Begin typing your search above and press return to search.
ചെറുകിട സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വപ്‌നതുല്യമായ നേട്ടമുണ്ടാക്കാം
കേരളത്തിലെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണ്? ബിസിനസ്-സൗഹൃദ നയങ്ങള്‍ പലതും നടപ്പാക്കിയിട്ടും എന്തുകൊണ്ടാണ് ഇവിടത്തെ എംഎസ്എംഇ മേഖല മറ്റ് സംസ്ഥാനങ്ങളുടേതില്‍ നിന്നും പിന്നോക്കം നില്‍ക്കുന്നത്?
ഏറെ പ്രത്യേകതകളുള്ള നാടാണ് കേരളം. ഉയര്‍ന്ന വിദ്യാഭ്യാസവും സാക്ഷരതയുമുള്ളതിനാല്‍ മികച്ച കഴിവുള്ളവരാണ് ഇവിടെ തൊഴില്‍രംഗത്ത് എത്തുന്നത്. പക്ഷേ, മറുനാടുകളിലേയ്ക്കുള്ള ഇവരുടെ കുടിയേറ്റം കേരളം ഇന്ന് അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്‌നമാണെന്ന കാര്യം പറയാതെ വയ്യ.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വേറിട്ടുനിര്‍ത്തുന്ന മറ്റൊരു വസ്തുത, ഇവിടത്തെ സവിശേഷമായ ഉപഭോക്തൃ സംസ്‌കാരമാണ്. ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മലയാളികള്‍ക്ക് പരിചിതമാണ്, ഗള്‍ഫ് നാടുകളുമായുള്ള ബന്ധം കാരണം. കുറഞ്ഞ ചിലവില്‍ ഏറ്റവും നല്ല ഉല്‍പ്പന്നങ്ങളാണ് ഇവിടെയുള്ളവര്‍ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ബിസിനസുകള്‍ക്ക് ഇതൊരു പ്രധാന വെല്ലുവിളി തന്നെയാണ്, കാരണം ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണമെങ്കില്‍ വ്യത്യസ്തമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കണം, മികച്ച മൂല്യം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിലൂടെയാണ് വിപണിയിലെ വിജയവും ഉപഭോക്താക്കളുടെ വിശ്വസ്തതയും നേടാന്‍ കഴിയുന്നത്. ഇതുതന്നെയാണ് ഇവിടെയുള്ള സംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളിയും അവര്‍ക്കുള്ള അവസരവും.
എംഎസ്എംഇകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍
കേരളത്തില്‍ ബിസിനസ്-സൗഹൃദമായ നയങ്ങള്‍ ചിലതുണ്ടെങ്കിലും ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനായി ഇവിടെ കൂടുതല്‍ കാര്യക്ഷമമായ മാറ്റങ്ങള്‍ അത്യാവശ്യമാണ്. ബിസിനസുകളുടെ വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്താന്‍ കര്‍ണാടകയും തെലങ്കാനയും നടപ്പില്‍വരുത്തിയ നയങ്ങള്‍ വളരെ ശ്രദ്ധ നേടിയിട്ടുണ്ട്. അവരേക്കാള്‍ വളരെ പിന്നിലാണ് കേരളം. ഈ സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍, കേരളത്തിന്റെ സവിശേഷമായ സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി നടപ്പിലാക്കുന്നത് ഏറെ ഗുണകരമാകും. ശക്തവും കഴിവുറ്റതുമായ ഒരു ഭരണ നേതൃത്വമുള്ളതുകൊണ്ട് എംഎസ്എംഇ രംഗം കൂടുതല്‍ മികച്ചതാക്കാന്‍ കേരളത്തിന് തീര്‍ച്ചയായും കഴിയും.
ജനസംഖ്യ കുറവായതുകൊണ്ട് പരിമിതമായ വിപണിയാണ് ഇവിടെയുള്ളത് എന്നതാണ് കേരളം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇത് സംസ്ഥാനത്തിനുള്ളിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ സംരംഭങ്ങള്‍ക്ക് തടസമാകുന്നു. ഈ സാഹചര്യത്തില്‍ ഉല്‍പ്പാദനമല്ല, ഉപഭോഗമാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ആധാരമാകുന്നത്. അതുകൊണ്ടുതന്നെ വളരെ വലിയ ഉയര്‍ച്ച ആഗ്രഹിക്കുന്ന എസ്എംഇകള്‍ക്ക് ചെറിയ പ്രാദേശിക വിപണിക്ക് വേണ്ടിയുള്ള ഉല്‍പ്പാദനം എപ്പോഴും സാമ്പത്തികമായി ഗുണകരമല്ല.
പുറത്തുള്ള വിപണികള്‍ ഉപയോഗപ്പെടുത്താനും സംസ്ഥാനത്തിനുള്ളിലെ പരിമിതികള്‍ മറികടന്ന്മികച്ച വളര്‍ച്ച നേടാനും സഹായിക്കുന്ന വിപണന തന്ത്രങ്ങള്‍ കേരളത്തിന് ആവശ്യമാണ് എന്നര്‍ത്ഥം.
കേരളത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്താന്‍ ടൂറിസം മാത്രം പോര. അയല്‍ സംസ്ഥാനങ്ങളുമായി മത്സരിക്കണമെങ്കില്‍ ഉല്‍പ്പാദന, വ്യവസായ മേഖലകള്‍ കേരളം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.
മികച്ച നയങ്ങള്‍ വേണം, അടിസ്ഥാന സൗകര്യങ്ങളും
കണ്‍സ്യൂമര്‍ ഗുഡ്‌സ് മേഖലയിലെ ബിസിനസുകള്‍ സാധാരണയായി അവരുടെ വിപണിയോട് ചേര്‍ന്നുതന്നെയാണ് ഉല്‍പ്പാദനം ഒരുക്കുന്നത്. കേരളത്തിന്റെ വിപണി വിപുലമല്ലാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ച നയങ്ങളിലൂടെ ഉല്‍പ്പാദകരെ ആകര്‍ഷിക്കേണ്ടത് അത്യാവശ്യമാണ്. വിപണി ചെറുതാണെങ്കിലും കേരളത്തെ ഒരു ബിസിനസ് ഡെസ്റ്റിനേഷനാക്കാന്‍ ഈ നയങ്ങള്‍ പ്രധാനമാണ്. ഇതോടൊപ്പം ലോജിസ്റ്റിക്‌സ് ഏറ്റവും മികച്ചതും വേഗമേറിയതുമാക്കാന്‍ ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കണം. സംസ്ഥാനത്തിന് സ്വന്തമായ, നീളമേറിയ തീരദേശത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി, തുറമുഖങ്ങള്‍ ആധുനികവല്‍ക്കരിച്ച് ഒരു സുപ്രധാന കയറ്റുമതി കേന്ദ്രമായി മാറാന്‍ കേരളത്തിന് കഴിയണം.
അല്‍പ്പം യാഥാസ്ഥിതികമായ ബിസിനസ് സംസ്‌കാരമുള്ളതുകൊണ്ടാകാം കേരളത്തിലെ എംഎസ്എംഇകള്‍ പലപ്പോഴും റിസ്‌കുകള്‍ ഒഴിവാക്കുന്ന പ്രവണത കാണുന്നുണ്ട്. ഈ മനോഭാവം മാറ്റേണ്ടത് അത്യാവശ്യമാണ്. യുവാക്കളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് ഈ മാറ്റത്തിന് തുടക്കം കുറിക്കേണ്ടത്. യുവാക്കള്‍ക്കൊപ്പം നിലവില്‍ സംരംഭങ്ങളുള്ളവര്‍ക്കും സംരംഭകത്വ പരിശീലനം നല്‍കുന്നതുവഴി റിസ്‌കുകളെടുക്കാന്‍ വേണ്ട ധൈര്യവും പ്രോത്സാഹനവും നല്‍കാം. പ്രചോദനമേകുന്ന വിജയകഥകളും സംരംഭ പരിശീലനങ്ങളും ഇന്‍ക്യുബേറ്റര്‍ പ്രോഗ്രാമുകളും മെന്റര്‍ഷിപ്പും വഴി സംസ്ഥാനത്തെ ബിസിനസ് അന്തരീക്ഷത്തെ ഊര്‍ജസ്വലമാക്കാന്‍ കഴിയും.
ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ തൊഴില്‍രംഗത്തുള്ളത് കേരളത്തിനൊരു മുതല്‍ക്കൂട്ടാണ്. എങ്കിലും ഇവര്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ നല്‍കി ഇവിടെത്തന്നെ നിലനിര്‍ത്തുന്ന കാര്യത്തില്‍ ഇനിയും ശ്രമങ്ങള്‍ കൂടിയേ തീരൂ. ടൂറിസം പോലെ (പ്രത്യേകിച്ചും ഹെല്‍ത്ത് ടൂറിസവും ഇക്കോ ടൂറിസവും) വളരെയേറെ സാധ്യതകളുള്ള മേഖലകള്‍ ധാരാളമുണ്ട്. ഇവ പ്രയോജനപ്പെടുത്താനാണ് സംരംഭകര്‍ ശ്രദ്ധിക്കേണ്ടത്. വിദേശ മലയാളികളിലൂടെ സംസ്ഥാനത്തിലേയ്‌ക്കെത്തുന്ന പണം ഉപഭോക്തൃ മേഖലയില്‍ ചെലവഴിപ്പിക്കാന്‍ എംഎസ്എംഇകള്‍ക്ക് കഴിയണം.
മികച്ചത് അംഗീകരിക്കാം
എംഎസ്എംഇ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരൊറ്റ ഫോര്‍മുലയില്ല. എല്ലാ ദിശകളില്‍ നിന്നുമുള്ള കൂട്ടായ പ്രവര്‍ത്തനം ഇതിനാവശ്യമാണ്. എംഎസ്എംഇകളെ പിന്തുണയ്ക്കുന്ന നയങ്ങളാണ്കേരളത്തിനുള്ളത്. എങ്കിലും ബിസിനസ് സൗഹൃദത്തിന്റെ കാര്യത്തില്‍ പേരെടുത്ത സംസ്ഥാനങ്ങള്‍ പിന്തുടരുന്ന കാര്യങ്ങള്‍ ഇവിടെയും സ്വീകരിക്കാവുന്നതാണ്. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന രീതിയില്‍ നയങ്ങളില്‍ മാറ്റംവരുത്തുന്നത് എംഎസ്എംഇകളുടെ വളര്‍ച്ചയില്‍ വലിയ വ്യത്യാസങ്ങളുണ്ടാക്കും.
മറ്റ് സംസ്ഥാനങ്ങളിലേതു പോലെ പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജെനറേഷന്‍ പ്രോഗ്രാം(പിഎംഇജിപി), മുദ്രാ വായ്പകള്‍ എന്നീ പദ്ധതികള്‍ കേരളത്തിലും പോസിറ്റീവായ ഫലമുണ്ടാക്കിയിട്ടുണ്ട്. എങ്കിലും സംസ്ഥാനത്തിന്റെ സവിശേഷമായ വെല്ലുവിളികള്‍ നേരിടാന്‍ സഹായിക്കുന്ന പ്രത്യേകമായ പദ്ധതികളാണ് ഇവിടെ ഫലപ്രദമാകുക - ആന്ധ്രയില്‍ കൃഷി-മത്സ്യബന്ധന മേഖലകള്‍ കേന്ദ്രീകരിച്ചുള്ള എംഎസ്എംഇകള്‍ പോലെ.
