

ഇന്ത്യ പോസ്റ്റിന്റെ ആദ്യ ജെന്‍സീ പോസ്റ്റ് ഓഫീസ് എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍' കോട്ടയം സി.എം.എസ്. കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തപാല്‍ സേവനങ്ങള്‍ക്കപ്പുറം, ഒരു വര്‍ക്ക് കഫേയും കമ്മ്യൂണിറ്റി ഹബ്ബും ആയി ഈ കേന്ദ്രം മാറും. പോസ്റ്റല്‍ സര്‍വീസുകള്‍ യുവാക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന ആശയം നടപ്പിലാക്കിയത്.
'വിദ്യാര്‍ത്ഥികളുടേത്, വിദ്യാര്‍ത്ഥികളാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി' എന്ന ആശയത്തിലാണ് ഈ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. സി.എം.എസ് കോളേജ് വിദ്യാര്‍ത്ഥികളും ഇന്ത്യ പോസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പോസ്റ്റ് ഓഫീസിന്റെ രൂപകല്‍പ്പനയും ആസൂത്രണവും പൂര്‍ത്തിയാക്കിയത്.
പ്രകൃതിയുമായി ഇണങ്ങിയ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഏരിയകള്‍ സംയോജിപ്പിച്ച ഈ കൗണ്ടര്‍ കോളേജിന്റെ പരിസ്ഥിതി സൗഹൃദ നിലപാടുകള്‍ക്ക് അനുസരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
സി.എം.എസ് കോളജിലെ ഈ ജെന്‍സീ പോസ്റ്റ് ഓഫീസിനെ കുറിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സാമൂഹ്യമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
യുവ ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് ഇന്ത്യ പോസ്റ്റ് എങ്ങനെ പരിണമിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് രാജ്യത്തുടനീളമുള്ള ഈ മാറ്റങ്ങളെന്നാണ് അദ്ദഹം കുറച്ചത്.
പോസ്റ്റ് ഓഫീസിന്റെ പരമ്പരാഗത രൂപത്തില്‍ നിന്നും മാറി, വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായ നിരവധി സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
പിക്നിക് ടേബിള്‍ ശൈലിയിലുള്ള ഇരിപ്പിടങ്ങളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ശാന്തമായ അന്തരീക്ഷം നല്‍കുന്നു. ഉപേക്ഷിച്ച ടയറുകള്‍ പുനരുപയോഗിച്ച് നിര്‍മ്മിച്ച സീറ്റുകള്‍, പരിസ്ഥിതി സൗഹൃദ സമീപനം ഉറപ്പാക്കുന്നു.
ലാപ്‌ടോപ്പുകള്‍ക്കും മൊബൈലുകള്‍ക്കും വേണ്ടി ചാര്‍ജിംഗ് പോയിന്റുകളോടു കൂടിയ വര്‍ക്ക് ഫ്രണ്ട്‌ലി കൗണ്ടര്‍, പുസ്തകങ്ങളും ബോര്‍ഡ് ഗെയിമുകളും ഉള്ള ഒരു റീഡിംഗ് കോര്‍ണര്‍, പാക്കേജിംഗ് മെറ്റീരിയലുകള്‍ അടക്കമുള്ള സൗകര്യങ്ങളോടുകൂടിയ MPCM കൗണ്ടറും കൂടാതെ സ്വന്തമായി സ്റ്റാമ്പ് (MyStamp) പ്രിന്റ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.
ഇന്ത്യ പോസ്റ്റ്, അക്ഷരനഗരി' ആയ കോട്ടയം, കേരളത്തിന്റെ പൈതൃകം, സി.എം.എസ് കോളേജിന്റെ മൂല്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിദ്യാര്‍ത്ഥികളുടെയും സ്റ്റാഫുകളുടെയും കലാസൃഷ്ടികള്‍കൊണ്ടാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine