ജെ.പി മോര്‍ഗന്റെ 'പച്ചക്കൊടി'; ഐ.ഐ.എഫ്.എല്‍, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളില്‍ 8% വരെ കുതിപ്പ്

സ്വര്‍ണപ്പണയ വായ്പാ രംഗത്തെ മുന്നേറ്റവും അന്താരാഷ്ട്ര തലത്തില്‍ മുന്‍നിര ബ്രോക്കറേജിന്റെ അനുകൂല റേറ്റിംഗും കമ്പനികള്‍ക്ക് തുണയായി
gold jewellery and stock market
canva
Published on

സ്വര്‍ണപ്പണയ വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ നോണ്‍-ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളായ (NBFC) ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് (IIFL Finance), മണപ്പുറം ഫിനാന്‍സ് (Manappuram Finance), മുത്തൂറ്റ് ഫിനാന്‍സ് (Muthoot Finance) എന്നിവയ്ക്ക് അനുകൂല റേറ്റിംഗുമായി ആഗോള ബ്രോക്കറേജ് ഭീമനായ ജെ.പി മോര്‍ഗന്‍ (J.P. Morgan). കമ്പനികള്‍ക്ക് 'ഓവര്‍വെയ്റ്റ്' (Overweight) റേറ്റിംഗ്‌ ലഭിച്ചതിന് പിന്നാലെ വ്യാപാരത്തിനിടെ ഈ സ്ഥാപനങ്ങളുടെ ഓഹരി വിലയില്‍ 8 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ചയും ഇന്ത്യയിലെ ഗ്രാമീണ-അര്‍ദ്ധ നഗര മേഖലകളില്‍ സ്വര്‍ണപ്പണയ വായ്പകള്‍ക്കുള്ള വര്‍ധിച്ച ആവശ്യകതയും ഈ കമ്പനികളുടെ ലാഭക്ഷമത ഉയര്‍ത്തുമെന്നാണ് ജെ.പി മോര്‍ഗന്റെ വിലയിരുത്തല്‍.

ഓഹരി വിപണിയിലെ മുന്നേറ്റം

ജെ.പി മോര്‍ഗന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്‍ട്രാഡേ വ്യാപാരത്തില്‍ ധനകാര്യ ഓഹരികളില്‍ ശക്തമായ വാങ്ങല്‍ താല്പര്യം (Buying interest) പ്രകടമായി. മണപ്പുറം ഫിനാന്‍സ് ഓഹരി വിലയില്‍ 8 ശതമാനം വരെ ഉയര്‍ന്ന മുന്നേറ്റമുണ്ടായി. ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് ഓഹരികള്‍ 6 മുതല്‍ 7 ശതമാനം വരെ നേട്ടത്തില്‍ വ്യാപാരം നടത്തി.

മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വിലയില്‍ 2 മുതല്‍ 4 ശതമാനം വരെ വര്‍ധനയുണ്ടായി.

വിപണിയിലെ താത്കാലിക നിശ്ചലാവസ്ഥയ്ക്കിടയിലും മികച്ച വളര്‍ച്ചാ സാധ്യതയുള്ള മേഖലയായി സ്വര്‍ണപ്പണയ രംഗത്തെ ജെ.പി മോര്‍ഗന്‍ അടയാളപ്പെടുത്തിയതാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്.

രാജ്യാന്തര സ്വര്‍ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെയും സ്വര്‍ണപ്പണയ കമ്പനികളുടെ ഓഹരികളില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 6 ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. മണപ്പുറം ഫിനാന്‍സ് ഓഹരി വില ഇക്കാലയളവില്‍ 4 ശതമാനത്തോളവും ഐഐഎഫ്എല്‍ ഫിനാന്‍സ് 9 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.

ജെ.പി മോര്‍ഗന്റെ നിരീക്ഷണം

സ്വര്‍ണത്തിന്റെ വിലയിലുണ്ടായ ചരിത്രപരമായ വര്‍ധന വായ്പാ വിതരണത്തിനും ഈട് മൂല്യത്തിനും (Collateral Value) കൂടുതല്‍ കരുത്ത് പകരുന്നത് എന്‍.ബി.എഫ്.സികള്‍ക്ക് നേട്ടമാണ്. മുന്‍നിര ബാങ്കുകള്‍ വായ്പാ നിബന്ധനകള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍, അതിവേഗം വായ്പ ലഭ്യമാക്കുന്ന സ്വര്‍ണപ്പണയ സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്.

റിസര്‍വ് ബാങ്കിന്റെ (RBI) നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ച് മുന്നോട്ടുപോകുന്നതും അസറ്റ് ക്വാളിറ്റിയില്‍ (Asset Quality) സ്ഥിരത പുലര്‍ത്തുന്നതും ഈ കമ്പനികള്‍ക്ക് വരും പാദങ്ങളിലും മികച്ച ബിസിനസ് നേടാന്‍ സഹായകരമാകും.

കേരള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വര്‍ണ്ണപ്പണയ വായ്പാ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സിനും മണപ്പുറം ഫിനാന്‍സിനും ആഗോള ബ്രോക്കറേജിന്റെ ഈ റിപ്പോര്‍ട്ട് വലിയ ആശ്വാസവും നേട്ടവുമാണ് നല്‍കുന്നത്. ആഗോളതലത്തിലെ വലിയ ധനകാര്യ വിശകലന ഏജന്‍സികള്‍ ഇത്തരത്തില്‍ പോസിറ്റീവ് റേറ്റിംഗ് നല്‍കുന്നത് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരില്‍ (FPI) മലയാളി എന്‍.ബി.എഫ്.സികളോടുള്ള ആഭിമുഖ്യം കൂട്ടാന്‍ വഴിയൊരുക്കും.

JP Morgan upgrades gold loan NBFCs; Manappuram, IIFL Finance shares jump up to 8%

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com