ലക്ഷ്യമിടുന്നത് ₹100 കോടി നിക്ഷേപം, സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 20,000 ആക്കാന്‍ പ്രത്യേക പദ്ധതി! കടലോളം അവസരങ്ങളുമായി ഹഡില്‍ ഗ്ലോബല്‍

ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Man brainstorming startup ideas in front of a wall filled with business plans and design sketches, featuring the Huddle Global logo symbolising innovation and entrepreneurship
canva, KSUM
Published on

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കടലോളം അവസരങ്ങളൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ഏഴാം പതിപ്പിന് ഡിസംബറില്‍ കോവളത്ത് തിരിതെളിയും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 11 മുതല്‍ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലില്‍ നടക്കുന്ന 'ഹഡില്‍ ഗ്ലോബല്‍ 2025' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ശ്രീറാം സാംബശിവ റാവു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കെഎസ്യുഎം സി.ഇ.ഒഅനൂപ് അംബികയും സന്നിഹിതനായി.

ലക്ഷ്യം 100 കോടി നിക്ഷേപം

ഹഡില്‍ ഗ്ലോബല്‍ 2025ലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100 കോടി രൂപയുടെ നിക്ഷേപം സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്നതായി ശ്രീറാം സാംബശിവ റാവു പറഞ്ഞു. സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ബഹുമുഖ വികസനത്തിന് ഹഡില്‍ ഗ്ലോബല്‍ വഴിയൊരുക്കും. സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച ആശയങ്ങളേയും സംരംഭങ്ങളേയും പരിപോഷിപ്പിക്കുന്നതിനും മൂലധനം കണ്ടെത്തുന്നതിനും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയാണ് ഹഡില്‍ ഗ്ലോബല്‍.

സംസ്ഥാനത്ത് നിലവിലുള്ള 7,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം ഡീപ്‌ടെക്- ഹൈ വാല്യു സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും പ്രകടനത്തിലും മികവ് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നു. ഇതിനായി തിരുവനന്തപുരത്ത് എമര്‍ജിംഗ് ടെക്‌നോളജി ഹബ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കെഎസ്യുഎമ്മിന്റെ ഫണ്ട് ഓഫ് ഫണ്ട്‌സ് പദ്ധതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി ഫീഡര്‍ ഫണ്ട് എന്ന ആശയം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

3,000 സ്റ്റാര്‍ട്ടപ്പുകളെത്തും

കമ്പനി-സ്റ്റാര്‍ട്ടപ്പ് കണക്റ്റ്, ജിസിസി റൗണ്ട് ടേബിള്‍, ജിസിസി ഇന്നൊവേഷന്‍ ബ്രിഡ്ജ് തുടങ്ങിയവ സ്റ്റാര്‍ട്ടപ്പ് സംഗമത്തിനെ ആകര്‍ഷകമാക്കും. 5,000 ത്തിലധികം സന്ദര്‍ശകര്‍, 200 ലധികം പ്രഭാഷകര്‍, 150 ലധികം നിക്ഷേപകര്‍, 300 ലധികം എച്ച്എന്‍ഐകള്‍, 100 ലധികം എക്‌സിബിറ്റര്‍മാര്‍, ഇന്ത്യയിലും വിദേശത്തുമുള്ള 3,000 സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 20,000മായി ഉയര്‍ത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കും. സ്‌കൂളുകളിലെ ഏര്‍ലി ഇന്നവേഷന്‍ സെന്ററുകള്‍, കോളേജുകളിലെ ഫാബ് ലാബുകള്‍, ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഫ്രീഡം സ്‌ക്വയറുകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന സ്റ്റാര്‍ട്ടപ്പ് സംഗമമായി ഹഡില്‍ ഗ്ലോബല്‍ മാറുമെന്നും ശ്രീറാം സാംബശിവ റാവു കൂട്ടിച്ചേര്‍ത്തു.

വലിയ ചുവടുവെയ്പ്പ്

അന്താരാഷ്ട്ര സാങ്കേതിക ലക്ഷ്യസ്ഥാനമായി തിരിച്ചറിയപ്പെടുന്നതിലേക്കുള്ള കേരളത്തിന്റെ വലിയ ചുവടു വയ്പ്പുകളിലൊന്നാണ് ഹഡില്‍ ഗ്ലോബല്‍ 2025 എന്ന് അനൂപ് അംബിക പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ, ഭക്ഷ്യ-കാര്‍ഷികമേഖല, ആരോഗ്യ സംരക്ഷണം, ലൈഫ് സയന്‍സസ്, നവീന ഊര്‍ജ്ജമേഖലകള്‍ തുടങ്ങിയവയില്‍ ഇത്തവണത്തെ ഹഡില്‍ ഗ്ലോബല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മികച്ച ആശയങ്ങളും പരിഹാരങ്ങളുമായെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം,വിശ്വാസ്യത, മൂലധനം തുടങ്ങിയവ ലഭ്യമാക്കുന്നൊരിടമായി ഹഡില്‍ ഗ്ലോബല്‍ പ്രവര്‍ത്തിക്കുന്നു.

ഏഷ്യയിലെ ഏറ്റവും ചലനാത്മകമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളില്‍ ഒന്നായി കേരളം ഉയര്‍ന്നു വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇന്നവേഷന്‍ പരിപാടികളിലൊന്നായി ഹഡില്‍ ഗ്ലോബല്‍ ഇടം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എസ്.യു. എം സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, അസിസ്റ്റന്റ് മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) അഷിത വി എ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Kerala’s Huddle Global 2025 at Kovalam aims to raise ₹100 crore in investments and host 3,000 startups in India’s largest beachside innovation summit.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com