

രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഇന്‍ഡെല്‍ മണി സുരക്ഷിതമായ കടപ്പത്രങ്ങളുടെ (എന്‍.സി.ഡി) നാലാമത്തെ പബ്ലിക് ഇഷ്യു പ്രഖ്യാപിച്ചു. 1000 രൂപ മുഖവിലയുള്ള, ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളാണ് പുറത്തിറക്കുന്നത്.
2024 ജനുവരി 30ന് ആരംഭിച്ച ഇഷ്യു ഫെബ്രുവരി 12ന് അവസാനിക്കും. നിശ്ചിത സമയത്തിനു മുമ്പു തന്നെ കൂടുതല്‍ സബ്സ്‌ക്രിബ്ഷനുകള്‍ ലഭിച്ചാല്‍ ഇഷ്യു അവസാനിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. വാര്‍ഷിക പലിശ നിരക്ക് 12.25 ശതമാനമാണ്. കടപ്പത്രങ്ങളുടെ കാലാവധി 366 ദിവസം മുതല്‍ 72 മാസം വരെയാണ്. ചുരുങ്ങിയ നിക്ഷേപം പതിനായിരം രൂപയാണ് (10 കടപ്പത്രങ്ങള്‍). 72 മാസ കാലയളവില്‍ നിക്ഷേപം ഇരട്ടിയാകും.
തുടക്കത്തില്‍ 100 കോടി രൂപയുടെ കടപ്പത്രങ്ങളാണിറക്കുന്നതെങ്കിലും 200 കോടി രൂപ വരെ സമാഹരിക്കാന്‍ അനുമതിയുണ്ട്. വിവ്രോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് ലീഡ് മാനേജര്‍. കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്ന പണം സ്വര്‍ണപ്പണയ വായ്പകള്‍ക്കും മറ്റ് ധനകാര്യ സേവനങ്ങള്‍ക്കും കമ്പനിയുടെ കടം തിരിച്ചടക്കുന്നതിനുമാണ് ഉപയോഗിക്കുക. നേരത്തേ 3 ഘട്ടങ്ങളിലായി ഇഷ്യു ചെയ്ത കടപ്പത്രങ്ങളിലൂടെ കമ്പനി 260 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
2025ഓടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്‍പ്പടെ 12 സംസ്ഥാനങ്ങളിലായി 425 ശാഖകളാക്കി ഉയര്‍ത്താനാണ് ഇന്‍ഡെല്‍ മണി ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine