Begin typing your search above and press return to search.
പച്ചക്കറികളില്‍ ലോഹത്തിന്റെ അംശം അനുവദനീയമായതില്‍ കൂടുതല്‍: റിപ്പോര്‍ട്ട്
മലിനജലം ഉപയോഗിച്ച് വളര്‍ത്തിയ പച്ചക്കറികളില്‍ വ്യാപകമായി ലോഹത്തിന്റെ അംശം കണ്ടെത്തിയതായി റിസര്‍ച്ച് റിപ്പോര്‍ട്ട്. എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് ആന്‍ഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (EMPRI) നിന്നുള്ള ഗവേഷകര്‍ 10 പച്ചക്കറികളുടെ 400 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (FOA) അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ലോഹത്തിന്റെ അംശം കണ്ടെത്തി.
ബംഗളൂരു അര്‍ബന്‍, കോലാര്‍, ചിക്കബല്ലപൂര്‍, രാമനഗര, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അധിവസിക്കുന്ന ബംഗളൂരുവില്‍ പച്ചക്കറികളെത്തുന്നത്. ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് സൊസൈറ്റി (ഹോപ്‌കോം) വഴി മാത്രം 70 ടണ്‍ പച്ചക്കറികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതുകൂടാതെ സ്വകാര്യ ഷോപ്പുകള്‍, ഉന്തുവണ്ടികള്‍ തുടങ്ങി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ പച്ചക്കറികള്‍ വിതരണം ചെയ്യുന്നുണ്ട്.
ഇരുമ്പ്, കാഡ്മിയം, ഈയം
വിവിധ വിതരണ കേന്ദ്രങ്ങളില്‍ നിന്നുള്ള വഴുതനങ്ങ, തക്കാളി, ക്യാപ്‌സിക്കം, ബീന്‍സ്, കാരറ്റ്, പച്ചമുളക്, സവാള, ഉരുളക്കിഴങ്ങ്, ചീര, മല്ലി എന്നിവയാണ് പരിശോധന നടത്തിയത്. ഒരു കിലോ ബീന്‍സില്‍ പരമാവധി അനുവദനീയമായത് 425.5 മില്ലിഗ്രാം ഇരുമ്പാണെങ്കില്‍ ഓര്‍ഗാനിക് ഷോപ്പില്‍ നിന്ന് പരിശോധനയ്‌ക്കെടുത്ത ബീന്‍സില്‍ ഇരുമ്പിന്റെ അളവ് 810.20 മില്ലിഗ്രാമാണ്. മല്ലിയില്‍ 945.70 മില്ലിഗ്രാം, ചീരയില്‍ 554.58 മില്ലിഗ്രാം എന്നിങ്ങനെ ഇരുമ്പിന്റെ അംശം കണ്ടെത്തി. ഹോപ്‌കോംസില്‍ നിന്ന് പരിശോധനയ്‌ക്കെടുത്ത സവാളയില്‍ 592.18 മില്ലിഗ്രാമാണ് ഇരുമ്പിന്റെ അംശം.
എഫ്.എ.ഒയുടെ കണക്ക് പ്രകാരം ഒരു കിലോഗ്രാം പച്ചക്കറിയില്‍ പരമാവധി അനുവദനീയമായ കാഡ്മിയത്തിന്റെ അളവ് 0.2 മില്ലിഗ്രാമാണ്. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പരിശോധനയ്‌ക്കെടുത്ത വഴുതനങ്ങയില്‍ 52.30 മില്ലിഗ്രാം കാഡ്മിയമാണ് കണ്ടെത്തിയത്. മല്ലിയില്‍ 53.30 മില്ലിഗ്രാം, ചീരയില്‍ 53.50 മില്ലിഗ്രാം, കാരറ്റില്‍ 54.60 മില്ലിഗ്രാം എന്നിങ്ങനെയും കണ്ടെത്തി. കരളിലും ശ്വാസകോശത്തിലും വിഷാംശം ഉണ്ടാക്കുകയും പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്ന അപകടകരമായ മൂലകമാണ് കാഡ്മിയം.
പൂര്‍ണമായി വിഷാംശമായി കണക്കാക്കുന്ന ഈയത്തിന്റെ അളവ് മിക്ക പച്ചക്കറികളിലും അനുവദനീയമായതിനേക്കാള്‍ വളരെയധികം കൂടുതലാണ്. ദിവസവും പച്ചക്കറികള്‍ കഴിക്കുന്ന വ്യക്തികളുടെ ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കുന്നതാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍. നിക്കലിന്റെ അംശവും മിക്ക പച്ചക്കറികളും അനുവദനീയമായതിനേക്കാള്‍ വളരെ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.
വില്ലന്‍ മലിനജലം
മറ്റ് ആവശ്യങ്ങള്‍ക്ക് ശേഷം മലിനമായി പോകുന്ന ജലം പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്നതാണ് ലോഹാംശം കൂടാന്‍ ഇടയാക്കുന്നത്. മലിനജലം ഉപയോഗിച്ചുള്ള കൃഷി പരമാവധി കുറയ്ക്കണമെന്ന് കര്‍ഷകരോട് നിര്‍ദേശം നല്‍കുകയാണ് ഇത് പ്രതിരോധിക്കാനുള്ള മാര്‍ഗമെന്ന് ഗവേഷകര്‍ പറയുന്നു. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് ഇലക്കറികളിലാണ് കൂടുതല്‍ ലോഹാംശം കണ്ടെത്തുന്നത്.
എന്തായാലും ഈ പ്രശ്‌നം പരിഹരിക്കാന്‍ വലിയ പഠനം ആവശ്യമുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.
Next Story
Videos