Begin typing your search above and press return to search.
കേരളത്തിന് ഇനിയും കിട്ടും വന്ദേഭാരത് ട്രെയിനുകള്‍; ഈ വര്‍ഷം രാജ്യത്ത് എത്തുക 60 എണ്ണം
ഇന്ത്യന്‍ റെയില്‍വേ ഇക്കൊല്ലം 60 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് പുതിയ വന്ദേഭാരത് അവതരിപ്പിക്കുകയെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം 23 വന്ദേഭാരത് ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചത്.
വന്ദേഭാരത് ട്രെയിനുകളുടേയും റേക്കുകളുടേയും നിര്‍മാണ പദ്ധതി അനുസരിച്ച് 2024ല്‍ 70 ട്രെയിനുകള്‍ കൈമാറും. ഇതില്‍ 60 എണ്ണം നവംബര്‍ 15ന് മുമ്പ് ലഭിക്കും. പുതിയ റൂട്ടുകളില്‍ ഇവ ഓടിക്കാനാണ് റെയില്‍വേയുടെ പദ്ധതി.
പുതിയ റൂട്ടുകള്‍
കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേ അധികൃതരും സ്വതന്ത്ര കണ്‍സള്‍ട്ടന്റുമാരും തമ്മിലുള്ള പലവട്ട ചര്‍ച്ചകള്‍ക്കും കേസ് സ്റ്റഡികള്‍ക്കും ശേഷമാണ് വന്ദേഭാരത് റൂട്ടുകള്‍ അനുവദിക്കുക. രണ്ട് പ്രധാന നഗരങ്ങളെ (പെയര്‍) കണക്ട് ചെയ്യുന്ന (Origin-Destination/OD) വിധത്തിലാണ് വന്ദേഭാരത് ഓടിക്കുന്നത്. നിലവില്‍ 35 പെയര്‍ റൂട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ 50 നഗരങ്ങളുടെ പെയറുകള്‍ കേസ് സ്റ്റഡി നടത്തി വരുന്നു.
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഐ.ടി ഹബുകള്‍, ബിസിനസ് സെന്ററുകള്‍, സംസ്ഥാന-ജില്ലാ ആസ്ഥാനങ്ങള്‍ എന്നിവയെയാണ് ഇതിനായി പരിഗണിക്കുക. കൂടാതെ എയര്‍ കണക്ടിവിറ്റി അധികമില്ലാത്തതോ അല്ലെങ്കില്‍ വിമാന യാത്ര ചെലവേറിയതോ ആയ റൂട്ടുകളിലും വന്ദേഭാരത് ആരംഭിക്കാന്‍ റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.
കേരളത്തിനും കിട്ടിയേക്കും
നിലവില്‍ കേരളം കൂടാതെ കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ബിഹാര്‍ സര്‍ക്കാരുകളും റൂട്ടുകള്‍ ആവശ്യപ്പെട്ട് റെയില്‍വേയെ സമീപിച്ചിട്ടുണ്ട്. ഇവ പരിഗണിക്കുമെന്നാണ് അറിയുന്നത്. 2024 ജൂണോടെ 18 പുതിയ റൂട്ടുകളില്‍ വന്ദേഭാരത് എക്‌സ്പ്രസുകള്‍ ഓടിതുടങ്ങും. തുടര്‍ന്ന് ജൂലൈ മുതല്‍ ഓരോ രണ്ടാഴ്ചയിലും പുതിയ റൂട്ടുകള്‍ അവതരിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി വടക്കേ ഇന്ത്യയില്‍ 34 പുതിയ റൂട്ടുകളും തെക്കേ ഇന്ത്യയില്‍ 25 പുതിയ റൂട്ടുകളും പരിഗണിക്കുന്നുണ്ട്.
2024 ജനുവരി 15 വരെ രാജ്യത്ത് 41 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. 2047 ഓടെ ഇത് 4,500 ആക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം ലക്ഷ്യമിടുന്നത്. നിലവില്‍ 402 വന്ദേഭാരത് ട്രെയിനുകള്‍ക്ക് റെയില്‍വേ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 2027 മാര്‍ച്ചോടെ ഇവ ലഭ്യമാകുമെന്നാണ് കരുതുന്നത്.
Next Story
Videos