായ വകുപ്പ് ലഭ്യമാക്കും. കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവയ്ക്കാണ് ഇതിന്റെ ചുമതല.

വ്യവസായം തുടങ്ങാന്‍ നല്‍കുന്ന ഭൂമിയുടെ വില മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചടച്ചാല്‍ മതി. പൊതുമേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയ്ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സംരംഭങ്ങള്‍ക്ക് അസംസ്‌കൃത സാധനങ്ങള്‍ ലഭ്യമാക്കാനും ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താനും വ്യവസായ വാണിജ്യ മിഷന് രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പുതിയ 'വ്യവസായ സ്ഥാപന സുഗമമാക്കല്‍' നിയമത്തിന്റെ ഏറ്റവും വലിയ നേട്ടം കാര്‍ഷിക മേഖലയ്ക്കു ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കാര്‍ഷിക വിളകള്‍ മൂല്യവര്‍ദ്ധിതമാക്കാന്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാം.പ്രവാസികള്‍ക്കും ഈ നിയമം സഹായകമാണ്. പുതു സംരംഭങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും കെ.എസ്.ഐ.സി. ഡി മാനേജിംഗ് ഡയറക്ടര്‍ കണ്‍വീനറുമായി സംസ്ഥാന കൗണ്‍സിലിന് രൂപം നല്‍കും. ചവറ കെ.എം.എം.എല്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ വേണ്ട സഹായവും വ്യവസായ വകുപ്പ് നല്‍കുമെന്നു മന്ത്രി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it