കരിയറിന് പുതുവഴികൾ തുറന്ന് ഐ.ഐ.ടി പാലക്കാടും ഇറാം സ്കിൽസ് അക്കാദമിയും; അത്യാധുനിക ടെക് മേഖലകളിൽ തൊഴിലധിഷ്ഠിത പരിശീലനം ഉടൻ തുടങ്ങും

എല്ലാ മാസവും ആവർത്തിക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാം. ഇത് ഉദ്യോഗാർത്ഥികൾക്ക് പ്രായോഗിക സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം ഓട്ടോമോട്ടീവ് മേഖലയിൽ മികച്ച തൊഴിൽ അവസരങ്ങളും ഉറപ്പാക്കും
IIT Palakkad Skill Development Programme
Published on

തൊഴിൽ ലക്ഷ്യമിട്ടുള്ള പുതിയ പരിശീലന പദ്ധതി ആരംഭിക്കുന്നതിനായി ഐ.ഐ.ടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനും (IPTIF) ഇറാം സ്കിൽസ് അക്കാദമിയും തമ്മിൽ നിർണായക ധാരണാപത്രത്തിൽ (എം.ഒ.യു) ഒപ്പുവെച്ചു. വളർന്നുവരുന്ന അത്യാധുനിക സാങ്കേതിക മേഖലകളിൽ വ്യവസായ ലോകത്തിന് അനുയോജ്യമായ തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ സംയുക്തമായി നടപ്പിലാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി), സൗരോർജ്ജം, ബാറ്ററി സാങ്കേതികവിദ്യ, ഡ്രോണുകൾ, പവർ ഇലക്ട്രോണിക്സ് തുടങ്ങിയ ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിൽ ഭാവിയിലേക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ വാർത്തെടുക്കാനും ഉദ്യോഗാർത്ഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കാനും ഈ കൂട്ടായ്മ വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യഘട്ടത്തിൽ 5 ദിവസത്തെ ഇ.വി പരിശീലനം

ഈ പങ്കാളിത്തത്തിന്റെ ആദ്യപടിയായി, ഐ.പി.ടി.ഐ.എഫിന്റെ അത്യാധുനിക ഇ.വി ഫെസിലിറ്റിയിൽ വെച്ച് അഞ്ച് ദിവസത്തെ ഇലക്ട്രിക് വെഹിക്കിൾ പരിശീലന പരിപാടി സംഘടിപ്പിക്കും. ഇറാം സ്കിൽസ് അക്കാദമിയുടെ ഓട്ടോമോട്ടീവ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിലെ പങ്കാളികൾക്കായാണ് ആദ്യഘട്ടത്തിൽ ഈ പരിശീലനം നൽകുന്നത്.

എല്ലാ മാസവും ആവർത്തിക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് ഉദ്യോഗാർത്ഥികൾക്ക് പ്രായോഗിക സാങ്കേതിക വൈദഗ്ധ്യവും ഒപ്പം ഓട്ടോമോട്ടീവ് മേഖലയിൽ മികച്ച തൊഴിൽ അവസരങ്ങളും ഉറപ്പാക്കും.

പ്രമുഖരുടെ സാന്നിധ്യം

ഐ.ഐ.ടി പാലക്കാട് ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇറാം ഹോൾഡിംഗ്സ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഐ.പി.ടി.ഐ.എഫ് ഡയറക്ടർ ഡോ. വിജയ് മുരളിധരൻ, സി.ഇ.ഒ ഡോ. സായ് ശ്യാം നാരായണൻ, സി.ഒ.ഒ ഡോ. റിജേഷ് കൃഷ്ണ, ടെക്കിൻ (TECHIN) സി.ഒ.ഒ മിഥു ഉണ്ണിത്താൻ, ഇറാം ഹോൾഡിംഗ്സ് റീജിയണൽ ഡയറക്ടർ ബിജോയ് ദേവദാസ്, ഈറം പവർ ഇലക്ട്രോണിക്സ് സി.ഇ.ഒ ജേക്കബ് തോമസ്, ഇറാം സ്കിൽസ് അക്കാദമി ജനറൽ മാനേജർ ഓസ്റ്റിൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കേരള റീജിയണൽ പ്രതിനിധികൾ, ചടങ്ങിനോടനുബന്ധിച്ച് ഐ.പി.ടി.ഐ.എഫിന്റെ ഇ.വി സൗകര്യങ്ങൾ സന്ദർശിച്ചു. പരിശീലനം പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്ലേസ്മെന്റ് സാധ്യതകളെ കുറിച്ചും വ്യവസായ മേഖലയുമായുള്ള ഭാവി സഹകരണത്തെ സംബന്ധിച്ചും അവർ ചർച്ച നടത്തി.

ഐ.പി.ടി.ഐ.എഫ്:

രാജ്യത്തെ മുൻനിര സാങ്കേതികശാസ്ത്ര പഠന സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.ടി പാലക്കാട്, 2020-ൽ സ്ഥാപിച്ച ടെക്നോളജി ഇന്നൊവേഷൻ ഹബ്ബാണ് ഐ.പി.ടി.ഐ.എഫ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (DST) പിന്തുണയോടെ പ്രവർത്തിക്കുന്ന രാജ്യത്തെ 25 ടെക്നോളജി ഇന്നൊവേഷൻ ഹബുകളിൽ ഒന്നാണിത്. ഊർജ്ജം, സുരക്ഷ എന്നീ മേഖലകളിലെ സാങ്കേതികവിദ്യ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന ഐ.ഐ.ടിയും ഇറാം സ്കിൽസ് അക്കാദമിയും തമ്മിലുള്ള സഹകരണം, രാജ്യത്തെ ക്ലീൻ എനർജി & ട്രാൻസ്പോർട്ട് മേഖലയുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഇന്ത്യൻ പ്രതിഭകളെ വാർത്തെടുക്കുമെന്നാണ് പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com