

കേരളത്തിന്റെ സാമ്പത്തിക/വികസന വളർച്ചാ മാതൃകയിൽ വലിയൊരു ചുവടുമാറ്റത്തിന്റെ സൂചനയായി, ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ സംസ്ഥാന ബജറ്റിലെ 'മിഷൻ സമുദ്ര' പ്രഖ്യാപനം. 600 കിലോമീറ്റർ തീരദേശവും, രണ്ട് പ്രധാന തുറമുഖങ്ങളും, 17 നോൺ-മേജർ തുറമുഖങ്ങളും, ഒരു കണ്ടെയ്നർ ട്രാൻഷിപ്മെന്റ് ടെർമിനലും സമന്വയിപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിലെ വൻശക്തിയാക്കി മാറ്റാനുള്ള വിപ്ലവകരമായ ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സംസ്ഥാന ബജറ്റിലെ നിർദേശങ്ങൾ പരിശോധിക്കുമ്പോൾ ഇത് കേവലം തുറമുഖ വികസന പദ്ധതി മാത്രമല്ലെന്ന് കാണാം. കേരളത്തെ ഒരു സമ്പൂർണ 'പോർട്ട് സിറ്റി'യായി വിഭാവനം ചെയ്തുകൊണ്ട്, തുറമുഖങ്ങളെ ചുറ്റിപ്പറ്റിയുള്ള റോഡ്, റെയിൽ, സമുദ്ര, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റികൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന വിപുലമായ മാരിടൈം സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനാണ് യു.ഡി.എഫ് സർക്കാർ ലക്ഷ്യമിടുന്നത്. 400 കോടി രൂപയാണ് മിഷൻ സമുദ്രയ്ക്ക് വേണ്ടി നീക്കിവെച്ചിട്ടുള്ളത്.
വിഴിഞ്ഞത്തെ കേന്ദ്രീകരിച്ച് പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ വികസന പദ്ധതികൾ ശ്രദ്ധേയമാണ്. വിഴിഞ്ഞം ട്രാൻഷിപ്മെന്റ് ടെർമിനലിനെ ബന്ധിപ്പിക്കുന്ന ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവയ്ക്കായുള്ള സ്ഥലം ഏറ്റെടുക്കലും നിർമ്മാണവും വേഗത്തിലാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമ്മാണ മേഖലകൾ, സ്റ്റഫിങ് സെന്ററുകൾ, ട്രേഡ് പോർട്ടുകൾ എന്നിവ ആരംഭിക്കും. ചുരുക്കത്തിൽ വിഴിഞ്ഞത്തിന്റെ സാധ്യതകളെ ട്രാൻഷിപ്മെന്റ് തുറമുഖത്തിൽ മാത്രമായി ചുരുക്കാതെ, ഒരു സമ്പൂർണ മാരിടൈം ഇക്കോസിസ്റ്റമായി വികസിപ്പിക്കാനുള്ള ശ്രമം ബജറ്റിൽ നിന്നും വായിച്ചെടുക്കാം.
അതുപോലെ അന്താരാഷ്ട്ര കപ്പൽ വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറുന്ന അവസരം പ്രയോജനപ്പെടുത്തി ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തുമെന്ന പ്രഖ്യാപനവും ഏറെ പ്രതീക്ഷയുണർത്തുന്നതാണ്. മദർഷിപ്പ് നിർമ്മാണവും അറ്റകുറ്റപ്പണിയും ലക്ഷ്യമിട്ട് ഭൂമി ഏറ്റെടുത്ത് കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിലൂടെ ഉണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരദേശത്തെ സാധാരണക്കാർക്ക് സംവരണം നൽകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
വിഴിഞ്ഞം-കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നീ പ്രധാന 4 നോൺ-മേജർ തുറമുഖങ്ങളുടെ വികസനത്തിനും മറ്റ് 13 ചെറുകിട തുറമുഖങ്ങളുടെ ഭൂമിയും ആസ്തികളും പ്രയോജനപ്പെടുത്തി മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം നിയമ വിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉൾപ്പെടുന്ന പുതിയ 'കേരള മാരിടൈം പോളിസി' രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും വലിയൊരു ചുവടുവെപ്പായി വിലയിരുത്താം. ഘട്ടംഘട്ടമായി ചരക്ക്-യാത്രാ സർവീസുകളെയും ജലാശയങ്ങളെയും ബന്ധിപ്പിച്ച് ഒരു ഏകീകൃത നെറ്റ്‍വർക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇത് വിജയിച്ചാൽ കേരളം ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെയും സമുദ്രവ്യാപാരത്തിന്റെയും ഭൂപടത്തിൽ കൂടുതൽ ശക്തമായ സ്ഥാനം നേടാം.
രാജ്യത്തെ തുറമുഖ അധിഷ്ഠിത വ്യവസായ വികസനത്തിൽ ഗുജറാത്ത് മാതൃക (മുണ്ട്ര, കണ്ഡ്‍ല) സൃഷ്ടിച്ചതുപോലെ കേരളത്തിനും മിഷൻ സമുദ്രയിലൂടെ വലിയൊരു മുന്നേറ്റം സാധ്യമാകുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സംസ്ഥാനത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയര്‍ത്തുന്നതിന് ലക്ഷ്യമിടുന്ന മിഷൻ സമുദ്രയ്ക്കായി 400 കോടി രൂപ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്.
ഇത്രയും വലിയൊരു സമുദ്ര സാമ്പത്തിക ശൃംഖല പൂർണമാക്കുന്നതിനായി കൂടുതൽ തുക ഭാവിയിലും വേണ്ടിവരുമെന്ന് ഉറപ്പാണ്. കേരളം കടുത്ത ധനപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മിഷൻ സമുദ്രയ്ക്കുള്ള തുടർ വിഹിതം മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. സ്വകാര്യ സംരംഭകരുടെ പങ്കാളിത്തവും കേന്ദ്രസർക്കാരിന്റെ പിന്തുണയും ഈ പദ്ധതിയുടെ വിജയത്തെ നിർണയിക്കും.
കൂടാതെ വിഴിഞ്ഞം ഭൂഗർഭ റെയിൽ പദ്ധതിയുടെ നിർമ്മാണ വെല്ലുവിളികൾ, പോർട്ട് സിറ്റി പദ്ധതിക്കായി വൻതോതിലുള്ള ഭൂമി ഏറ്റെടുക്കൽ ചെലവുകൾ എന്നിവയ്ക്ക് ഒക്കെ ആവശ്യമായ വൻ നിക്ഷേപം എത്രത്തോളം വേഗത്തിൽ സമാഹരിക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കും ഈ പദ്ധതിയുടെ യഥാർത്ഥ വിജയം. എങ്കിലും ഒരു കാര്യം വ്യക്തമാണ്. മിഷൻ സമുദ്ര, കേരളത്തിന്റെ അടുത്ത അഞ്ച് വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പരീക്ഷണമായി മാറുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine