പത്ത് മിനിട്ടിന്റെ ഭയമോ, അതോ പത്ത് വര്‍ഷത്തെ നേട്ടമോ? പൊറിഞ്ചു വെളിയത്ത് വിശദീകരിക്കുന്നു

വിപണിയിലെ താഴ്ചകളില്‍ ഭയചകിതരായി പത്ത് നിമിഷം കൊണ്ട് ധൃതിപിടിച്ചു നടപ്പാക്കുന്ന തീരുമാനം നിക്ഷേപകന് സൃഷ്ടിക്കുന്ന നഷ്ടമെന്താവും? പ്രമുഖ വാല്യു ഇന്‍വെസ്റ്ററും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് വിശദീകരിക്കുന്നു
Porinju Veliyath, Equity Intelligence
Published on

ഓഹരി വിപണിയിലെ താഴ്ച ഒഴിവാക്കാന്‍ വിപണിയില്‍ നിന്ന് പുറത്തുകടക്കുന്നവര്‍ക്ക് അടുത്ത റാലി നഷ്ടമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്

പീറ്റര്‍ ലിഞ്ച്

2025ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയത് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണമാണ്. ട്രംപിന്റെ രണ്ടാം വരവിനെ ചുറ്റിപ്പറ്റിയുള്ള നിരീക്ഷണങ്ങള്‍ പലതും നാടകീയമാണ്. പക്ഷേ പല സ്വതന്ത്ര നിരീക്ഷകരും ഊന്നിപ്പറയുന്ന ഒന്നുണ്ട്- ഇത്തവണ ട്രംപ് എന്നാല്‍ ബിസിനസാണ്. ഇത് ആഗോള സാമ്പത്തിക-രാഷ്ട്രീയ ഭൂമികയെ അടിമുടി മാറ്റിമറിക്കുകയും ചെയ്യും. ഇതാണ് നിക്ഷേപകരെ ജാഗരൂകരാക്കിയിരിക്കുന്നതും.

ഞങ്ങള്‍, ടീം ഇക്വിറ്റി ഇന്റലിജന്‍സ്, എന്നും എപ്പോഴും നിക്ഷേപ സമൂഹത്തോട് പറയുന്ന കാര്യമുണ്ട്. മാക്രോ ട്രെന്‍ഡ്സ് അടിസ്ഥാനമാക്കി അന്തിമ തീരുമാനത്തിലേക്ക് എത്താനാകില്ല. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തന്നെ നോക്കൂ. ഇവിടെ ആഭ്യന്തര ഉപഭോഗം കൂടുന്നു. കറന്റ് അക്കൗണ്ട് കമ്മി കുറയുന്നു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെട്ടിരിക്കുന്നു. പുതിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എണ്ണ വില കുറയ്ക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുമെന്ന കാര്യവും വ്യക്തമാണ്. അതുപോലെ തന്നെ ചൈനയുമായുള്ള വ്യാപാരക്കമ്മിയുടെ കാര്യത്തിലും ട്രംപിന് കൃത്യമായ ഫോക്കസുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ട്രംപിന്റെ ഭരണം ഇന്ത്യയ്ക്ക് ദോഷകരമാകാനല്ല സാധ്യത. ലോകത്ത് ഉരുത്തിരിഞ്ഞുവരുന്ന പുതിയ സംഭവവികാസങ്ങളുടെ ഏറ്റവും വലിയഗുണഭോക്താവും ഇന്ത്യ എന്നതാകും വാസ്തവം.

