

ഗ്രാഫീനും മറ്റ് ദ്വിമാന (2D) വസ്തുക്കളും കേന്ദ്രീകരിച്ച അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ‘ഗ്രാഫിൻ 2026’ കൊച്ചി ലെ മെറിഡിയൻ കൺവൻഷൻ സെൻ്ററിൽ ആരംഭിച്ചു. ഗ്രാഫീൻ ഗവേഷണത്തിന് നോബൽ സമ്മാനം നേടിയ പ്രൊഫ. കോസ്റ്റ്യ നോവോസെലോവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇപ്പോൾ ഗ്രാഫീനും മറ്റ് ദ്വിമാന വസ്തുക്കളും വ്യവസായ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യതകൾ തുറക്കുകയാണെന്ന് നോവോസെലോവ് പറഞ്ഞു.
കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ അഡീഷണൽ സെക്രട്ടറി അമിതേഷ് കുമാർ സിന്ഹ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യ സെമികണ്ടക്ടർ മിഷൻ പദ്ധതിയുടെ ഭാഗമായി ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള പത്ത് നിർമാണ പദ്ധതികൾക്ക് ഇതിനകം അംഗീകാരം നൽകിയതായി അദ്ദേഹം പറഞ്ഞു. ഭാവിയിലെ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയുടെ അടിത്തറയാണ് അഡ്വാൻസ്ഡ് മെറ്റീരിയൽ ഗവേഷണമെന്ന് സി-മെറ്റ് ഡയറക്ടർ ജനറൽ ഡോ.ആർ. രതീഷ് പറഞ്ഞു. ഊർജസംഭരണം, ഇലക്ട്രോണിക്സ്, സെൻസറുകൾ, ബയോമെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഗ്രാഫീനും മറ്റ് ദ്വിമാന വസ്തുക്കളും നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് ഗ്രൂപ്പ് കോർഡിനേറ്റർ സുനിത വർമ, ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ടെക് പോളിസി മേധാവി ഹാരി ഫിഷര്‍, സി-മെറ്റ് (തൃശൂർ) സെൻസേഴ്‌സ് ആൻഡ് എനർജി മെറ്റീരിയൽസ് ഗ്രൂപ്പ് ഹെഡ് ഡോ. എ. സീമ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
ഒരു ആറ്റം മാത്രം കട്ടിയുള്ള കാർബൺ പാളിയാണ് ഗ്രാഫീൻ. വൈദ്യുതി, ചൂട്, കാഠിന്യം തുടങ്ങിയ ഗുണങ്ങളിൽ അതിവിശേഷതയുള്ള ഈ വസ്തു അടുത്ത തലമുറ സാങ്കേതികവിദ്യകൾക്ക് ഏറ്റവും വലിയ സാധ്യതയുള്ളതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
നാലുദിവസം നീളുന്ന സമ്മേളനത്തിൽ സാങ്കേതിക സെഷനുകൾ, പ്രഭാഷണങ്ങൾ, വ്യവസായ ചർച്ചകൾ എന്നിവ നടക്കും.
Read DhanamOnline in English
Subscribe to Dhanam Magazine