

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം നീളുന്നത് കേരളത്തിന്റെ മെഡിക്കല്‍ ടൂറിസം മേഖലയ്ക്ക് സമ്മാനിക്കുന്നത് ആശങ്കയുടെ ദിനങ്ങള്‍. ബഹുരാഷ്ട്ര വമ്പന്മാര്‍ ഉള്‍പ്പെടെ കേരളത്തിലെ മെഡിക്കല്‍ രംഗത്ത് വലിയ തോതില്‍ നിക്ഷേപം നടത്തിയിരിക്കുന്നത് സംസ്ഥാനത്തുള്ള രോഗികളെ മാത്രം ഉദ്ദേശിച്ചല്ല. മെഡിക്കല്‍ ടൂറിസത്തില്‍ സംസ്ഥാനത്തിനുള്ള അനുകൂല സാഹചര്യം മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചികിത്സയ്ക്കും ആയുര്‍വേദ വെല്‍നസ് പാക്കേജുകള്‍ക്കുമായി കേരളത്തിലെത്തുന്ന വിദേശ രോഗികളുടെ എണ്ണം വളരെ ഉയര്‍ന്നതാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കാള്‍ കുറഞ്ഞ ചെലവില്‍ ചികിത്സ നടത്താമെന്നതാണ് പലരെയും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. വിദേശീയരുടെ വരവിനെ താല്ക്കാലികമായെങ്കിലും യുദ്ധം ബാധിച്ചിട്ടുണ്ട്. സംഘര്‍ഷം നീണ്ടുനിന്നാല്‍ കോടികളുടെ നഷ്ടമാകും സംഭവിക്കുക.
കോവിഡിന് ശേഷം കേരളത്തിന്റെ ടൂറിസം രംഗം ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും, ആഗോള സംഘര്‍ഷങ്ങള്‍ വിദേശ സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നുണ്ട്. 2025ല്‍ 8.21 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. 2024നെ അപേക്ഷിച്ച് 11.3 ശതമാനം വളര്‍ച്ച. ഇതില്‍ ഒരുപങ്ക് മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട പാക്കേജുകളില്‍ കേരളത്തിലെത്തിയവരാണ്.
കേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന്റെ പ്രധാന ജീവനാഡി ഗള്‍ഫ് രാജ്യങ്ങളുമായുള്ള ദീര്‍ഘകാല ബന്ധമാണ്. കഴിഞ്ഞ വര്‍ഷം നടന്ന കേരള ഹെല്‍ത്ത് ടൂറിസം ആന്‍ഡ് ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് പ്രതിമാസം ശരാശരി 1,500 രോഗികള്‍ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നുണ്ട്. ഇതില്‍ വലിയൊരു പങ്കും കേരളത്തിലേക്കാണ് വരുന്നത്. കേരളത്തിലേക്കുള്ള കണക്ടിവിറ്റിയും ടൂറിസം സാധ്യതകളും ചികിത്സാരംഗത്തെ പുരോഗതിയുമാണ് രോഗികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ, ഓര്‍ത്തോപീഡിക്‌സ്, വൃക്കമാറ്റ ശസ്ത്രക്രിയ എന്നിവയ്ക്കാണ് ഗള്‍ഫ് സ്വദേശികള്‍ പ്രധാനമായും എത്തുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടതോടെ കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ പലതും വെട്ടിക്കുറച്ചു. ടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. ഗള്‍ഫ് രോഗികളുടെ വരവ് കുറയുന്നത് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ മാത്രമല്ല ആയുര്‍വേദ റിസോര്‍ട്ടുകള്‍ക്കും വെല്‍നസ് സെന്ററുകള്‍ക്കും ബിസിനസ് കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.
കേരളത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ സാധാരണയായി കുടുംബസമേതമാണ് വരിക. ചികിത്സയ്‌ക്കൊപ്പം കേരളത്തിന്റെ ഭംഗി ആസ്വദിക്കുകയെന്ന ചിന്തയുമാണ് അവരെ ഇത്തരത്തില്‍ കൂട്ടത്തോടെ വരാന്‍ പ്രേരിപ്പിക്കുന്നത്. ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതോടെ ചികിത്സയ്ക്കായി കുടുംബത്തോടെ വരുന്നവര്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാകും. മേയ്, ജൂണ്‍ മാസങ്ങളിലെ മുന്‍കൂര്‍ ബുക്കിംഗുകളില്‍ വലിയതോതില്‍ റദ്ദാക്കലുകള്‍ ഉണ്ടായതായി ആശുപത്രികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയുടെ മെഡിക്കല്‍ ടൂറിസം വിപണി 2025ല്‍ 8.7 ബില്യണ്‍ ഡോളറായിരുന്നു. ഇത് 2030-ഓടെ 16 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം ഗള്‍ഫ് വരുമാനത്തില്‍ താല്ക്കാലിക ഇടിവുണ്ടാക്കിയേക്കാം. എന്നാല്‍ ഗള്‍ഫിനെ മാത്രം ആശ്രയിക്കാതെ യൂറോപ്പ്, അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളെയും വെല്‍നസ് സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ ഈ പ്രതിസന്ധിയെ കേരളത്തിന് വലിയൊരു അവസരമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine