ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് നാളെ കോവളത്ത് തുടക്കം, മാറ്റുരക്കാന്‍ 3,000ത്തോളം സ്റ്റാര്‍ട്ടപ്പുകള്‍

ഡിസംബര്‍ 14 ന് 'കേരള ഫ്യൂച്ചര്‍ ഫോറ'ത്തില്‍ മുഖ്യമന്ത്രി സംവദിക്കും, ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ ആദ്യദിവസം പങ്കെടുക്കും
huddle global beach side startup festival kovalam
image credit : canva , Huddle Global
Published on

ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ഏഴാം പതിപ്പിന് ഡിസംബര്‍ 12ന് കോവളത്ത് തിരിതെളിയും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 14 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് പരിപാടി. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ കേരളത്തിന്റെ നേതൃപരമായ പങ്കിന്റെ നേര്‍ച്ചിത്രം തുറന്നു കാട്ടുന്ന ഒന്നാണ് 'ഹഡില്‍ ഗ്ലോബല്‍ 2025'.

ഡിസംബര്‍ 14 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ 'വിഷണറി ടോക്ക്' നടത്തും. 'ദി കേരള ഫ്യൂച്ചര്‍ ഫോറം: എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റര്‍' എന്ന സെഷനില്‍ മുഖ്യമന്ത്രി എക്കോ സിസ്റ്റം പാര്‍ട്‌ണേഴ്‌സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സന്നിഹിതനാകും.

ഡിസംബര്‍ 12 ന് നടക്കുന്ന 'ലീഡര്‍ഷിപ്പ് ടോക്കില്‍' സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയായ 'വിഷന്‍ 2031' മായി ബന്ധപ്പെട്ട് ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ കാഴ്ചപ്പാടുകള്‍ പങ്കിടും. രാവിലെ 10.20 ന് കേരളത്തിന്റെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസാരിക്കും. കേരളത്തിന്റെ ഗവേഷണ-നവീകരണ സമ്പദ് വ്യവസ്ഥയ്ക്കായുള്ള ഭാവി പദ്ധതികളെക്കുറിച്ച് ഉച്ചയ്ക്ക് 2.45 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വിശദീകരിക്കും. വ്യവസായ മന്ത്രി പി.രാജീവ് വൈകുന്നേരം 4.25ന് കേരളത്തിന്റെ വ്യവസായമേഖലയിലെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ചും പുത്തന്‍ ആശയങ്ങളെക്കുറിച്ചും സംസാരിക്കും.

ഇക്കുറി ശ്രദ്ധ ഇങ്ങനെ

സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്, സാങ്കേതികവിദ്യ എന്നിവയിലാണ് ഇത്തവണത്തെ ഹഡില്‍ ഗ്ലോബല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് പരിപാടി സഹായകമാകും. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങള്‍ സെഷനുകളും ചര്‍ച്ചകളും ഉയര്‍ത്തിക്കാട്ടും. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിര്‍വചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും. അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും ആശയങ്ങളും കൈമുതലായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപാരസാധ്യതകളാണ് ഇത് മുന്നോട്ട് വെയ്ക്കുന്നത്.

ആദ്യദിവസം സംസ്ഥാന ഇലക്ട്രോണിക്‌സ് -ഐടി സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പ്രഭാഷകനാകും. 'അതിര്‍ത്തികളില്ലാത്ത നൂതനാശയങ്ങള്‍: ആഗോള സ്വാധീനത്തിനായുള്ള ഇന്ത്യ-ജര്‍മ്മനി പങ്കാളിത്തം കെട്ടിപ്പടുക്കല്‍' എന്ന വിഷയത്തില്‍ ജര്‍മ്മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍ സംസാരിക്കും. 'നല്ലൊരു നാളെയ്ക്കായി സംരംഭകരും ഉദ്യോഗസ്ഥരും ഒരുമിച്ച് കൂടുന്നു' എന്ന വിഷയത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക സംസാരിക്കും. 'മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാന്‍ കേരളം എന്തുകൊണ്ട് ആഭ്യന്തര സമ്പത്ത് വളര്‍ത്തണം' എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു സംസാരിക്കും.

പ്രമുഖരെത്തും

ഡിസംബര്‍ 14 ന് നടക്കുന്ന 'ദി കേരള ഫ്യൂച്ചര്‍ ഫോറം: എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റര്‍' സെഷനില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം ദുബായ് സെന്റര്‍ ഓഫ് എഐ ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ ഫലാസി, കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണന്‍, സംസ്ഥാന സ്‌പെഷ്യല്‍ സെക്രട്ടറി (ഇലക്ട്രോണിക്‌സ് & ഐടി) സീറാം സാംബശിവ റാവു, കെഎസ്യുഎം സിഇഒ അനൂപ് അംബിക, പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ സ്ഥാപകനും നടനും സി.ആര്‍.എ.വിയുടെ സഹസ്ഥാപകനുമായ നിവിന്‍ പോളി എന്നിവര്‍ പങ്കെടുക്കും.

'കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ പരിണാമവും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന ഇലക്ട്രോണിക്‌സ് ആന്റ് ഐടി സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍, കേരള ഡിജിറ്റല്‍ സയന്‍സസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ്, അനലിറ്റിക്‌സ് ലീഡര്‍ തപന്‍ രായഗുരു, കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മുന്‍ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍, കേരള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ പങ്കെടുക്കും. കെഎസ്യുഎം സിഇഒ അനൂപ് അംബിക മോഡറേറ്ററാകും.

ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) യിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ 'രാഷ്ട്രനിര്‍മ്മാണത്തിലേക്കുള്ള ഒരു ബഹിരാകാശ യാത്രികന്റെ മനോഭാവം വികസിപ്പിക്കല്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

കടലിലെ കേരളത്തിന്റെ അവസരം

രണ്ടാം ദിവസം അദാനി പോര്‍ട്‌സ് സിഇഒ പ്രദീപ് ജയരാമന്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സിഇഒ ശ്രീകുമാര്‍ കെ. നായര്‍, ട്രാന്‍സ്വേള്‍ഡ് ചെയര്‍മാന്‍ രമേശ് രാമകൃഷ്ണന്‍, ഷിപ്പ്‌റോക്കറ്റിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ പ്രഫുല്‍ പോദ്ദര്‍ എന്നിവര്‍ 'കപ്പലുകള്‍, തീരങ്ങള്‍, വിതരണ ശൃംഖലകള്‍ - മാരിടൈം ഇന്നവേഷന്‍സിലെ കേരളത്തിന്റെ വലിയ അവസരം' എന്ന സെഷനില്‍ പങ്കെടുക്കും. ആമസോണിന്റെ മുന്‍ വൈസ് പ്രസിഡന്റും സപ്ലൈ ചെയിന്‍ കണ്‍സള്‍ട്ടന്റും ബോര്‍ഡ് ഉപദേഷ്ടാവുമായ അഖില്‍ സക്‌സേന മോഡറേറ്റര്‍ ആയിരിക്കും.

അവസാന ദിവസം 'ബിസിനസ് ബിയോണ്ട് ബോര്‍ഡേഴ്‌സ്' എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ കോണ്‍സല്‍ ജനറല്‍ ഓഫ് ഫിന്‍ലന്റ് ഇന്‍ മുംബൈ എറിക് അഫ് ഹാള്‍സ്‌ട്രോം, ട്രേഡ് കമ്മീഷണര്‍ അഡ്വാന്‍ഡേജ് ആസ്ട്രിയ ഹാന്‍സ് ഹോര്‍ട്ട്‌നാഗല്‍, ഇന്ത്യയിലെ സ്വിസ്‌നെക്‌സ് സിഇഒയും കോണ്‍സല്‍ ജനറലുമായ ഡോ. ആഞ്ചല ഹോനെഗര്‍, ബെംഗളൂരുവിലെ കാനഡ കോണ്‍സുലേറ്റ് ജനറല്‍ മാര്‍ട്ടിന്‍ ബാരറ്റ് എന്നിവര്‍ പങ്കെടുക്കും. ന്യൂ സൗത്ത് വെയില്‍സ് ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ലിമിറ്റഡിന്റെ നാഷണല്‍ അസോസിയേറ്റ് ചെയര്‍ പ്രസിഡന്റ് ഇര്‍ഫാന്‍ മാലിക് മോഡറേറ്ററായിരിക്കും.

ഡിസംബര്‍ 14 ന് വൈകുന്നേരം 4.15 ന് നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ സമാപന ചടങ്ങില്‍ കെഎസ്യുഎം സിഇഒ അനൂപ് അംബിക, മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സിഇഒയും ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാം ഡയറക്ടറുമായ ഡോ. പനീര്‍സെല്‍വം മദനഗോപാല്‍, ബെംഗളൂരുവിലെ സി-ഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ് ഡി സുദര്‍ശന്‍ എന്നിവര്‍ പ്രഭാഷകരായിരിക്കും.

പതിനായിരത്തിലധികം പേരെത്തും

പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രതിനിധികള്‍ ഇത്തവണത്തെ ഹഡില്‍ ഗ്ലോബലിന്റെ ഭാഗമാകും. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 3,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍, നൂറിലധികം മെന്റര്‍മാര്‍, ഇരുന്നൂറിലധികം എച്ച്എന്‍ഐ കള്‍, നൂറിലധികം കോര്‍പറേറ്റുകള്‍, നൂറ്റമ്പതിലധികം പ്രഭാഷകര്‍, നൂറിലധികം എക്‌സിബിറ്റേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും പ്രഗത്ഭരായ വ്യവസായ സംരംഭകരുടെ മെന്റര്‍ഷിപ്പ് സ്വീകരിക്കുന്നതിനുമുള്ള ചലനാത്മക വേദിയായി ഹഡില്‍ ഗ്ലോബല്‍ 2025 മാറും.

ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായുള്ള സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോയില്‍ എഡ്യൂടെക്, ഹെല്‍ത്ത്‌ടെക്, ഫിന്‍ടെക്, ലൈഫ് സയന്‍സസ്, സ്‌പേസ്‌ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍, റോബോട്ടിക്‌സ്,എആര്‍/വിആര്‍, ഗ്രീന്‍ടെക്, ഇ-ഗവേണന്‍സ് തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ നൂതന ഉല്‍പ്പന്നങ്ങളും ആശയങ്ങളും അവതരിപ്പിക്കും. ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഓട്ടോണമസ് ഡ്രോണുകള്‍, സുസ്ഥിര ഊര്‍ജ്ജ പരിഹാരങ്ങള്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.

Huddle Global 2025 is set to begin in Kovalam on December 12, bringing together global leaders, innovators, and entrepreneurs for a three-day event.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com