

അന്താരാഷ്ട്ര പെപ്പര്‍ കമ്യൂണിറ്റി (ഐ.പി.സി)യുടെ 2024ലെ മികച്ച നൂതന കുരുമുളക് ഉത്പന്ന നിര്‍മാതാവ് പുരസ്‌ക്കാരം (ബെസ്റ്റ് ഇന്നൊവേറ്റീവ് പെപ്പര്‍ പ്രോഡക്ട്സ് മാനുഫാക്ചറര്‍) സ്വന്തമാക്കി കേരള കമ്പനി. സിന്തൈറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള ഹെര്‍ബല്‍ ഐസോലേറ്റ്‌സാണ് അഭിമാന നേട്ടത്തിലെത്തിയത്. ആഗോളതലത്തിലെ വിവിധ കുരുമുളക് ഉല്‍പ്പന്ന നിര്‍മാതാക്കളില്‍ നിന്നാണ് ഹെര്‍ബല്‍ ഐസൊലേറ്റ്സ് ഈ സുപ്രധാന അംഗീകാരം നേടിയത്.
കൊച്ചി ലെ മെറിഡിയനില്‍ കഴിഞ്ഞ ദിവസം നടന്ന ഐ.പി.സിയുടെ 53ാമത് വാര്‍ഷിക സമ്മേളന, അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന പ്രദര്‍ശന വേദിയില്‍ പുരസ്‌ക്കാരം സമ്മാനിച്ചു. പച്ചക്കുരുമുളകില്‍ നിന്ന് നൂതനമായ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചതിനും ആഗോള കുരുമുളക് വ്യവസായത്തില്‍ പുതിയ നിലവാരം സ്ഥാപിച്ചതിനുമാണ് പുരസ്‌ക്കാരം.
സുസ്ഥിരമായ രീതികളിലൂടെ ഇന്ത്യന്‍ കുരുമുളകിനെ ആഗോളതലത്തില്‍ മൂല്യമുള്ള ഉത്പന്നങ്ങളാക്കി മാറ്റാന്‍ നാല് പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ മുന്‍നിരയിലുണ്ടെന്ന് ഹെര്‍ബല്‍ ഐസോലേറ്റ് മാനേജിങ് ഡയറക്ടര്‍ ജേക്കബ് നൈനാന്‍ പ്രതികരിച്ചു. ഓരോ ഉത്പന്നങ്ങളുടെയും മികവ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന കര്‍ഷകരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ടീമിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പുരസ്‌ക്കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ഡീഹൈഡ്രേറ്റഡ് ഗ്രീന്‍ പെപ്പര്‍ വിപണിയില്‍ 60-70 ശതമാനം വിഹിതമുള്ള കമ്പനിയാണ് ഹെര്‍ബര്‍ ഐസോലേറ്റ്‌സെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സേവറോണ്‍ (SavourOn) എന്ന പുതിയ ഉപബ്രാന്‍ഡിന് കീഴില്‍ ഹൈഡ്രോലൈസ്ഡ് വെജിറ്റബിള്‍ പ്രോട്ടീന്‍ (HVP), ചീസ് പൗഡര്‍, വിനഗര്‍ പൗഡര്‍, യീസ്റ്റ് എസ്ട്രാക്ട് തുടങ്ങിയ ഉത്പന്നങ്ങളും കമ്പനി ആഗോള വിപണിയിലെത്തിക്കുന്നുണ്ട്. ഗവേഷണത്തിലൂടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍, സുസ്ഥിരതാ പദ്ധതികള്‍, കര്‍ഷക പങ്കാളിത്തം തുടങ്ങിയവയില്‍ തുടര്‍ച്ചയായി നടത്തുന്ന നിക്ഷേപങ്ങളാണ് കമ്പനിയ്ക്ക് ആഗോള സുഗന്ധദ്രവ്യ- മസാല വ്യവസായത്തിന് ശക്തിയും നേട്ടവും നല്‍കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine