ഇൻഡൽ മണിയുടെ രണ്ടാം പാദ ലാഭം 222% ഉയർന്ന് ₹79.98 കോടി; AUM ₹5,015 കോടിയായി

ലാഭത്തിലുണ്ടായ ഗണ്യമായ വളര്‍ച്ചയും കൈകാര്യം ചെയ്യുന്ന ആസ്തിയിലെ വര്‍ധനയും സൂചിപ്പിക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തന വ്യാപ്തിയും ഇടപാടുകാര്‍ അര്‍പ്പിച്ച വിശ്വാസവുമാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍
Indel Money
Published on: 

പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡല്‍ മണിയുടെ രണ്ടാം പാദത്തിലെ നികുതിക്കു ശേഷമുള്ള ലാഭം 79.98 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെയപേക്ഷിച്ച് 222 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2026 സെപ്തംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ഒന്നാം പകുതിയിലെ നികുതിക്കു ശേഷമുള്ള ലാഭം 107.62 കോടി രൂപയാണ്. മുന്‍വര്‍ഷത്തെയപേക്ഷിച്ച് 121 ശതമാനം അര്‍ധ വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി നേടിയത്.

കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM ) 83 ശതമാനം വളര്‍ന്ന് 5015 കോടി രൂപയായി. അറ്റവരുമാനം മുന്‍വര്‍ഷത്തെയപേക്ഷിച്ച് 111 ശതമാനം ഉയര്‍ന്ന് 159.81 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 118 ശതമാനം ഉയര്‍ന്ന് 145 കോടി രൂപയായി.

സ്വര്‍ണ്ണവായ്പ എന്‍ബിഎഫ്‌സിയായ കമ്പനിയുടെ പ്രീപ്രൊവിഷന്‍ ഓപറേറ്റിംഗ് ലാഭം (PPOP) 182 ശതമാനം വളര്‍ച്ചയോടെ 98.95 കോടി രൂപയിലെത്തി. നിഷ്ക്രിയ ആസ്തി വെറും 1.41 ശതമാനം മാത്രമാണ്. ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളിലൂടെ (NCD) യും വായ്പകളിലൂടെയും രണ്ടാം പാദത്തില്‍ കമ്പനി 1496 കോടി രൂപയും അര്‍ധ വര്‍ഷം 2,220 കോടി രൂപയും സംഭരിച്ചു. മൂന്നു മാസത്തിനിടെ പുതുതായി 17 ശാഖകള്‍ തുറന്നതോടെ മൊത്തം ശാഖകളുടെ എണ്ണം 427 ആയി ഉയര്‍ന്നു.

കഴിഞ്ഞ ഏതാനും പാദങ്ങളിലായി കമ്പനി കൈവരിച്ച വളര്‍ച്ചയുടെ തുടര്‍ച്ചയാണ് ഈ കുതിപ്പെന്ന് ഇന്‍ഡല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. ലാഭത്തിലുണ്ടായ ഗണ്യമായ വളര്‍ച്ചയും കൈകാര്യം ചെയ്യുന്ന ആസ്തിയിലെ വര്‍ധനയും സൂചിപ്പിക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തന വ്യാപ്തിയും ഇടപാടുകാര്‍ അര്‍പ്പിച്ച വിശ്വാസവുമാണെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```