'ഹെല്‍ത്തി ഏജിംഗ്' രാജ്യാന്തര സമ്മേളനം ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അവരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്രമായ പരിഹാരങ്ങളും അനിവാര്യമായിരിക്കുന്ന ഈ കാല ഘട്ടത്തില്‍ പ്രഥമ രാജ്യാന്തര 'ഹെല്‍ത്തി ഏജിംഗ്' സമ്മേളനത്തിന് കൊച്ചി ആതിഥ്യം വഹിക്കുന്നു. ഏപ്രില്‍ 21 മുതല്‍ 23 വരെ തൃക്കാക്കര ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് സമ്മേളനം.

വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബഹനാന്‍ എം.പി അധ്യക്ഷത വഹിക്കും. ഏജിംഗ്, ജെറിയാട്രിക്സ്, റിട്ടയര്‍മെന്റ് ലിവിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെയും സഹകരണത്തോടെ കൊച്ചിയിലെ ബ്ലെസ് റിട്ടയര്‍ ലിവിംഗ് ആണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

വാര്‍ധക്യം സന്തോഷകരമാക്കാന്‍
ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവരുന്നതുകൊണ്ട് ലോകമെമ്പാടും പ്രായമായവരുടെ ജനസംഖ്യ ഉയരുകയാണ്. മുതിര്‍ന്ന പൗരന്മാരുടെ ജീവിതം എങ്ങനെ ഫലപ്രദവും ആരോഗ്യകരവും സന്തോഷകരവുമാക്കാം എന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍, മാതൃകകള്‍, ആശയങ്ങള്‍ തുടങ്ങിയവയെല്ലാം സമ്മേളനം ചര്‍ച്ച ചെയ്യും. സമ്മേളനത്തില്‍ 15 സെഷനുകള്‍ ഉണ്ടായിരിക്കും.

വിപുലമായ മേഖലകള്‍

വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന എക്സിബിഷന്‍, ഈ രംഗത്ത് അവസരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കുള്ള കണ്‍സള്‍ട്ടേഷന്‍, ശ്രദ്ധേയ മാതൃകകള്‍ നേരിട്ടു കാണാന്‍ അവസരം നല്‍കുന്ന സൈറ്റ് വിസിറ്റുകള്‍ എന്നിവയെല്ലാം ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ജെറിയാട്രിക്, ഏജിംഗ്, റിട്ടയര്‍മെന്റ് ലിവിംഗ് രംഗത്തെ ആഗോള പ്രമുഖര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, ഉല്‍പ്പന്ന നിര്‍മാതാക്കള്‍, ആരോഗ്യ സേവന ദാതാക്കള്‍, നയ രൂപീകരണ വിദഗ്ധര്‍, എന്‍.ജി.ഒകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, തൊഴില്‍ ദായകര്‍, അക്കാദമിക് രംഗത്തുള്ളവര്‍, ധനകാര്യ സേവന ദാതാക്കള്‍, അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ബ്ലെസ് റിട്ടയര്‍മെന്റ് ലിവിംഗ് ചെയര്‍മാന്‍ ബാബു ജോസഫും മാനേജിംഗ് ഡയറക്റ്റര്‍ ജിജോ ആന്റണിയും അറിയിച്ചു.
അവസരങ്ങളുടെ ലോകം
അടുത്ത 10 വര്‍ഷത്തില്‍ ആയിരത്തിലധികം റിട്ടയര്‍മെന്റ് ലിവിംഗ് സൗകര്യങ്ങളുടെ ആവശ്യകത കേരളത്തിലുണ്ടാകുമെന്നാണ് അനുമാനം. റിട്ടയര്‍മെന്റ് ലിവിംഗ് ഹോമുകള്‍, ഉല്‍പ്പന്ന നിര്‍മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍, കണ്‍സള്‍ട്ടന്‍സി, വിദേശ തൊഴില്‍ ഏജന്‍സികള്‍, ജെറിയാട്രിക് കെയര്‍, നഴ്സിംഗ് ഹോം, ഫുഡ് സപ്ലിമെന്റുകള്‍ എന്നിവയെല്ലാം ഈ അവസരങ്ങളില്‍ ഉള്‍പ്പെടുന്നു.
''ആഗോള തലത്തില്‍ 30 ലക്ഷം തൊഴിലവസരങ്ങള്‍ ഈ മേഖല പുതുതായി സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. അത് കേരളത്തിന് വന്‍ തോതില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്. പുതിയ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വര്‍ധിക്കുന്ന ആവശ്യകത നവ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാധ്യതകള്‍ തുറക്കും. സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജെറിയാട്രിക്സ് സ്വാധീനം ചെലുത്തും. ആശുപത്രികളില്‍ ജെറിയാട്രിക് സ്പെഷ്യലൈസേഷന്‍ അനിവാര്യമായി മാറും,'' സംഘാടകര്‍ പറയുന്നു.
സമ്മേളനത്തിലെ കേരളത്തിന്റെ ജെറിയാട്രിക് പോളിസി സംബന്ധിച്ച പ്രത്യേക സെഷന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. മുന്‍ ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്, സാമൂഹ്യനീതി വകുപ്പ് ഡയറക്റ്റര്‍ എ. അഞ്ജന ഐ.എ.എസ് എന്നിവര്‍ പങ്കെടുക്കും.
പി.വി ശ്രീനിജിന്‍ എം.എല്‍.എ, ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രതിനിധി കെ.വി തോമസ്, ഹൈബി ഈഡന്‍ എം.പി, ഉമ തോമസ് എം.എല്‍.എ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിക്കും. ഈ രംഗത്തെ രാജ്യാന്തരതലത്തിലെ പ്രമുഖ പ്രഭാഷകരും വിവിധ സെഷനുകളില്‍ സംബന്ധിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it