

തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് എക്കാലത്തും വിപണി സാധ്യതയുണ്ട്. ഇതിന്റെ വില താരതമ്യേന കുറവും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമാണ്. അതുകൊണ്ട് ഇത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ സാധ്യതകള്‍ എക്കാലത്തുമുണ്ട്. അതില്‍ത്തന്നെ ഏറ്റവും മികച്ച രീതിയില്‍ ചെയ്യാന്‍കഴിയുന്ന ഒരു ബിസിനസാണ് പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകളുടെ നിര്‍മാണവും വില്‍പ്പനയും.
1,000 ലിറ്റര്‍ കപ്പാസിറ്റി വരെയുള്ള വാട്ടര്‍ ടാങ്കുകള്‍ നിര്‍മിക്കുന്ന സംരംഭങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മതിയാകും. വളരെ ലളിതമായി ഇത് ചെയ്യാം. വാട്ടര്‍ ടാങ്കുകള്‍ക്കൊപ്പം ഫിഷ് ടാങ്കുകളും നിര്‍മിക്കാവുന്നതാണ്. ഒരേ സംവിധാനം തന്നെ ഇവയ്ക്ക് മതിയാകും.
തികച്ചും ലളിതമാണ് പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകളുടെ നിര്‍മാണം. പ്ലാസ്റ്റിക് ഗ്രാന്യൂലുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുന്നത്. പ്ലാസ്റ്റിക് ഗ്രാന്യൂലുകള്‍ വാങ്ങി, അത് കളറില്‍ മിക്‌സ് ചെയ്ത് മെഷീനില്‍ ഇട്ട് മോള്‍ഡ് ചെയ്ത് എടുക്കുകയാണ് ചെയ്യുക.
വെര്‍ജിന്‍ പ്ലാസ്റ്റിക് ഗ്രാന്യൂലുകള്‍ ഉപയോഗിച്ചും പഴയ പ്ലാസ്റ്റിക്കിന്റെ ഗ്രാന്യൂലുകള്‍ ചേര്‍ത്തും ഇവ ഉണ്ടാക്കും. ഇവ രണ്ടും തമ്മില്‍ നിശ്ചിത അനുപാതത്തില്‍ മിക്‌സ് ചെയ്തും പ്ലാസ്റ്റിക് ടാങ്കുകള്‍ നിര്‍മിച്ചുവരുന്നുണ്ട്.
വാട്ടര്‍ ടാങ്കുകള്‍ക്ക് എക്കാലത്തും മികച്ച ഒരു വിപണിയുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ കുറച്ച് പ്രയാസമാണ്. ഡീലര്‍മാര്‍, ഹാര്‍ഡ്വെയര്‍ ഷോപ്പുകള്‍, പ്ലംബിംഗ്/ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ എന്നിവ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകള്‍ വിറ്റുവരുന്നു.
പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകള്‍ക്ക് സ്ഥാനത്തൊട്ടാകെ വിതരണക്കാരെയും ലഭ്യമാണ്. ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് പാലിച്ചുകൊണ്ട് വേണം പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകള്‍ നിര്‍മിച്ചു വില്‍ക്കാന്‍. അതുപോലെ തന്നെ ക്ലീന്‍ ചെയ്യുന്നതിന് ഈസി ആയ രീതിയും പിന്തുടരേണ്ടതുണ്ട്.
ഏകദേശം 50 ലക്ഷം രൂപയുടെ മെഷിനറി സംവിധാനമാണ് 1,000 ലിറ്റര്‍ വരെ ശേഷിയുള്ള പ്ലാന്റിന് ആവശ്യമായി വരുന്നത്. എക്‌സ്ട്രൂഡര്‍ മെഷീന്‍ ആണ് ഇതിന് ഉപയോഗിക്കുന്ന പ്രധാന മെഷിനറി. അത് കൂടാതെ ടാങ്കുകള്‍ക്ക് ആവശ്യമായ ഡൈ സെറ്റുകളും വേണം. 500, 1000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ മോള്‍ഡുകളാണ് സാധാരണ ചെറിയ സ്ഥാപനങ്ങളില്‍ ആവശ്യമുള്ളത്. ഫിഷ് ടാങ്കുകള്‍, സേഫ്റ്റി ടാങ്കുകള്‍ എന്നിവയും ഇതിന്റെ കൂടെ നിര്‍മിച്ചു നല്‍കാം.
വലിയ കപ്പാസിറ്റിയിലുള്ള വാട്ടര്‍ ടാങ്കുകള്‍ നിര്‍മിക്കുന്നതിന് അനുസൃതമായ എക്‌സ്ട്രൂഡറും മോള്‍ഡുകളും ആവശ്യമാണ്. ആയിരം ലിറ്റര്‍ കപ്പാസിറ്റി വരെയുള്ള വാട്ടര്‍ ടാങ്കുകള്‍ നിര്‍മിക്കുന്നതിന് സ്ഥാപനത്തില്‍ അഞ്ച് തൊഴിലാളികളും 2,000 ചതുരശ്ര അടി കെട്ടിടവും മതിയാകും.
* ധനം മാഗസിന്‍ ഏപ്രില്‍ 1 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകന്‍)
Read DhanamOnline in English
Subscribe to Dhanam Magazine