
ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ സംസ്ഥാനത്തിന് അവസരങ്ങള്‍ ഏറെയെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്.
രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 1.5 ശതമാനം മാത്രമാണ് കേരളത്തിന്റേത്. മൊത്തം ജനസംഖ്യയുടെ 2.8 ശതമാനവും. എന്നാല്‍ ഈ കൊച്ചു സംസ്ഥാനമാണ് മെഡിക്കല്‍ ടെക്‌നോളജി മേഖലയുടെ മൊത്തം വരുമാനത്തിന്റെ 24 ശതമാനവും സംഭാവന ചെയ്യുന്നത്.
കേരളത്തെ സംബന്ധിച്ച് ഇനിയും ഈ രംഗത്ത് അവസരങ്ങളേറെയാണ്. അടുത്തിടെ കേരളം നടത്തിയ നിക്ഷേപ സംഗമമായ ഇന്‍വെസ്റ്റ് കേരളയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്. മൊത്തം 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് ഇന്‍വെസ്റ്റ് കേരളയില്‍ ഉയര്‍ന്നു വന്നത്. ഇതിൽ 80,000 കോടിയുടെ താൽപര്യ പത്രങ്ങളെങ്കിലും യാഥാർഥ്യമാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
കൊച്ചി ലെ മെറിഡിയൻ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപ വാഗാദാനങ്ങള്‍ കടലാസില്‍ ഒതുങ്ങാതിരിക്കാന്‍ സുസജ്ജമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഏഴ് വിവിധ കമ്മിറ്റികള്‍ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ആഴ്ചതോറും പ്രവര്‍ത്തന പുരോഗതി വിലയിരുത്താനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് തലം മുതല്‍ നിരവധി മാറ്റങ്ങളും നിക്ഷേപ സംഗമത്തിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹെൽത്ത്കെയർ രംഗത്ത് സംസ്ഥാനത്തും ദേശീയ തലത്തിലും പ്രശസ്തരായ പ്രഭാഷകരുടെ നിരകൊണ്ട് ശ്രദ്ധേയമാണ് ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2025.
Read DhanamOnline in English
Subscribe to Dhanam Magazine