ഇന്ത്യ അസ്വസ്ഥമാണ് ഈ രണ്ട് കാര്യങ്ങളില്‍; വേണം പരിഷ്‌കാരങ്ങള്‍

ഏറെ പ്രാധാന്യമുള്ളതും എന്നാല്‍ അസ്വസ്ഥപ്പെടുത്തുന്നതുമായ രണ്ട് റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. ചില രാജ്യങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ സന്തോഷം പകരുമ്പോള്‍, ഇന്ത്യയെ സംബന്ധിച്ച് തിരുത്തല്‍ നടപടികള്‍ക്കുള്ള ശക്തമായ ആഹ്വാനമാണിത്.

ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ സമ്പന്നരായ ഒരു വിഭാഗം ആളുകള്‍ ദേശീയ വരുമാനത്തിന്റെയും സമ്പത്തിന്റെയും കൂടുതല്‍ വലിയ പങ്ക് ആസ്വദിക്കുന്നു. ഒരു നൂറ്റാണ്ടിലേറെ കാലത്തിനിടയില്‍ ആദ്യമായാണിത്. രാജ്യത്തെ ജനസംഖ്യയുടെ താഴേത്തട്ടിലുള്ള 50 ശതമാനം ആളുകള്‍ ദേശീയ വരുമാനത്തിന്റെ 15 ശതമാനം പങ്കിടുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ മുകള്‍ത്തട്ടിന്റെ ആദ്യത്തെ ഒരു ശതമാനത്തിന്റെ കൈവശമാണ് 22.6 ശതമാനവും. സമ്പത്ത് വിതരണത്തിന്റെ കാര്യത്തില്‍ സ്ഥിതി ഇതിലും മോശമാണ്. ദേശീയ സമ്പത്തിന്റെ 39.5 ശതമാനവും 2023ല്‍ ഒരു ശതമാനം ആളുകളുടെ കൈവശമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ താഴേത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ കൈവശമുള്ളതാവട്ടെ 6.5 ശതമാനം മാത്രവും. പാരീസ് ആസ്ഥാനമായുള്ള വേള്‍ഡ് ഇനീക്വാളിറ്റി ലാബ് നടത്തിയ പഠനമാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
ഉയരുന്ന അന്തരം
ഉയര്‍ന്ന തോതിലുള്ള ഇത്തരം അസമത്വത്തിന്റെ ഫലമായി സമ്പന്നര്‍ക്ക് സമൂഹത്തിലും സര്‍ക്കാരിലും ആനുപാതികമല്ലാത്ത തരത്തിലുള്ള സ്വാധീനം ചെലുത്താനാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ അതിസമ്പന്നരായ 10,000 വ്യക്തികള്‍ ശരാശരി 2,260 കോടി രൂപയുടെ ഉടമസ്ഥരാണ്. ദേശീയ ശരാശരിയുടെ 16,763 മടങ്ങാണിത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം അതിവേഗം വളരുകയായിരുന്നു. ഇത് ആശങ്ക ഉളവാക്കുന്നുണ്ട്. ഉയര്‍ന്ന തോതിലുള്ള അസമത്വങ്ങള്‍ സാമൂഹികവും രാഷ്ട്രീയവുമായ വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അസന്തുഷ്ടരായ ജനത
അതേസമയം അടുത്തിടെ പുറത്തിറങ്ങിയ ആഗോള സന്തോഷ സൂചികയായ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2024ല്‍ 143 രാജ്യങ്ങളില്‍ 126-ാം സ്ഥാനത്താണ് ഇന്ത്യ. റിപ്പോര്‍ട്ട് അനുസരിച്ച് പാകിസ്ഥാന്‍, ലിബിയ, ഇറാഖ്, പലസ്തീന്‍, നൈജര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ 18 വര്‍ഷങ്ങളായി ഇന്ത്യയുടെ സന്തോഷ സൂചികയില്‍ വലിയ ഇടിവ് ഉണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്ത് ഒമ്പത് രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുള്ളത്. അഫ്ഗാനിസ്ഥാന്‍, മലാവി, യെമന്‍, ജോര്‍ദ്ദാന്‍, ബോട്‌സ്വാന, സാംബിയ തുടങ്ങിയ രാജ്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
പല മേഖലകളിലും പുരോഗതിയുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ വളരെ അസന്തുഷ്ടരായിരിക്കുന്നത്? സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വം വര്‍ധിച്ചുവരുന്നതും അസംഘടിത മേഖലയിലെയും ഗ്രാമീണ മേഖലയിലെയും ആളുകളുടെ വരുമാനം കുറഞ്ഞുവരുന്നതും പ്രധാനമായ ഒരു കാരണമാകാം. ഉയര്‍ന്ന തോതിലുള്ള അഴിമതി, പൊതുസേവനങ്ങളുടെ, പ്രത്യേകിച്ച് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ മോശമായ സ്ഥാപനപരമായ പിന്തുണ, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയവയാണ് മറ്റു ചില കാരണങ്ങള്‍.
വേണം ധീരമായ നയങ്ങള്‍
'തീര്‍ച്ചയായും ഇതുണ്ടാക്കുന്ന അപകടങ്ങള്‍ മാനസികാരോഗ്യം - ഉത്കണ്ഠ, വിഷാദം, ക്രിമിനല്‍വല്‍കരണം, മറ്റു തരത്തിലുള്ള മാനസിക വൈകല്യങ്ങള്‍ തുടങ്ങിയവയായിരിക്കും. വരും വര്‍ഷങ്ങളില്‍ രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് മാനസികാരോഗ്യ പ്രശ്‌നങ്ങളായിരിക്കും.' ഇതൊക്കെ ആഴത്തില്‍ പഠിക്കുന്ന ഒരു നിരീക്ഷകന്‍ ചൂണ്ടിക്കാട്ടുന്നു.
അടിച്ചമര്‍ത്തപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടു വരാനും സമ്പന്നരും ദരിദ്രരും തമ്മില്‍ അതിവേഗത്തില്‍ വളരുന്ന അസമത്വവും കുറയ്ക്കാനുമുള്ള ധീരമായ നയങ്ങളും പരിഷ്‌കാരങ്ങളുമാണ് ഇന്ന് രാജ്യത്തിന് ആവശ്യം. വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയിലൂടെയും ഭൂരിപക്ഷം വരുന്ന ആളുകള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കിയും മാത്രമേ വളര്‍ന്നുവരുന്ന സാമൂഹ്യ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കാനും ബഹുജനങ്ങളില്‍ സന്തോഷം നിറക്കാനും കഴിയൂ.

Related Articles

Next Story

Videos

Share it