Begin typing your search above and press return to search.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരങ്ങളുടെ വേലിയേറ്റവുമായി ഹഡില്‍ ഗ്ലോബലിന് സമാപനം, പങ്കെടുത്തത് പതിനായിരത്തോളം പേര്‍
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ആറാം പതിപ്പിന് സമാപനം. കേരളത്തിന്റെ കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ക്ക് വഴിയൊരുക്കിയാണ് ഹഡില്‍ ഗ്ലോബല്‍ സമാപിക്കുന്നത്.
മൈറ്റി സ്റ്റാര്‍ട്ടപ്പ് ഹബ് സി.ഇ.ഒ പനീര്‍ശെല്‍വം മദനഗോപാല്‍ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ഇലക്ട്രോണിക്‌സ്- ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍, കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക എന്നിവരും പങ്കെടുത്തു.
സമാപന ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രമുഖ നിക്ഷേപകരുമായും എച്ച്.എന്‍.ഐകളുമായും ഓഹരി ഉടമകളുമായും ആശയവിനിമയം നടത്തി. വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച സാങ്കേതികവിദ്യകളും മറ്റും കൂടാതെ നൂതനമായ പരിഹാരങ്ങളും ഉത്പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ച എക്‌സ്‌പോ മന്ത്രി സന്ദര്‍ശിച്ചു. പ്രമുഖ ചരിത്രകാരനും കലാ-സാഹിത്യ നിരൂപകനുമായ വില്യം ഡാല്‍റിംപിള്‍, ഡോ.ശശി തരൂര്‍ എംപി എന്നിവര്‍ സമാപന ദിവസത്തെ മുഖ്യ പ്രഭാഷകരായിരുന്നു.
പങ്കെടുത്തത് പതിനായിരത്തിലധികം പേര്‍
10000 ത്തിലധികം ഡെലിഗേറ്റുകള്‍, 250 ത്തിലധികം നിക്ഷേപകര്‍, 300 ലധികം മെന്ററിംഗ് സെഷനുകള്‍, 250 ത്തിലധികം കോര്‍പ്പറേറ്റ്-സര്‍ക്കാര്‍ കണക്ട്‌സ്, 200 ലധികം ഉപദേഷ്ടാക്കള്‍ 15 ലധികം പ്രോഡക്ട് ലോഞ്ച്,100 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്ത എക്‌സ്‌പോ, 1000+ ബിസിനസ് കണക്ട്‌സ് തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകര്‍ഷകങ്ങളായിരുന്നു. 300 വനിതാ സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു. മികച്ച അവതരണങ്ങളും പത്തിലധികം ധാരണാപത്രങ്ങളുടെ ഒപ്പിടലും പരിപാടിയുടെ ആകര്‍ഷകങ്ങളായിരുന്നു.
ഹഡില്‍ ഗ്ലോബലിനോടനുബന്ധിച്ച് നടന്ന ബ്രാന്‍ഡിംഗ് ചലഞ്ച് 2.0 ല്‍ ഒന്‍പത് പേര്‍ക്ക് ബ്രാന്‍ഡിംഗ് ചലഞ്ച് പുരസ്‌കാരം ലഭിച്ചു. ആഗ്‌ന ജോണ്‍ (ഫ്രീലാന്‍സ് ഡിസൈനര്‍), മുഹമ്മദ് ഷഫീഖ് (പ്രൊഫഷണല്‍ ഡിസൈനര്‍), ആദര്‍ശ് മോഹന്‍ കെ. എസ് (ഗവ.എഞ്ചിനീയറിംഗ് കോളേജ്, രാമവര്‍മപുരം), ആദില ഷൈറീന്‍ (കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, തിരുവനന്തപുരം), റോഷന്‍ എം.ആര്‍ (പ്രൊഫഷണല്‍ ഡിസൈനര്‍), ഫാത്തിമത്ത് നെസില പി പി (ഫ്രീലാന്‍സ് ഡിസൈനര്‍), ഫഹദ് സലിം (യെല്‍ദോ മാര്‍ ബസേലിയോസ് കോളേജ് സ്‌കൂള്‍ ഓഫ് മീഡിയ ആന്‍ഡ് ഡിസൈന്‍, കോതമംഗലം) അനൂപ് കുമാര്‍. വി (ഫ്രീലാന്‍സ് ഡിസൈനര്‍), ശ്രീഹരി കെ. എന്‍ (ഫ്രീലാന്‍സ് ഡിസൈനര്‍) എന്നിവര്‍ക്കാണ് ബ്രാന്‍ഡിംഗ് ചലഞ്ച് പുരസ്‌കാരം ലഭിച്ചത്.
കെഎസ് യുഎമ്മും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗും സംയുക്തമായി സംഘടിപ്പിച്ച 'വിമന്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ പ്രോഗ്രാം' വിജയിച്ച വനിതാ ഗവേഷകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമാപനചടങ്ങില്‍ വിതരണം ചെയ്തു. ഗവേഷകരായ രേഷ്മ ജോസ്(അസി. പ്രൊഫസര്‍, സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി), വിദ്യാ മോഹനന്‍ (ഐസിഎആര്‍-സിഐഎഫ്ടി പിഎച്ച്ഡി സ്‌കോളര്‍ ) ഡോ.മേഘ പി .എം (ഷെല്‍റ്റ് ഇന്നൊവേഷന്‍ സ്ഥാപക), ഡോ. ശ്രുതി കെ. പി (ബി മാസ്റ്റേഴ്‌സ് നാച്വറല്‍സ് സ്ഥാപക), കുസാറ്റിലെ ബയോടെക്‌നോളജി വിഭാഗം പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ. ബിന്ദിയ ഇ.എസ്, ഡോ.ജിത്തു രവീന്ദ്രന്‍ (പോസ്റ്റ് ഡോക്ടറല്‍ ഫെലോ, ഐഐടി പാലക്കാട്) ഡോ. പാര്‍വ്വതി നാരായണന്‍ (പി.ജി വിദ്യാര്‍ത്ഥി കെഎംസിടി ഡെന്റല്‍ കോളേജ്) എന്നിവരാണ് വിജയികളായത്.
'ക്ലോസ് ദ ഡീല്‍' കോര്‍പ്പറേറ്റ്-സ്റ്റാര്‍ട്ടപ്പ് മാച്ചിംഗില്‍ എല്‍ ആന്‍ഡ് ടി ഡിജിറ്റല്‍ എനര്‍ജി സൊല്യൂഷന്‍സ്, യെസ് ബാങ്ക്, എച്ച്ഡിഎഫ് സി ബാങ്ക്, ബോഷ്, വേദാന്ത സ്പാര്‍ക്ക്, സെന്റ് ഗോബെയ്ന്‍, ഐഡിഎഫ് സി ഫസ്റ്റ് ബാങ്ക്, നബാര്‍ഡ്, ഡിബിഎസ് ബാങ്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് പങ്കെടുത്തത്.
20 മാസ്റ്റര്‍ ക്ലാസുകള്‍
ഏകദേശം 20 മാസ്റ്റര്‍ ക്ലാസുകള്‍ ഉണ്ടായിരുന്നു കോണ്‍ക്ലേവില്‍ ഓരോന്നിനും 75-ലധികം പേര്‍ പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പിന്റെ വിവിധ വശങ്ങള്‍ സമഗ്രമായി ഉള്‍ക്കൊള്ളിച്ചു ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, കെയര്‍സ്റ്റാക്ക് ക്രയോണ്‍, എഎന്‍ബി ലീഗല്‍, നബാര്‍ഡ്, വാധ്വനി ഫൗണ്ടേഷന്‍, ഹീറോ മോട്ടോകോര്‍പ്പ്, കേരള പ്രോഡക്ട് ഹണ്ട്, സക്‌സസ്ബ്രൂ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഈ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
വി സ്റ്റാര്‍ട്ട് പ്രീ-ഇന്‍കുബേഷന്‍ പ്രോഗ്രാം
വനിതകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന കെഎസ്‌യുഎമ്മിന്റെ 'വി സ്റ്റാര്‍ട്ട് പ്രീ-ഇന്‍കുബേഷന്‍ പ്രോഗ്രാമിന്' കീഴില്‍ തിരഞ്ഞെടുത്ത ഒമ്പത് സ്റ്റാര്‍ട്ടപ്പുകളെയും സമാപനച്ചടങ്ങില്‍ പ്രഖ്യാപിച്ചു. ഷിബിന എളയിലിന്റെ 70 എംഎം മീഡിയ വില്ലേജ്, ദീപ പി കെ യുടെ അനിമോണ്‍ നാച്ചുറല്‍സ്, ബീന മെല്‍ബിന്റെ ബീമീ സര്‍വീസസ്, മീര ആറിന്റെ കോ എക്‌സിസ്റ്റന്‍സ്, പൂജാസ് കാന്തറിന്റെ പി4കെ, ഗൗതം എ യുടേയും അഞ്ജന ജോസഫിന്റെയും പെട്രിക്കോര്‍ റിഫോംസ്, ആതിര. എസിന്റെ വിവിഫൈ സ്റ്റോര്‍, അമൃതയുടെ ഉത്പല ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്, റോസ് മനാച്ചേരിയുടെ ഉര്‍കിഡ്‌സ്പാര്‍ട്ടി എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട വി സ്റ്റാര്‍ട്ട് കോഹോര്‍ട്ട് രണ്ടാം സ്റ്റാര്‍ട്ടപ്പുകള്‍.
പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഹഡില്‍ ഗ്ലോബല്‍ 2024 ന്റെ പ്രധാന ലക്ഷ്യം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള പ്ലാറ്റ് ഫോമും ഹഡില്‍ ഗ്ലോബലില്‍ സജ്ജമാക്കിയിരുന്നു. നവംബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഹഡില്‍ ഗ്ലോബല്‍-2024 ഉദ്ഘാടനം ചെയ്തത്.
Next Story
Videos