ബിസിനസില്‍ നിന്ന് ലാഭം എടുക്കേണ്ടത് എങ്ങനെ, എപ്പോള്‍?

ഒരു ബിസിനസ് സംരംഭത്തില്‍ നിന്ന് ഉടമയ്ക്ക് എപ്പോള്‍, എങ്ങനെയെല്ലാം ലാഭം എടുക്കാം? ഈ ചോദ്യത്തിന് പ്രായോഗികമായ ഉത്തരം നല്‍കുകയാണ് ബിസിനസ് രംഗത്തെ പ്രമുഖര്‍. കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ബിസിനസ് സമിറ്റിലെ പാനല്‍ ചര്‍ച്ചയിലെ ചോദ്യോത്തര സെഷനിലാണ് ലാഭമെടുപ്പിന്റെ വിവിധ വശങ്ങളെ കുറിച്ച് ചര്‍ച്ച നടന്നത്.

എക്കണോമിക്സ് പ്രൊഫസറും സാമ്പത്തിക കാര്യ ലേഖികയുമായ ഡോക്ടര്‍ കൊച്ചു റാണിയാണ് ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഒരു ബിസിനസില്‍ നിന്നും പല രീതിയില്‍ ലാഭം എടുക്കാന്‍ ആകുമെന്ന് ബിസിനസ് പ്രമുഖര്‍ അഭിപ്രായപ്പെട്ടു. പ്രതിമാസം ശമ്പളം എന്ന രീതിയില്‍ ലാഭം എടുക്കാവുന്നതാണ്. ബിസിനസിനെ ബാധിക്കാത്ത രീതിയില്‍ എല്ലാ മാസവും ലാഭം എടുക്കാം. എന്നാല്‍ ആവശ്യത്തിനുള്ള പണം മാത്രമാണ് എടുക്കേണ്ടത്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസില്‍ നിന്ന് ആഡംബര ആവശ്യങ്ങള്‍ക്കായി പണം എടുക്കരുത്.
വളരുന്ന ബിസിനസില്‍ നിന്ന് പലപ്പോഴും ലാഭം എടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. റീ ഇന്‍വെസ്റ്റ്മെന്റ് വളരെ പ്രധാനമാണ്. ഇതിനുള്ള പണമെടുത്ത് മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവിട്ടാല്‍ കമ്പനി പ്രതിസന്ധിയിലാകും. കുറഞ്ഞ മുതല്‍ മുടക്കുമായി ബിസിനസ് നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത ഉണ്ടാവണം. ബിസിനസിന്റെ തുടക്കകാലത്ത് പാളിച്ചകള്‍ ഉണ്ടാകാം. എന്നാല്‍ ഒരു രീതിയിലുള്ള പാളിച്ചകള്‍ ആവര്‍ത്തിക്കാതെ നോക്കണമെന്നും ബിസിനസ് സാരഥികള്‍ പറഞ്ഞു. ടി.വി.സി ഫാക്ടറി മാനേജിംഗ് ഡയറക്റ്റര്‍ സിജോയ് വര്‍ഗീസ്, ഹീല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ രാഹുല്‍ മാമ്മന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ മാനേജിംഗ് ഡയറക്റ്റര്‍ ഓര്‍വെല്‍ ലയണല്‍, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ് എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.



Related Articles
Next Story
Videos
Share it