സ്വര്‍ണവില കുതിക്കുമ്പോള്‍ ചുവട് മാറ്റി ജുവലറികള്‍; ഡയമണ്ടാണ് താരം, വണ്‍ ഗ്രാം സ്വര്‍ണവും

സ്വര്‍ണ വില കുതിച്ചുയരുന്നത് സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഉപഭോക്താവിന്റെ മുന്‍ഗണനകളില്‍ മാറ്റം ഉണ്ടാക്കുന്നുണ്ടോ? അങ്ങനെയാണ് കാണുന്നത്. മാറുന്ന പ്രവണതകള്‍ ജുവലറിക്കാരുടെ സമീപനത്തിലും മാറ്റം അനിവാര്യമാക്കിയിരിക്കുന്നു. അ ഉദാഹരണത്തിന് ഉണ്ണികൃഷ്ണന്റെയും ഭാര്യയുടെയും കാര്യമെടുക്കാം. മരുമകളുടെ വിവാഹത്തിന് സമ്മാനിക്കാന്‍ സര്‍ണ നെക്‌ലേസ് വാങ്ങാനാണ് അവര്‍ ഏതാനും മാസം മുമ്പ് കൊച്ചിയിലെ ജുവലറിയില്‍ പോയത്. അന്ന് സ്വര്‍ണവില പവന് 50,000 രൂപയായിരുന്നു. നല്ലൊരു ആഭരണം വാങ്ങാന്‍ മൂന്നു ലക്ഷം രൂപ വേണം. '' അവിടെയുണ്ടായിരുന്ന ആഭരണങ്ങളെല്ലാം ഭാരം കൂടിയ ഡിസൈനുകളോട് കൂടിയതായിരുന്നു. അത് നവവധുവിന് ഇഷ്ടപ്പെടില്ലെന്ന് തോന്നി. അപ്പോഴാണ് സെയില്‍സ്മാന്‍, സ്വര്‍ണാഭരണത്തിന് പകരം ഡയമണ്ട് നെക്‌ലേസിനെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് ലളിതവും മനോഹരവുമായ ഡയമണ്ട് മാലയാണ് വാങ്ങിയത്. 2.3 ലക്ഷം രൂപയാണ് ഇതിന് നല്‍കിയത്.'' ഉണ്ണികൃഷ്ണന്‍ പറയുന്നു. കയ്യിലുണ്ടായിരുന്ന 1.6 ലക്ഷം രൂപയുടെ പഴയ സ്വര്‍ണവും ബാക്കി പണവും നല്‍കിയാണ് അവര്‍ ഡയമണ്ട് ആഭരണവുമായി മടങ്ങിയത്.

ഡയമണ്ടിന് ഡിമാന്റ് കൂടുന്നു

വിപണിയിലെ മാറ്റങ്ങളോട് ജുവലറികളും പൊരുത്തപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഭാരം കൂടിയ സ്വര്‍ണാഭരണങ്ങളോട് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം കുറയുകയാണ്. വിവാഹചടങ്ങുകള്‍ക്ക് ഉപയോഗിച്ച ശേഷം ഇത്തരം ആഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ വെക്കുകയാണ് ചെയ്യുന്നത്. സാധാരണയായി ഉപയോഗിക്കാന്‍ സ്വര്‍ണത്തിന് പകരം ഡയമണ്ട് നെക്‌ലേസുകളും മോതിരങ്ങളുമാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം.

'' ഭാരം കുറവുള്ള 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 22 കാരറ്റ് സ്വര്‍ണത്തിനുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ 18 കാരറ്റിനുള്ളത്. ചിലവ് കുറയുന്നത് ആളുകളെ ആകര്‍ഷിക്കുന്നു. ഇപ്പോള്‍ നടക്കുന്ന വില്‍പ്പനയില്‍ 60 ശതമാനവും പഴയ സ്വര്‍ണം എക്സ്ചേഞ്ച് ചെയ്തുള്ളതാണ്. '' പ്രമുഖ സ്വര്‍ണവ്യാപാരിയും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റെ അസോസിയേഷന്‍ ട്രഷററുമായ എസ്.അബ്ദുള്‍ നാസര്‍ പറയുന്നു.

ഭാരം കുറഞ്ഞ ആഭരണങ്ങള്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്യാന്‍ മിക്ക ജ്വല്ലറികളും തുടങ്ങിയിരിക്കുന്നു. വില വര്‍ധിക്കുന്നതിനാല്‍ സ്‌റ്റോക്ക് ചെയ്യുന്ന സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ' പത്തു പവന്‍ ഭാരമുള്ള ആഭരണങ്ങള്‍ അതേ ഡിസൈനില്‍ അഞ്ചു പവനില്‍ നിര്‍മിക്കുകയാണ്‌ ഞങ്ങള്‍ ചെയ്യുന്നത്.'' ജോസ് ആലുക്കാസ് ജ്വല്ലറി മാനേജിംഗ് ഡയരക്ടര്‍ ജോണ്‍ ആലുക്ക പറയുന്നു.

ജുവലറികളുടെ വരുമാനം കുറയുന്നില്ല

വിലക്കയറ്റം മൂലം സ്വര്‍ണാഭരണ വില്‍പ്പന 40 ശതമാനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ജുവലറികളുടെ വരുമാനത്തെ ബാധിച്ചിട്ടില്ല. വില്‍ക്കുന്ന സ്വര്‍ണത്തിന്റെ അളവ് കുറവാണെങ്കിലും ഉയര്‍ന്ന വിലകാരണം വരുമാനമുണ്ട്. ഇപ്പോള്‍ ഉപഭോക്താക്കള്‍ ഒരു നിശ്ചിത തുകക്കുള്ള പര്‍ചേസ് നടത്താനാണ് ജ്വല്ലറികളില്‍ എത്തുന്നത്. '' നേരത്തെ അവര്‍ 20 പവന്‍ വാങ്ങാനാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍, 10-15 ലക്ഷം രൂപയുമായി വന്ന് ആ ബഡ്ജറ്റിനുള്ള ആഭരണങ്ങളാണ് ആവശ്യപ്പെടുന്നത്.'' എസ്. അബ്ദുള്‍ നാസര്‍ പറയുന്നു.

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന 25 കാരിയായ അഖിലയുടെ അനുഭവം നോക്കാം. ബന്ധുവിന്റെ വിവാഹത്തിന് ധരിക്കുന്ന നീല സാരിക്ക് മാച്ച് ചെയ്യുന്ന, കല്ലു പതിച്ച നെക്ലേസ് വാങ്ങാനാണ് അഖില ജുവലറിയില്‍ എത്തിയത്. കയ്യില്‍ ചുവപ്പും പച്ചയും കല്ലു പതിച്ച നെക് ലേസുകള്‍ ഉണ്ടെങ്കിലും സാരിക്കിണങ്ങുന്ന നീല കല്ലുള്ളതാണ് ആവശ്യം. സ്വര്‍ണവില കുതിച്ചതിനാല്‍ ഉദ്ദേശിച്ച ഇനം വാങ്ങാനാവുന്നില്ല. പരിഹാരമായി നീലകല്ലുള്ള 24 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണാഭരണത്തിനാണ് അഖില ഓര്‍ഡര്‍ നല്‍കിയത്. 7,000 രൂപക്ക് ഇഷ്ടപ്പെട്ട ആഭരണം കിട്ടി.

ആഭരണങ്ങള്‍ ധരിക്കുമ്പോഴുള്ള സുരക്ഷയേക്കാള്‍ സൗകര്യവും ചേര്‍ച്ചയുമാണ് ജെന്‍ സെഡ് തലമുറ നോക്കുന്നത്. മോഷ്ടിക്കപ്പെടുമെന്ന് ആശങ്കപ്പെടാനില്ലാത്ത തരത്തിലുള്ള ഭാരം കുറഞ്ഞതും വിലകുറഞ്ഞതുമായ ആഭരണങ്ങളാണ് അവര്‍ തെരഞ്ഞെടുക്കുന്നത്.

ഒരു ഗ്രാം ആഭരണം ട്രെന്റാവുന്നു

സില്‍വര്‍ അലോയ്, ചെമ്പ് എന്നിവയില്‍ 22,24 കാരറ്റ് സ്വര്‍ണം പൊതിഞ്ഞുള്ള ഒരു ഗ്രാം സ്വര്‍ണ ആഭരണങ്ങള്‍ക്ക് മധ്യവര്‍ഗത്തിനിടയില്‍ ഡിമാന്റ് കൂടുന്നുണ്ട്. മെയ്ക്കിംഗ് ചാര്‍ജിന് പുറമെ ജി.എസ്.ടി ഉള്‍പ്പടെ 63,000 ഓളം രൂപയാണ് ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വരുന്നത്. ഇതിന്റെ നാലിലൊന്ന് ചിലവില്‍ ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങാം. മാത്രമല്ല, ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് അതില്‍ രൂപമാറ്റവും വരുത്താം.

''പുതിയ തലമുറയിലുള്ളവര്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച ഡിസൈനുകളാണ് വേണ്ടത്. സ്ത്രീകള്‍ കൂടുതലായി ജോലിക്ക് പോകാന്‍ തുടങ്ങിയതോടെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതിലെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കകളും കൂടിയിട്ടുണ്ട്. നാട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ജ്വല്ലറികളില്‍ എത്തി ആഭരണങ്ങള്‍ എടുക്കുന്നുണ്ട്.'' ഒരു ഗ്രാം സ്വര്‍ണാഭരണങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ നല്‍കുന്ന പറക്കാട്ട് ജ്വല്ലറിയുടെ ഡയരക്ടര്‍ പ്രീതി പ്രകാശ് പറയുന്നു.

ഭാരം കൂടിയ സ്വര്‍ണാഭരണങ്ങള്‍ക്കായി ലക്ഷങ്ങള്‍ മുടക്കുന്നതിന് പകരം, 30,000-40,000 രൂപക്ക് മികച്ച ഡിസൈനിലുള്ള ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങാനാകുന്നു. '' വല്ലപ്പോഴും ഉപയോഗിക്കുകയാണെങ്കില്‍ ഒരു ഗ്രാം സ്വര്‍ണം വര്‍ഷങ്ങളോളം നിലനില്‍ക്കും. നിത്യോപയോഗമാണെങ്കില്‍ സൂക്ഷിച്ച് ഉപയോഗിക്കുമ്പോള്‍ ഏതാനും വര്‍ഷം കിട്ടും. ഒരു ഗ്രാം സ്വര്‍ണാഭരണത്തിനും അകര്‍ഷകമായ എക്‌സചേഞ്ച് ഓഫറുകള്‍ നല്‍കുന്നുണ്ട്.'' പ്രീതി പ്രകാശ് പറയുന്നു.

വര്‍ധിക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പന

ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ജോസ് ആലുക്കാസ് ഡിജിഗോള്‍ഡ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്. എം.എം.ടി.സിയുമായി സഹകരിച്ചാണ് പുതിയ സംരംഭം. '' ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സൗകര്യമുണ്ട്. സ്വര്‍ണാഭരങ്ങളുടെ വില്‍പനയില്‍ 20 ശതമാനം സമ്മാനമായി നല്‍കാനുള്ളവയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ജനങ്ങള്‍ക്ക് സ്വര്‍ണത്തില്‍ വലിയ വിശ്വാസമുണ്ട്. അതിന്റെ മൂല്യം താഴേക്ക് പോകില്ലെന്നാണ് വിശ്വാസം' ജോണ്‍ ആലുക്ക പറയുന്നു.

സ്വര്‍ണ വില വരും മാസങ്ങളിലും മുന്നോട്ടു പോകുമെന്നാണ് കണക്ക് കൂട്ടല്‍. തിങ്കളാഴ്ച പവന് 58,400 രൂപയിലെത്തിയ വില വേഗത്തില്‍ 60,000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം നിര്‍ണായകമാണ്. സ്വര്‍ണത്തിന്റെ അന്താരാഷ്ട വില ട്രോയ് ഔണ്‍സിന് 2,730 ഡോളറില്‍ നിന്ന് 2,800 കടക്കുമെന്നാണ് കണക്കു കൂട്ടല്‍. 2020 ല്‍ പവന് 32,000 രൂപയുണ്ടായിരുന്ന സ്വര്‍ണം രണ്ട് വര്‍ഷത്തിന് ശേഷമാണ് 40,000 രൂപയില്‍ എത്തിയത്. രണ്ട് വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ 48,000 രൂപയില്‍ എത്തി. പിന്നീട് ആറ് വര്‍ഷമെടുത്താണ് 56,000 രൂപയില്‍ എത്തിയത്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ റേറ്റ് കട്ടുകളും സ്വര്‍ണവിലയെ മുന്നോട്ടു നയിക്കുകയാണ്.


Related Articles
Next Story
Videos
Share it