15 ശതമാനം തീരുവയില്‍ തട്ടി താഴേക്ക്‌ ജുവലറി ഓഹരികള്‍, കള്ളക്കടത്ത് ആശങ്ക വീണ്ടും, കേന്ദ്ര നീക്കത്തിന് പിന്നിലെ കാരണങ്ങള്‍ നോക്കാം

സ്വര്‍ണ നാണയങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഈ വര്‍ധന ബാധകമാണ്
15 ശതമാനം തീരുവയില്‍ തട്ടി താഴേക്ക്‌ ജുവലറി ഓഹരികള്‍, കള്ളക്കടത്ത് ആശങ്ക വീണ്ടും, കേന്ദ്ര നീക്കത്തിന് പിന്നിലെ കാരണങ്ങള്‍ നോക്കാം
Published on

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി. പ്ലാറ്റിനത്തിന്റെ നികുതി 6.4 ശതമാനത്തില്‍ നിന്ന് 15.4 ശതമാനമായും വര്‍ധിപ്പിച്ചു. സ്വര്‍ണ നാണയങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഈ വര്‍ധന ബാധകമാണ്.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ക്രൂഡ് ഓയില്‍, വളം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി വിദേശനാണ്യം മുന്‍ഗണനാടിസ്ഥാനത്തില്‍ നീക്കിവെക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു.

വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുവ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് വരുന്നത്.

2024-25 ബജറ്റിലായിരുന്നു സ്വര്‍ണത്തിന്റെ നികുതി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നത്. എന്നാല്‍ മാറിയ സാമ്പത്തിക സാഹചര്യത്തില്‍ ഇത് വീണ്ടും പഴയ നിരക്കിലേക്ക് എത്തിച്ചിരിക്കുകയാണ്.

എന്തുകൊണ്ട് ഈ നിയന്ത്രണം?

ഇന്ത്യയിൽ സ്വർണ്ണ ഉൽപാദനമില്ല. അതിനാൽ രാജ്യത്തെ ഏതാണ്ട് മുഴുവൻ ആവശ്യകതയും ഇറക്കുമതി വഴിയാണ് നിറവേറ്റുന്നത്. ഇതിനായി പണമടയ്ക്കുന്നത് യുഎസ് ഡോളറിലുമാണ്.

2025-26 വർഷത്തിൽ ഇന്ത്യയുടെ ആകെ ഇറക്കുമതി ബില്ലിന്റെ 9-10 ശതമാനവും സ്വർണ്ണ ഇറക്കുമതിയായിരുന്നു. കണക്കുകൾ പ്രകാരം, ആഭ്യന്തര ആവശ്യങ്ങൾക്കായി സ്വർണ്ണം ഇറക്കുമതി ചെയ്യാൻ ഇന്ത്യ 71.98 ബില്യൺ ഡോളർ (റെക്കോർഡ് തുക) ചിലവാക്കി.

എന്നാൽ പശ്ചിമേഷ്യൻ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വില വർദ്ധനയും കാരണം ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ ഇടിവുണ്ടായിട്ടുണ്ട്. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (CAD) വർദ്ധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകുന്നു.

ഈ സാഹചര്യത്തിൽ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ് ഇന്ത്യ. ഇതിന്റെ കണക്ക് ലളിതമാണ്: സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കുക എന്നാൽ ഇന്ത്യയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഡോളറിന്റെ അളവ് കുറയ്ക്കുക എന്നതാണ്. സ്വർണ്ണ ഇറക്കുമതിയിൽ 30-40 ശതമാനം കുറവുണ്ടാക്കാൻ സാധിച്ചാൽ ഒരു വർഷം 20-25 ബില്യൺ ഡോളർ വരെ ലാഭിക്കാൻ രാജ്യത്തിന് കഴിയും.

വിപണിയെ എങ്ങനെ ബാധിക്കും?

കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുവ വര്‍ധിപ്പിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും സ്വര്‍ണ്ണവില ഉയര്‍ന്നുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇത് ആവശ്യകതയെ ബാധിച്ചേക്കാമെന്ന്‌ ഇന്ത്യ ബുളളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ നാഷണല്‍ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.

നികുതി വര്‍ധന സ്വര്‍ണ വില്‍പനയില്‍ 10-15 ശതമാനം വരെ ബാധിച്ചേക്കാമെന്നാണ് ജുവലറികള്‍ ചൂണ്ടിക്കാട്ടുന്നത്. വില ഉയരുന്നതോടെ ഉപഭോക്താക്കള്‍ കനം കുറഞ്ഞ ആഭരണങ്ങളിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.

ഉയർന്ന വില സ്വർണത്തെ ഒരു നിക്ഷേപമായി കാണുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കും. സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ആഭരണങ്ങള്‍ വാങ്ങുന്നവരെയും ചടങ്ങുകള്‍ക്കായി സ്വര്‍ണം കരുതുന്നവരെയും ഇതിനകം നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്.

നിക്ഷേപകർ ഇതിനോടകം തന്നെ ഡിജിറ്റൽ സ്വർണത്തിലേക്ക് (Gold ETFs) മാറിക്കഴിഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ (World Gold Council) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓഹരികളില്‍ വന്‍ ഇടിവ്

തീരുവ വര്‍ധന പ്രഖ്യാപിച്ചതോടെ പ്രമുഖ ജ്വല്ലറി ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി.ടൈറ്റന്‍ കമ്പനിയുടെ ഓഹരികള്‍ 4,053.80 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍, കല്യാണ്‍ ജുവലേഴ്‌സ് 5.87 ശതമാനം ഇടിഞ്ഞ് 340.55 രൂപയിലെത്തി. സെന്‍കോ ഗോള്‍ഡ് 0.56 ശതമാനവും തങ്കമയില്‍ ജ്വല്ലറി ഏകദേശം 3 ശതമാനവും താഴ്ന്നു.

എങ്കിലും, ടൈറ്റന്‍, കല്ല്യാണ്‍ ജ്വല്ലേഴ്‌സ് തുടങ്ങിയ വലിയ ഓര്‍ഗനൈസ്ഡ് ജുവലറികള്‍ക്ക് ഈ സാഹചര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായേക്കാമെന്നാണ് വിലയിരുത്തലുകള്‍. വിശ്വസ്തമായ ബ്രാന്‍ഡുകള്‍ എന്ന നിലയില്‍ അവര്‍ക്ക് വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. കൂടാതെ, സ്വര്‍ണവില കൂടുന്നത് സ്വര്‍ണ പണയ സ്ഥാപനങ്ങള്‍ക്കും (Gold Financing Companies) എന്‍ബിഎഫ്സികള്‍ക്കും ഗുണകരമാകും.

കള്ളക്കടത്തിന് അവസരമൊരുക്കുമെന്ന് ആശങ്ക

സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വര്‍ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍. അന്താരാഷ്ട്ര വിപണിയും ആഭ്യന്തര വിപണിയും തമ്മിലുള്ള വില വ്യത്യാസം വര്‍ധിക്കുന്നത് കള്ളക്കടത്തിന് വലിയ ലാഭമുണ്ടാക്കും. 2024 പകുതിയോടെ ഇന്ത്യ നികുതി കുറച്ചതിനെത്തുടര്‍ന്ന് കള്ളക്കടത്ത് ഗണ്യമായി കുറയുകയും സ്വര്‍ണ ഇറക്കുമതി വര്‍ധിക്കുകയും ചെയ്തിരുന്നു. അയല്‍രാജ്യങ്ങള്‍ വഴി നിയമവിരുദ്ധ വ്യാപാര പാതകള്‍ വീണ്ടും തുറക്കപ്പെടാനുള്ള സാധ്യത നിയമപരമായ ബിസിനസുകളെയും സര്‍ക്കാരിന്റെ നികുതി വരുമാനത്തെയും ദോഷകരമായി ബാധിക്കും.

നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തിട്ടുള്ളത്. 6 ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കുമ്പോള്‍ 800 ടണ്ണില്‍ താഴെയാണ് ഇറക്കുമതി.

ഇറക്കുമതി ചുങ്കം 9 ശതമാനം വര്‍ധിപ്പിച്ചതോടെ ഇന്ത്യയിലെ ആഭ്യന്തര സ്വര്‍ണവില പവന് 10,200 രൂപയുടെ വര്‍ധയാണുണ്ടായത്. അങ്ങനെ നോക്കുമ്പോള്‍ ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്നാല്‍ 20 ലക്ഷം രൂപയ്ക്ക് മുകളില്‍ ലാഭമാണ് ലഭിക്കുക. കള്ളക്കടത്ത് സ്വര്‍ണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാല്‍ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാര്‍ക്ക് ഉണ്ടാവുക. രൂപയുടെ മൂല്യം സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമം അറിഞ്ഞോ അറിയാതെയോ സമാന്തര സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുന്ന സങ്കീര്‍ണമായ അവസ്ഥയാണ് ഉണ്ടാക്കുന്നതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

logo
DhanamOnline
dhanamonline.com