സ്ത്രീ സംരംഭകരെ സഹായിക്കാന്‍ സംസ്ഥാനത്തിന് പലതും ചെയ്യാന്‍ കഴിയും. സംരംഭം ഏതായാലും മൂലധനം ലഭ്യമാക്കുന്നതാണ് ഏറ്റവും പ്രധാനം. സ്ത്രീ സംരംഭകര്‍ക്ക് വേണ്ടി പ്രത്യേക വായ്പാ പദ്ധതികളും സാമ്പത്തിക സഹായങ്ങളും ഏര്‍പ്പെടുത്താവുന്നതാണ്. കൃത്യമായ പരിശീലനവും മെന്റര്‍ഷിപ്പ് പ്രോഗ്രാമുകളും വഴി ഇവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും നല്‍കാം. അതോടൊപ്പം നെറ്റ്വര്‍ക്കിംഗിന് വേണ്ട സംവിധാനങ്ങളൊരുക്കുന്നതും ബിസിനസില്‍ സ്ത്രീകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കും ഒരുപാട് ഗുണം ചെയ്യും.
സംരംഭം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭാവിയിലെ വളര്‍ച്ച ഉറപ്പുവരുത്താന്‍ വേണ്ടി സംരംഭത്തിന്റെ ആദ്യ നാളുകളില്‍ എംഎസ്എംഇകള്‍ ചെയ്യേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.
1. ബിസിനസിന്റെ പ്രൊഡക്ട്- മാര്‍ക്കറ്റ് ഫിറ്റ് കൃത്യമാണ് എന്ന കാര്യം ഉറപ്പുവരുത്തുക: (ഒരു ഉല്‍പ്പന്നം അത് ലക്ഷ്യമിടുന്ന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നുണ്ടോ, അവര്‍ വേണ്ടത്ര പബ്ലിസിറ്റി നല്‍കുന്നുണ്ടോ, ഉല്‍പ്പന്നം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടത്ര പ്രതികരണം ലഭിക്കുമോ എന്നെല്ലാം കണ്ടെത്തുക.) ഇതിന് വേണ്ടത് വിപുലമായ മാര്‍ക്കറ്റ് റിസര്‍ച്ചാണ്. വിപണിയില്‍ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം സ്വീകരിക്കപ്പെട്ടുവെന്ന് ഇതിലൂടെ മനസിലാക്കാം.
2. മികച്ച വളര്‍ച്ചാ സാധ്യതയുള്ള ബിസിനസ് മോഡലുകള്‍ വികസിപ്പിക്കുക: സംരംഭം വളരുന്നതനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും വിപുലമാക്കാനും കഴി യുന്ന ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയാണെങ്കില്‍ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ സുസ്ഥിരതയും ഫ്‌ളെക്‌സിബിലിറ്റിയും ഉറപ്പുവരുത്താം.
3. തുടക്കം മുതലേ ബിസിനസ് പ്രൊഫഷണലാക്കുക: പ്രവര്‍ത്തനങ്ങള്‍, റോളുകള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവ വ്യക്തമായിരിക്കണം. സ്ഥാപനത്തിനുള്ളില്‍ ഐക്യം വളര്‍ത്തണം. കൂടുതല്‍ വളരാനുള്ള അടിസ്ഥാനം ഇതെല്ലാമാണ്.
4. ആദ്യഘട്ടത്തില്‍ തന്നെ സാങ്കേതികവിദ്യയ്ക്ക് വേണ്ടി പണം ചെലവഴിക്കുക: പ്രവര്‍ത്തനക്ഷമതനേടാനും ഭാവിയില്‍ വിപണിയിലെ വളര്‍ച്ചയും മികവും സ്വന്തമാക്കാനും സംരംഭത്തിന് ആവശ്യമായ സാങ്കേതികവിദ്യ സ്വീകരിക്കേണ്ടത് പ്രധാനമാണ്.
ഈ പിഴവുകള്‍ ഒഴിവാക്കുക
സംരംഭത്തിന്റെ വളര്‍ച്ചാതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ എംഎസ്എംഇകള്‍ക്ക് സംഭവിക്കാവുന്ന പിഴവുകള്‍ ചിലതുണ്ട്.
ശക്തമായ അടിത്തറയില്ലാതെ അതിവേഗത്തിലുള്ള ബിസിനസ് വിപുലീകരണം: വളരെ പെട്ടെന്ന് സംരംഭം വളര്‍ത്താന്‍ ശ്രമിക്കുന്നത് ബിസിനസിനാവശ്യമായ സാധനസമ്പത്തുകള്‍ കുറയ്ക്കും. കമ്പനിയുടെ സംസ്‌കാരത്തില്‍ ഇടിവുവരുത്തും. ബിസിനസ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത മോശമാക്കും. സംരംഭം വിപുലമാക്കുന്നതിനു മുമ്പ് അടിത്തറ കരുത്തുള്ളതാക്കാന്‍ ശ്രദ്ധിക്കണം.
ഉപഭോക്താക്കളുടെ അഭിപ്രായങ്ങളോടുള്ള അവഗണന: ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം മെച്ചപ്പെടുത്താനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ഉപഭോക്താക്കള്‍ക്ക് പറയാനുള്ളത് ശ്രദ്ധിക്കുക. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ വിലയേറിയ ഒട്ടേറെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും. ഉല്‍പ്പന്നം/സേവനം കൂടുതല്‍ മികച്ചതാക്കാനും സാധിക്കും.
സാമ്പത്തിക നിയന്ത്രണത്തിന്റെ അഭാവം: സുസ്ഥിരമായ വളര്‍ച്ച നേടാന്‍ വളരെ പ്രധാനമാണ്
സാമ്പത്തികകാര്യങ്ങളുടെ കൃത്യമായ നിര്‍വഹണം. കുറ്റമറ്റ സാമ്പത്തിക ആസുത്രണം വേണം. ആവശ്യമായ ക്യാഷ് ഫ്‌ളോ ഉണ്ടായിരിക്കണം. അമിതമായ കടബാധ്യത ഒഴിവാക്കാനും ബിസിനസിന്റെ വളര്‍ച്ചാസമയത്തെ വെല്ലുവിളികള്‍ നേരിടാനും ഇത് സഹായിക്കും. ദീര്‍ഘകാലയളവില്‍ ഒരു സംരംഭം വിജയിക്കുമോ പരാജയപ്പെടുമോ എന്ന് തീരുമാനിക്കുന്നത് സാമ്പത്തിക കാര്യങ്ങളിലെ ശ്രദ്ധയാണ്.
ടെക്നോളജി മികച്ചത് തന്നെ വേണം
ഇന്നത്തെ മത്സരം നിറഞ്ഞ ലോകത്ത് മുന്നേറാന്‍ എറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കുകയെന്നത് സുപ്രധാനമായ കാര്യമാണ്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ERP സിസ്റ്റം നടപ്പാക്കണം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാനായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗപ്പെടുത്തണം. സ്റ്റോറേജ് മികച്ചതാക്കാന്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ്, സ്ഥിരമായി ചെയ്യുന്ന ജോലികള്‍ക്കായി ഓട്ടോമേഷന്‍ ടൂളുകള്‍ തുടങ്ങിയവയെല്ലാം എംഎസ്എംഇകള്‍ക്ക് സ്വീകരിക്കാവുന്ന മാര്‍ഗങ്ങളാണ്. ഈ സാങ്കേതിക വിദ്യകള്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനോടൊപ്പം സംരംഭത്തിന്റെ വളര്‍ച്ച വേഗത്തിലാക്കുകയും വിപണിയിലെ സ്ഥാനം ശക്തമാക്കി മുന്നേറുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
സംരംഭത്തിന്റെ വളര്‍ച്ചയ്ക്കായി പുതിയ വിപണികള്‍ എങ്ങനെ കണ്ടെത്താം?
ബിസിനസ് സാധ്യതയുള്ള പുതിയ വിപണികളില്‍ വിശദമായ പഠനം നടത്തി പുതിയ ഉല്‍പ്പന്നത്തിനുള്ള ഡിമാന്‍ഡ്, എതിരാളികള്‍, നിയമങ്ങള്‍ എന്നിവയെക്കുറിച്ച് മനസിലാക്കണം. പ്രാദേശിക തലത്തിലുള്ള പങ്കാളികളുമായുള്ള ഇടപെടല്‍, ട്രേഡ് ഷോകളിലെ സാന്നിധ്യം, സര്‍ക്കാര്‍ തലത്തില്‍ ലഭ്യമായ സഹായങ്ങളുടെ ഉപയോഗം എന്നിവയിലൂടെ ബിസിനസ് വിപുലീകരണത്തിന് വേണ്ട അറിവും അവസരങ്ങളും നേടാം.
എംഎസ്എംഇകള്‍ക്ക് നേടാവുന്ന ഫണ്ടുകള്‍
മൂലധനം സമാഹരിക്കാന്‍ ബാങ്ക് വായ്പകള്‍ മുതല്‍ പ്രൈവറ്റ് ഇക്വിറ്റിയും സര്‍ക്കാര്‍ സഹായങ്ങളും ഉള്‍പ്പെടെ അനവധി മാര്‍ഗങ്ങളാണ് ഇന്ന് എംഎസ്എംഇകളുടെ മുന്നിലുള്ളത്. ഏത് തിരഞ്ഞെടുക്കണമെന്നത് ഒരു വെല്ലുവിളി തന്നെയാണ്. ബിസിനസ് ഏത് ഘട്ടത്തിലാണെന്നത് ആദ്യം മനസിലാക്കേണ്ടത്, അതായത് സ്റ്റാര്‍ട്ടപ്പാണോ, ഉയര്‍ച്ചയുടെ നാളുകളിലെത്തിയോ അതോ പൂര്‍ണ വളര്‍ച്ചയെത്തിയ സ്ഥാപനമാണോ എന്ന്. ഓരോ ഘട്ടത്തിലുമുള്ള സംരംഭത്തിന്റെ ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. ലഭ്യമായ ഫണ്ടുകള്‍ പലതാണ്. ബിസിനസിന്റെ സാമ്പത്തിക നിലയും വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവും പരിശോധിക്കണം - ക്യാഷ് ഫ്‌ളോ, ലാഭക്ഷമത, നിലവിലുള്ള വായ്പകള്‍ എന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ. സംരംഭത്തിന്റെ വളര്‍ച്ചയുടെ പ്ലാനുമായി യോജിക്കുന്നതാകണം ഫണ്ട് സമാഹരണ മാര്‍ഗം. ഉദാഹരണത്തിന്, വളരെ വേഗത്തില്‍ ബിസിനസ് വിപുലീകരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഇക്വിറ്റി ഫിനാന്‍സിംഗാണ് ആവശ്യം. ഘട്ടംഘട്ടമായുള്ള വളര്‍ച്ചയ്ക്ക് പരമ്പരാഗത
വായ്പകള്‍ പ്രയോജനം ചെയ്യും. പലിശ നിരക്ക്,ഉടമസ്ഥാവകാശത്തിലുണ്ടാകാവുന്ന കുറവ് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷം ലാഭവും വളര്‍ച്ചാ സാധ്യതകളും സമീകരിക്കുന്ന ഒരു ഫണ്ടിംഗ് മാര്‍ഗം തിരഞ്ഞെടുക്കുക.
കെ. ഉല്ലാസ് കമ്മത്ത് സ്ഥാപകന്‍, യു.കെ ആന്‍ഡ് കോ, ബംഗളൂരു
(ചെറുകിട-ഇടത്തരം കുടുംബ ബിസിനസുകളുടെ മികച്ച വിജയം ലക്ഷ്യമിട്ട്, അവയ്ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണമായ സഹായങ്ങളും നല്‍കുന്ന കണ്‍സള്‍ട്ടന്‍സി കളക്ടീവാണ് UK&Co. ജ്യോതി ലബോറട്ടറീസിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്റ്ററായിരുന്ന ഉല്ലാസ് കമ്മത്താണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകന്‍)
Next Story
Videos