കേരളത്തില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി

പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടല്‍ ശൃംഖലയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി കേരള മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊല്ലത്തും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും പുതിയ ഹോട്ടലുകള്‍ ആരംഭിക്കും.
കൊല്ലം തിരുമുല്ലവാരം ബീച്ചിന് സമീപം 13 ഏക്കര്‍ സ്ഥലത്താണ് 205 മുറികള്‍ ഉള്ള താജ് ഹോട്ടല്‍ ആരംഭിക്കുന്നത്. ജോയ്സ് ദി ബീച്ച് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിത്ത വ്യവസ്ഥയിലാണ് പുതിയ പദ്ധതി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റ്, മികച്ച നീന്തല്‍ കുളം, സസ്യ ഭക്ഷ്യശാല, ബാര്‍, ജിം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഹോട്ടല്‍ തുടങ്ങാനായി പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ സാരെന്‍ സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയില്‍ 35 കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തിയതായി മാര്‍ച്ച് ആദ്യ വാരം കമ്പനി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഹോട്ടല്‍ നിര്‍മാണം പുരോഗമിക്കുകയാണ്.
പുതിയ സംരംഭങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ കേരളത്തിലെ ഹോട്ടലുകളുടെ എണ്ണം 21ലേക്ക് ഉയരും. കമ്പനിയുടെ മൂന്ന് പ്രമുഖ ഹോട്ടല്‍ ബ്രാന്‍ഡുകളും (താജ്, വിവാന്റ, ജിഞ്ചര്‍) കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it