കൊച്ചിയില്‍ ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ ആദ്യ ഹോട്ടല്‍ വരുന്നു

ഇന്ദ്രപ്രസ്ഥ ഗ്രൂപ്പുമായി ചേര്‍ന്ന് മരടില്‍ നിര്‍മിക്കുന്ന ഹോട്ടലിന് 171 മുറികള്‍
double tree by hilton
Representational image credit : stories.hilton.com
Published on

അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഹില്‍ട്ടണ്‍ ഗ്രൂപ്പ് സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചിയില്‍ ഹോട്ടല്‍ തുടങ്ങുന്നു. ഡബിള്‍ ട്രീ ബ്രാന്‍ഡിന് കീഴിലാണ് ഹോട്ടല്‍ ആരംഭിക്കുന്നത്. ഇന്ദ്രപ്രസ്ഥ ഗ്രൂപ്പുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ഹോട്ടല്‍ 2029ല്‍ തുറക്കാനാണ് പദ്ധതി. കേരളത്തിലെ ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ രണ്ടാമത്തെ ഹോട്ടലാണിത്. തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ ആണ് ആദ്യത്തേത്. മലയാളിയായ കെ.പി ഇന്ദ്രബാലന്‍ നയിക്കുന്ന ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ ഗ്രൂപ്പിന് കീഴില്‍ നിരവധി ഹോട്ടലുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ദേശീയപാത 47നോട് ചേര്‍ന്ന് മരടിലാണ് 171 മുറികളുള്ള ഹോട്ടല്‍ നിര്‍മിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റ്, റൂഫ് ടോപ്പ് റെസ്റ്റോറന്റ്, ലോബി ലോഞ്ച് എന്നിവ സഞ്ചാരികളെ കാത്തിരിക്കും. കോര്‍പ്പറേറ്റ് സമ്മേളനങ്ങള്‍ക്കും മറ്റ് യോഗങ്ങള്‍ക്കുമായി 9,000 ചതുരശ്ര അടിയില്‍ ഇന്‍ഡോര്‍ - ഔട്ട്‌ഡോര്‍ സംവിധാനങ്ങളും സജ്ജീകരിക്കും. കൂടാതെ ഔട്ട്‌ഡോര്‍ പൂള്‍, ഫിറ്റ്‌നെസ് സെന്റര്‍, സ്പാ, എക്‌സിക്യൂട്ടീവ് ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. നിലവില്‍ 25 ഹോട്ടലുകളാണ് ഹില്‍ട്ടണ്‍ ഗ്രൂപ്പിന് കീഴില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. 24 ഹോട്ടലുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. വരും വര്‍ഷങ്ങളില്‍ രാജ്യത്ത് 75 ഹോട്ടലുകള്‍ നിര്‍മിക്കാനാണ് ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ പദ്ധതി.

ഹില്‍ട്ടണ്‍-ഇന്ദ്രപ്രസ്ഥ കൂട്ടുകെട്ട്‌

ഇന്ദ്രപ്രസ്ഥ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ തലവനും സീനിയര്‍ വൈസ് പ്രസിഡന്റുമായ സുബിന്‍ സക്‌സേന പറഞ്ഞു. സംസ്ഥാനത്തിന്റെ ഹോസ്പിലാറ്റി മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇരുകമ്പനികളുടെയും സഹകരണത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ ആദ്യ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടല്‍ തുറക്കുന്നത് നഗരത്തിന്റെ ഹോസ്പിറ്റാലിറ്റി മേഖലയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും മികച്ച സുഖസൗകര്യങ്ങളോടെയുള്ള താമസം ആഗ്രഹിക്കുന്ന യാത്രികര്‍ക്ക് അതിനുള്ള അവസരമൊരുക്കുകയും ചെയ്യുമെന്നും ഇന്ദ്രപ്രസ്ഥ ഹോട്ടല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ.പി ഇന്ദ്രബാലനും പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com