₹40,000 കോടിയുടെ കടപ്പത്രങ്ങള്‍ തിരികെ വാങ്ങുന്നു; അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം, കാരണം ഇതാണ്

മേയ് ഒമ്പതിന് രാവിലെ 10.30 മുതല്‍ 11.30 വരെയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്
₹40,000 കോടിയുടെ കടപ്പത്രങ്ങള്‍ തിരികെ വാങ്ങുന്നു; അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം, കാരണം ഇതാണ്
Published on

കേന്ദ്ര സർക്കാർ  40,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ (ഗവണ്‍മെന്റ് സെക്യൂരിറ്റീസ്) കാലാവധിയെത്തും മുന്‍പ് തിരികെ വാങ്ങാനൊരുങ്ങുന്നു (Buybak). 2024ല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന 6.18 ശതമാനം, 9.15 ശതമാനം എന്നിങ്ങനെ പലിശ വാഗ്ദാനം ചെയ്യുന്ന കടപത്രങ്ങള്‍, 2025ല്‍ കാലാവധി പൂര്‍ത്തിയാകുന്ന 6.89 ശതമാനം പലിശ നല്‍കുന്ന കടപ്പത്രം എന്നിവയാണ് തിരിച്ചു വാങ്ങുന്നതെന്ന് ആര്‍.ബി.ഐ അറിയിച്ചു. 2018ന് ശേഷം ആദ്യമായാണ് ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുന്നത്. വിപണിയില്‍ പണലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷനായ ഇ-കുബേര്‍ വഴി മേയ് ഒമ്പതിന് രാവിലെ 10.30 മുതല്‍ 11.30 വരെയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്. അതേ ദിവസം തന്നെ ലേലത്തിന്റെ ഫലം അറിയാം. സെറ്റില്‍മെന്റ് നടക്കുക മേയ് 10നായിരിക്കും.

ഹ്രസ്വകാല സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം കുറയ്ക്കാനിടയാക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ ഈ അപ്രതീക്ഷിത നീക്കം. ബൈബാക്കിനായി തിരഞ്ഞെടുത്ത മൂന്ന് കടപ്പത്രങ്ങളും ആറ് മുതല്‍ ഒമ്പത് മാസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്നവയാണ്. രാജ്യത്തിൻറെ പൊതു കടത്തെ  മാനദണ്ഡമാക്കിയാണ് കോര്‍പ്പറേറ്റ് ബോണ്ടുകളുടെ വില നിര്‍ണയിക്കുന്നതെന്നതിനാല്‍ സര്‍ക്കാര്‍ ബോണ്ട് വരുമാനത്തിലെ ഇടിവ് കമ്പനികള്‍ക്ക് വായ്പയെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നു. കോര്‍പ്പറേറ്റ് വായ്പയുടെ ഭൂരിഭാഗവും ഹ്രസ്വകാല കടപത്രങ്ങളിലൂടെയാണ്.

എന്താണ് ബൈബാക്ക്

കടപത്രങ്ങളുടെ കാലാവധി എത്തുന്നതിനു മുമ്പ് നിലവിലുള്ള കടത്തിന്റെ ഒരു ഭാഗം തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ നടത്തുന്നതാണ് ബൈബാക്ക്. ബാങ്കുകളാണ് ഇത്തരം ബോണ്ടുകള്‍ ഭൂരിഭാഗവും വാങ്ങിയിരിക്കുന്നതെന്നതിനാല്‍ ബൈബാക്ക് വഴി ബാങ്കുകള്‍ക്ക് പണലഭ്യത നേടാനാകും.

മേയ് രണ്ട് വരെയുള്ള കണക്കനുസരിച്ച് ബാങ്കുകളുടെ കമ്മി 78,481.39 കോടി രൂപയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ റിസര്‍വ് ബാങ്ക് സര്‍ക്കാരിനോട് ബൈബാക്ക് നടത്താനോ ഗവണ്മെന്റ് സെക്യൂരിറ്റീസിൽ നിന്ന് പിന്മാറാനോ ഉപദേശിക്കാറുണ്ട്. കടമെടുക്കല്‍ ചെലവിനെ ബാധിക്കാതിരിക്കാനാണ് റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത നീക്കമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

സമ്പദ്‌രംഗത്ത് പണ ലഭ്യത കുറയുന്ന അവസരങ്ങളിലാണ് റിസര്‍വ് ബാങ്ക് ബൈബാക്ക് നടത്തുന്നത്. പണ ലഭ്യത ഉയരുമ്പോള്‍ സ്വാഭാവികമായും പലിശ നിരക്കുകള്‍ കുറയും. മാത്രമല്ല കൂടുതല്‍ പണം വിപണിയില്‍ ലഭ്യമാകുമ്പോള്‍ വായ്പകള്‍ക്കുള്ള ആവശ്യം ഉയരുകയും അതുവഴി വായ്പാ ചെലവ് കുറയുകയും ചെയ്യും. കുറഞ്ഞ പലിശനിരക്ക് കൂടുതല്‍ നിക്ഷേപ നടത്താനും ഉപഭോഗം വര്‍ധിപ്പിക്കാനും അതു വഴി സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com