

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിദേശികളായ വ്യക്തികള്‍ക്ക് നിക്ഷേപിക്കാവുന്നതിന്റെ പരിധി അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കാന്‍ റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
വിദേശ വ്യക്തിഗത നിക്ഷേപക പരിധി വർദ്ധിപ്പിക്കുന്നതിനു പുറമേ, ലിസ്റ്റ് ചെയ്ത കമ്പനികളിലെ നിക്ഷേപം വിദേശ വ്യക്തിഗത നിക്ഷേപകർക്ക് തുറന്നുകൊടുക്കുന്നതും ആർബിഐ പരിഗണിക്കുന്നുണ്ട്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, വിദേശ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ലിസ്റ്റഡ് കമ്പനികളില്‍ നിക്ഷേപിക്കാന്‍ അനുവാദമുള്ളൂ.
ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി, ദുബായ് ആസ്ഥാനമായ ബ്യൂമെര്‍ക് കോര്‍പ്പറേഷന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനും സി.ഇ.ഒയുമായ സിദ്ധാര്‍ത്ഥ ബാലചന്ദ്രന്‍ (എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും നിക്ഷേപമുണ്ട്) തുടങ്ങിയ പ്രമുഖ മലയാളി നിക്ഷേപകര്‍ക്കും ലിസ്റ്റഡ് കമ്പനികളില്‍ കൂടുതല്‍ നിക്ഷേപത്തിന് അവസരമൊരുക്കുന്നതാണ് ഈ നീക്കം. ലിസ്റ്റഡ് കമ്പനികളില്‍ എല്ലാ വിദേശ വ്യക്തികള്‍ക്കുമായി നടത്താവുന്ന നിക്ഷേപത്തിന്റെ പരിധി 10ല്‍ നിന്ന് 24 ശതമാനമാക്കാനാണ് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്.
കേരളം ആസ്ഥാനമായ ലിസ്റ്റഡ് ബാങ്കുകളിലെല്ലാം എം.എ യൂസഫലി ഇതിനകം തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്. കേരളത്തില്‍ കൂടുതല്‍ മേഖലകളില്‍ നിക്ഷേപം നടത്തി വരുന്ന എം.എ യൂസഫലിക്ക് ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപം ഉയര്‍ത്താനും പുതിയ നിക്ഷേപങ്ങള്‍ നടത്താനും പുതിയ നീക്കം സഹായിക്കും.
കേരളം ആസ്ഥാനമായുള്ള ബാങ്കുകളിലെ മാത്രം യൂസഫലിയുടെ മൊത്തം നിക്ഷേപ മൂല്യം 1,935 കോടി രൂപയാണ്.
2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കില്‍ 3.09 ശതമാനം ഓഹരികളാണ് എ.എ യൂസഫലിക്കുള്ളത്. ഇന്ന് 195 രൂപയിലാണ് ഫെഡറല്‍ ബാങ്ക് ഓഹരികള്‍ വ്യാപാരം നടത്തുന്നത്. ഇതുപ്രകാരം ഫെഡറല്‍ ബാങ്കില്‍ യൂസഫലിക്കുള്ള ഓഹരികളുടെ മൂല്യം 1,466 കോടി രൂപ വരും.
സി.എസ്.ബി ബാങ്കില്‍ 2.17 ശതമാനം ഓഹരിയാണ് യൂസഫലി കൈവശം വച്ചിരിക്കുന്നത്. ഇന്നത്തെ ഓഹരി വിലയായ 299 രൂപ വച്ച് കണക്കാക്കുമ്പോള്‍ മൊത്തം ഓഹരി മൂല്യം 112 കോടി രൂപ വരും.
സൗത്ത് ഇന്ത്യന്‍ ബാങ്കിലെ യൂസഫലിയുടെ 4.32 ശതമാനം ഓഹരികളുടെ ഇന്നത്തെ മൂല്യം 264 കോടി രൂപയും ധനലക്ഷ്മി ബാങ്കിലെ അഞ്ച് ശതമാനം ഓഹരികളുടെ മൂല്യം 37 കോടി രൂപയുമാണ്. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 4.49 ശതമാനം ഓഹരികളുണുള്ളത്. ഇതിന്റെ ഇന്നത്തെ മൂല്യം 56 കോടിയാണ്.
നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, ഈ ബാങ്കുകളിലെല്ലാം യൂസഫലിക്ക് 5 ശതമാനത്തില്‍ താഴെ ഓഹരി മാത്രമേ ഉള്ളൂ. പരിധി 10 ശതമാനമാക്കി ഉയര്‍ത്തിയാലും, ബാങ്കുകളിലെ ഓഹരി 5ശതമാനത്തിലധികമാക്കണമെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.
സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ ബാങ്കുകളുടെ സ്ഥിരതയും സമഗ്രതയും നിലനിര്‍ത്തുന്നതിനുവേണ്ടിയാണിത്്. ഇത് ഉറപ്പുവരുത്തുന്നതിനായി 'യോഗ്യരും അനുയോജ്യരുമായ' വ്യക്തികള്‍ക്ക് മാത്രമാണ് ഓഹരി ഉടമസ്ഥാവകാശം നേടാന്‍ റിസര്‍വ് അനുമതി നല്‍കുന്നത്.
ബാങ്കുകള്‍ കൂടാതെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും (സിയാല്‍) കണ്ണൂര്‍ വിമാനത്താവളത്തിലുമാണ് (കിയാല്‍) എം.എ യൂസഫലിക്ക് നിക്ഷേപമുള്ളത്. ഇവരണ്ടും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത കമ്പനികളായതിനാല്‍ വിദേശ നിക്ഷേപക പരിധി ബാധകമല്ല.
2023-24 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങളനുസരിച്ച് സിയാലില്‍ എം.എ യൂസഫലിക്ക് 12.11 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. മൊത്തം 5.7 കോടി ഓഹരികളാണ് കൈവശം വച്ചിരിക്കുന്നത്. അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റ്) 435 രൂപയ്ക്കാണ് ഓഹരി വ്യാപാരം നടത്തുന്നത്. അതനുസരിച്ച് 20,803 കോടി രൂപയാണ് സിയാലിന്റെ വിപണി മൂല്യം. ഇതുപ്രകാരം എം.എ യൂസഫലിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം ഏകദേശം 2,800 കോടി രൂപയോളം വരും.
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് എം.എ യൂസഫലിക്ക് 8.59 ശതമാനം ഓഹരികളുണ്ട്. അനൗദ്യോഗിക വിപണിയില്‍ 138 രൂപയ്ക്കാണ് ഓഹരി വില്‍പ്പന നടക്കുന്നത്. ഇതുപ്രകാരം 158 കോടി രൂപയാണ് കിയാലിലെ എം.എ യൂസഫലിയുടെ നിക്ഷേപം.
Read DhanamOnline in English
Subscribe to Dhanam Magazine