സി.എസ്.ബി ബാങ്കില്‍ 9.95% ഓഹരി വാങ്ങാന്‍ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യലിന് ആര്‍.ബി.ഐ അനുമതി

CSB Bank Branch
Image : CSB Bank
Published on

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കില്‍ (CSB Bank) ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് (ICICI Prudential AMC) 9.95 ശതമാനം വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അംഗീകാരം. ബാങ്കിന്റെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിലോ വോട്ടിംഗ് അവകാശങ്ങളിലോ ആണ് ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ എ.എം.സിക്ക് ഈ നേട്ടം കൈവരിക്കാന്‍ ആര്‍.ബി.ഐ പച്ചക്കൊടി കാട്ടിയത്.

2026 സെപ്റ്റംബര്‍ 8-ലെ കത്തിലൂടെയാണ് റിസര്‍വ് ബാങ്ക് തീരുമാനം അറിയിച്ചതെന്ന് സി.എസ്.ബി ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കി.

നിബന്ധനകള്‍ക്ക് വിധേയം

ഈ അനുമതി റിസര്‍വ് ബാങ്ക് മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് ഫയലിംഗില്‍ പറയുന്നു. ബാങ്കിംഗ് റഗുലേഷന്‍ ആക്ട് 1949, റിസര്‍വ് ബാങ്കിന്റെ 2025-ലെ ആക്വിസിഷന്‍ ആന്‍ഡ് ഹോള്‍ഡിംഗ് ഓഫ് ഷെയേഴ്സ് ഡയറക്ഷന്‍സ്, ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) 1999 എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകള്‍ കമ്പനി പാലിക്കേണ്ടതുണ്ട്. ഇതിനുപുറമേ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളും മറ്റ് നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചായിരിക്കും നിക്ഷേപ നടപടികള്‍ നടക്കുക.

കേരളത്തില്‍ നിന്നുള്ള പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ സി.എസ്.ബി ബാങ്കില്‍ രാജ്യത്തെ മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ താല്പര്യം കാണിക്കുന്നത് സ്ഥാപനത്തിന്റെ വളര്‍ച്ചയിലുള്ള നിക്ഷേപകരുടെ വിശ്വാസ്യത വ്യക്തമാക്കുന്നതാണ്.

ഫെഡറല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് തുടങ്ങിയവയിലും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസിക്ക് 9.95 ശതമാനം വരെ ഓഹരി പങ്കാളിത്തത്തിന് ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്.

ഓഹരി ഇടിവില്‍

സി.എസ്.ബി ബാങ്ക് ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 36 ശതമാനത്തിലധികം ഇടിവാണ് ഓഹരി വിലയിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലെ ഓഹരിയുടെ നഷ്ടം 14 ശതമാനവുമാണ്.

Thrissur-based CSB Bank gets RBI approval for ICICI Prudential AMC to acquire up to 9.95% stake in the lender.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com