വിപണി തിരുത്തല്‍ ഘട്ടത്തില്‍

ട്രംപ് കൊണ്ടുവരാന്‍ ഇടയുള്ള മാറ്റങ്ങള്‍ പ്രതീക്ഷിച്ച് ലോക വിപണികളില്‍ ഹ്രസ്വകാല തിരുത്തലുകള്‍ ഉണ്ടായേക്കും. ഇന്ത്യന്‍ ഓഹരി വിപണിയും കറന്‍സി മാര്‍ക്കറ്റും തിരുത്തല്‍ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുതലും പുതിയ വര്‍ഷത്തിന്റെ തുടക്കത്തിലുമെല്ലാം കുത്തനെയുള്ള താഴ്ചയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണ്. വിപണിയില്‍ അസ്ഥിരതകള്‍ മൂര്‍ച്ഛിക്കുമ്പോള്‍ ഞങ്ങള്‍ വാറന്‍ ബഫറ്റിന്റെ അതിപ്രശസ്തമായ ആ ഉദ്ധരണിയാണ് വീണ്ടും ഓര്‍മിപ്പിക്കുന്നത്: ''മറ്റുള്ളവര്‍ അത്യാര്‍ത്തി കാണിക്കുമ്പോള്‍ ഭയക്കുക; മറ്റുള്ളവര്‍ ഭയചകിതരാകുമ്പോള്‍ അത്യാര്‍ത്തിയുള്ളവരാകുക.'' ഇപ്പോള്‍ ഓഹരി വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന താഴ്ച ഒരു പ്രതിസന്ധിയല്ല; മറിച്ച് അച്ചടക്കത്തോടെ ദീര്‍ഘകാലം നിക്ഷേപിക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണ്.

വാല്യു ഇന്‍വെസ്റ്റിംഗിന്റെ പിതാവ് ബെഞ്ചമിന്‍ ഗ്രഹാം പറഞ്ഞിട്ടുണ്ട്; ''നിക്ഷേപകന്റെ പ്രധാന പ്രശ്നം, അവരുടെ ഏറ്റവും വലിയ ശത്രുവെന്നും പറയാം - മിക്കവാറും അവര്‍ തന്നെയാകും.'' വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നമ്മളെ ആശങ്കാകുലരും ഭയചകിതരുമാക്കും. ഫണ്ടമെന്റലുകളെ മറന്ന് പേടിയുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കും.

ക്ഷമയുള്ളവനിലേക്ക് അക്ഷമനായവന്റെ പണം കൈമാറുന്ന ഉപകരണം!

ക്ഷമയോടെ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് അക്ഷമരായവരുടെ പണം കൈമാറുന്ന ഉപകരണമാണ് ഓഹരി വിപണി. വികാരങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ നിക്ഷേപകര്‍ അടുത്ത പത്ത് നിമിഷത്തെ കാര്യങ്ങളെ കുറിച്ചാവും ചിന്തിക്കുക. അടുത്ത പത്ത് വര്‍ഷം കൊണ്ട് അവര്‍ക്ക് എന്ത് നേടാനാവുമെന്നതിലുള്ള ശ്രദ്ധ അപ്പോള്‍ നഷ്ടമാകും. ഇത് പറയുന്നത് പോലെ ലളിതമല്ല. പക്ഷേ അതാണ് സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മൂലമന്ത്രം. ഇന്ത്യയെയും ഇന്ത്യന്‍ ബിസിനസുകളെയും സംബന്ധിച്ചാണെങ്കില്‍ ദീര്‍ഘകാല ചിത്രം വാസ്തവത്തില്‍ മികച്ചതാണ് താനും.

2014 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് നിരവധി ഘടനാപരമായ മാറ്റങ്ങള്‍ നടന്നുകഴിഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സമ്പദ്ഘടന ശരാശരി ആറ് ശതമാനമെന്ന നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. വരുന്ന നിരവധി വര്‍ഷങ്ങളില്‍ 6-8 ശതമാനം നിരക്കില്‍ വളര്‍ച്ച തുടരും. രാജ്യത്ത് നടന്ന ഘടനാപരമായ മാറ്റങ്ങള്‍ സമ്പദ്ഘടനയില്‍ രൂപാന്തരീകരണം വരുത്തിയിട്ടുണ്ട്. അതിന്റെ സംയോജിത ഗുണഫലങ്ങള്‍ ബിസിനസുകളെ ഉത്തേജിപ്പിക്കുന്നത് വരും നാളുകളിലും തുടരുക തന്നെ ചെയ്യും.ഇന്ത്യയെ സംബന്ധിച്ചുള്ള ശുഭാപ്തി വിശ്വാസം തന്നെയാണ് ഞങ്ങളുടെ അടിസ്ഥാനകാഴ്ചപ്പാട്. അതേസമയം വാല്യു ഇന്‍വെസ്റ്റര്‍ എന്ന നിലയ്ക്ക് ഓരോ കമ്പനിയെയും വിശകലനം ചെയ്യുമ്പോള്‍ ഓരോ വസ്തുതയിലും അങ്ങേയറ്റം പരമ്പരാഗത വീക്ഷണം തന്നെയാണ് മുറുകെ പിടിക്കുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറിച്ച് ശുഭാപ്തി വിശ്വാസം പുലര്‍ത്തുകയും, അതേസമയം ഓരോ ബിസിനസുകളെയും നിശിതമായി വിശകലനം ചെയ്യുകയും ചെയ്യുന്നു. വര്‍ഷാദ്യത്തില്‍ വരുന്ന ജിഡിപി നിരക്ക് എത്രയാകും എന്ന പ്രവചനത്തിനല്ല, മറിച്ച് നിക്ഷേപയോഗ്യമായ, വാല്യു സൃഷ്ടിക്കുന്ന ബിസിനസുകളുടെ പട്ടിക തയാറാക്കാനാണ് ഞങ്ങളുടെ ടീം പ്രയത്നിക്കുന്നത്.

വളരാം, വളരുന്ന ഇന്ത്യയ്ക്കൊപ്പം

എല്ലാ താഴ്ചകളും ഇന്ത്യന്‍ ബിസിനസുകളുടെ ഘടനാപരമായ വളര്‍ച്ചയ്ക്കൊപ്പം വളരാനുള്ള അവസരമാണ് തുറന്നുതരുന്നത്.ഏതൊരു വിപണിയിലും ഏതൊരു സമയത്തും ദീര്‍ഘകാല നിക്ഷേപത്തിനുള്ള അവസരമുണ്ട്. അതുപോലെ തന്നെ നമ്മുടെ നിക്ഷേപം അപ്പാടെ ചിന്നിച്ചിതറിക്കുന്ന കുഴിബോംബുകളും കണ്ടേക്കാം. നിക്ഷേപകന്റെ ഉത്തരവാദിത്തം അവസരങ്ങളെ കാണുകയെന്നതും കുഴിബോംബില്‍ നിന്ന് മാറി നടക്കുകയെന്നതുമാണ്. അവസരങ്ങളും കുഴിബോംബുകളും തമ്മിലുള്ള അനുപാതത്തില്‍ മാത്രമാകും വ്യത്യാസം. ഇവ രണ്ടും എക്കാലവും കാണും. അര്‍ത്ഥവത്തായ ഏത് തിരുത്തലും അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കും. കുഴിബോംബുകള്‍ കുറയ്ക്കും. വരും ദശകത്തില്‍ നിരന്തരം തുടര്‍ച്ചയായി നിക്ഷേപിച്ചുകൊണ്ടേയിരിക്കുക. കഴിഞ്ഞ കാലങ്ങളില്‍ നാം സൃഷ്ടിച്ച സമ്പത്തിനേക്കാള്‍ വരും ദശകത്തില്‍ കൂടുതല്‍ സൃഷ്ടിക്കാനാവും. ഇന്ത്യന്‍ ബിസിനസുകളുടെ നല്ലകാലം വരാനിരിക്കുന്നതേയുള്ളൂ.

അറിയാം, വിപണിയിലെ ചാക്രിക ചലനങ്ങളെ

ഗൗരവമായി ഓഹരി നിക്ഷേപം നടത്തുന്നവര്‍ വിപണിയിലെ 'സൈക്കിള്‍' അഥവാ നിശ്ചിത കാലഘട്ടങ്ങളിലുണ്ടാകുന്ന കയറ്റിറക്കങ്ങളെ കുറിച്ച് ധാരണയുള്ളവരാകണം. അതിനായുള്ള ചില കാര്യങ്ങള്‍ നോക്കാം.

