Begin typing your search above and press return to search.
ഇടുക്കി വീണ്ടും ഏറ്റവും വലിയ ജില്ല, പാലക്കാട് രണ്ടാംസ്ഥാനത്ത്; കാരണം ഇതാണ്
കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന പട്ടം 26 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെപ്പിടിച്ച് ഇടുക്കി. പാലക്കാടിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇടുക്കിയുടെ നേട്ടം. 1997 ജനുവരി ഒന്നിനായിരുന്നു ഇടുക്കിയില്‍ നിന്ന് ഏറ്റവും വലിയ ജില്ലയെന്ന പെരുമ പാലക്കാട് സ്വന്തമാക്കിയത്.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ നിന്ന് കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലേക്ക് മാറ്റിയതോടെയായിരുന്നു 1997ല്‍ ഇടുക്കിക്ക് ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ കുട്ടമ്പുഴ വില്ലേജിന്റെ കൈവശമായിരുന്ന 12,718 ഏക്കര്‍ ഭൂമി വീണ്ടും ഇടുക്കി ജില്ലയിലെ ഇടമലക്കുടി വില്ലേജിന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ അഞ്ചിന് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിജ്ഞാപനവുമിറക്കി. ഇതോടെയാണ്, രണ്ടര പതിറ്റാണ്ടിന് ശേഷം ഏറ്റവും വലിയ ജില്ലയെന്ന നേട്ടം ഇടുക്കിയെ തേടി വീണ്ടുമെത്തിയത്.
ഇടമലക്കുടി പഞ്ചായത്തിന്റെ ഭാഗം തന്നെയായിരുന്ന ഭൂപ്രദേശമാണ് വീണ്ടും കൂട്ടിച്ചേര്‍ക്കുന്നത്. എന്നാല്‍, റെവന്യൂ രേഖകളില്‍ ഈ പ്രദേശം കുട്ടമ്പുഴ വില്ലേജിന്റെ പരിധിയിലായിരുന്നു. ഭരണ നിര്‍വഹണത്തിന്റെ സൗകര്യാര്‍ത്ഥമാണ് ഇപ്പോഴത്തെ നടപടി.
എറണാകുളം 5-ാം സ്ഥാനത്ത്
കുട്ടമ്പുഴയുടെ ഭാഗം തിരികെപ്പിടിച്ചതോടെ ഇടുക്കിയുടെ വിസ്തീര്‍ണം 4,358 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 4,612 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നു. 4,482 ചതുരശ്ര കിലോമീറ്ററാണ് പാലക്കാടിനുള്ളത്.
നാലാം സ്ഥാനത്തായിരുന്ന എറണാകുളം ഇതോടെ അഞ്ചാംസ്ഥാനത്തായി. മൂന്നാമത്തെ വലിയ ജില്ല മലപ്പുറമാണ്. തൃശൂരാണ് നാലാംസ്ഥാനത്ത്.
Next Story
Videos