1. നിങ്ങള്‍ ഓഹരി വിപണിയിലുണ്ടെങ്കില്‍ അവിടെ ഉയര്‍ച്ചയും താഴ്ചയും ഉണ്ടെന്ന് അറിഞ്ഞിരിക്കണം. കാലാവസ്ഥ മാറില്ലേ? വേനല്‍ വരും, വസന്തകാലം വരും, വര്‍ഷകാലം വരും. പിന്നെയും ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതുപോലെ.

2. ഭാവി പ്രവചിക്കാനാവില്ല.പൊതുവെ ആളുകള്‍ അടുത്ത വീഴ്ച എന്നാകുമെന്നതിന് ഉത്തരം തേടുന്നത് കാണാം. ഇത് വെറുതെ സമയം കളയുന്ന ഏര്‍പ്പാടാണ്. അതെപ്പോഴാണെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. പറയാനും സാധിക്കില്ല. കാലാവസ്ഥ പ്രവചനങ്ങളെ തന്നെ എടുക്കൂ. മണ്‍സൂണ്‍ കാലത്ത് മഴയുണ്ടാകുമെന്ന് അറിയാം. പക്ഷേ കൃത്യമായി നാളെ മഴ പെയ്യുമോയെന്ന് നമുക്ക് പറയാന്‍ പറ്റില്ല.

3. വിപണിയിലെ തിരുത്തലുകള്‍ ആരോഗ്യകരമായ പ്രവണതയാണ്. അബദ്ധങ്ങള്‍ തിരുത്താനും കൂടുതല്‍ നല്ല നിലയിലേക്ക് വളരാനും തിരുത്തലുകള്‍ വിപണിയെ സഹായിക്കും. അതുകൊണ്ട് തിരുത്തല്‍ ഒരു പ്രശ്നമല്ല, അവസരമാണ്.

4. തിരുത്തലിനെ നേരിടാന്‍ സജ്ജരാവുക. അതിനെ പ്രവചിക്കാനല്ല. സജ്ജരാകുകയെന്നാല്‍ അങ്ങേയറ്റത്തെ നിലപാട് എടുക്കുകയെന്നതുമല്ല. അതായത് എല്ലാ പണവുമെടുത്ത് മാറിനില്‍ക്കുകയോ ഏതെങ്കിലും ഒരു ആസ്തിയില്‍ മാത്രം നിക്ഷേപം നടത്തുകയോ അല്ല. വേനല്‍ക്കാലം നീണ്ടുപോകുമ്പോള്‍ ആരെങ്കിലും തണുപ്പ് കാലത്ത് ഉപയോഗിക്കാന്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ എടുത്ത് ദൂരെ കളയുമോ? സന്തുലിതമായ കാഴ്ചപ്പാടാണ് ഇവിടെയൊക്കെ വേണ്ടത്.

5 സുപ്രധാനമായ കാര്യം എന്തെന്നാല്‍ ഓരോ ചാക്രിക ചലനവും മൊത്തത്തില്‍ നോക്കുമ്പോള്‍ സമ്മാനിക്കുന്നത് ഉയര്‍ച്ചയാണ്. ഓരോ താഴ്ച കഴിഞ്ഞും ഉയരുമ്പോള്‍ പുതിയ ഉയരങ്ങളാണ് വിപണി തേടുന്നത്. വീണ്ടും താഴും. വീണ്ടുമുയരുമ്പോള്‍ പുതിയ ഉയരം താണ്ടും. അങ്ങനെയങ്ങനെ ഉയര്‍ന്നും താണും മൊത്തത്തില്‍ മുകളിലേക്ക് വളരുകയാണ് വിപണിയില്‍ സാധാരണയായി ഉണ്ടാകുന്നത്.

(Originally published in Dhanam Magazine 15 February 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com