ക്ലാസ് മുറികളിലേക്ക് 3D പഠനം, സങ്കീർണ വിഷയങ്ങൾ ഇനി ലളിതം; രാജ്യത്തെ ആദ്യ മിക്സഡ് റിയാലിറ്റി ലാബുമായി മലയാളി കമ്പനി

സാധാരണ വെർച്വൽ റിയാലിറ്റി സംവിധാനങ്ങളിൽ ഹെഡ്‌സെറ്റ് ധരിക്കുമ്പോൾ വിദ്യാർത്ഥികൾ പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കമ്പ്യൂട്ടർ നിർമ്മിതമായ വേറൊരു ലോകത്തേക്ക് പോകുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ഈ സാങ്കേതിക വിദ്യയില്‍ ക്ലാസ് മുറിയിലെ മേശപ്പുറത്തോ വിദ്യാർത്ഥികൾ ഇരിക്കുന്ന ഭാഗത്തോ വെർച്വൽ 3D വസ്തുക്കൾ പ്രത്യക്ഷപ്പെടും
mixed reality multiplayer learning lab-  Infusory Future company
Image courtesy: Canva
Published on

വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് രാജ്യത്തെ ആദ്യത്തെ 'മിക്സഡ് റിയാലിറ്റി മൾട്ടിപ്ലെയർ ലേണിങ് ലാബ്' (Mixed Reality Multiplayer Learning Lab) സ്ഥാപിച്ച് മലയാളി സ്റ്റാർട്ടപ്പ്. പാഠപുസ്തകങ്ങളിലെ കേവല വിവരണങ്ങൾക്കപ്പുറം സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രായോഗിക പഠനം സാധ്യമാക്കുന്ന സംരംഭത്തിനാണ് ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സ് (Infusory Future Tech Labs) തുടക്കമിട്ടിരിക്കുന്നത്. മധ്യപ്രദേശിലെ റേവയിലുള്ള ജ്യോതി സീനിയർ സെക്കൻഡറി സ്കൂളിലാണ് കേരള സ്റ്റാർട്ടപ്പ് മിഷനിൽ (KSUM) രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കൊച്ചി അധിഷ്ഠിത കമ്പനി അത്യാധുനിക ലാബ് സജ്ജീകരിച്ചിരിക്കുന്നത്.

കോട്ടയം സ്വദേശി തോംസൺ ടോമും തൃശൂർ സ്വദേശി ശ്യാം പ്രദീപ് ആലിലും ചേർന്ന് 2018 ലാണ് ഇൻഫ്യൂസറി സ്ഥാപിക്കുന്നത്. ആദ്യ ലാബ് വിജയകരമായി സ്ഥാപിച്ച കമ്പനി, അനുയോജ്യമായ അവസരങ്ങൾ ലഭിക്കുന്നതോടെ കേരളത്തിലെ സ്കൂളുകളിലും ഇത്തരത്തിലുള്ള അത്യാധുനിക മിക്സഡ് റിയാലിറ്റി ലാബുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.

എന്താണ് മിക്സഡ് റിയാലിറ്റി മൾട്ടിപ്ലെയർ ലേണിംഗ് ലാബ്?

സ്കൂളിലെ 1,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ ലാബിലൂടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ക്ലാസ് മുറികളിൽ തന്നെ ത്രിമാന (3D) ഡിജിറ്റൽ മാതൃകകളുമായി നേരിട്ട് ഇടപഴകി പഠിക്കാനാകുമെന്ന് ശ്യാം പ്രദീപ് ആലില്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. സാധാരണ വെർച്വൽ റിയാലിറ്റി (VR) സംവിധാനങ്ങളിൽ ഹെഡ്‌സെറ്റ് ധരിക്കുമ്പോൾ വിദ്യാർത്ഥികൾ പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കമ്പ്യൂട്ടർ നിർമ്മിതമായ വേറൊരു ലോകത്തേക്ക് പോകുകയാണ് ചെയ്യുന്നത്. എന്നാൽ മിക്സഡ് റിയാലിറ്റി (MR) സാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ക്ലാസ് മുറിയും അധ്യാപകരെയും സഹപാഠികളെയും നേരിട്ട് കണ്ടുകൊണ്ട് തന്നെ പഠനം നടത്താമെന്നും ശ്യാം പ്രദീപ് പറഞ്ഞു. ഇതിനോടൊപ്പം തന്നെ ക്ലാസ് മുറിയിലെ മേശപ്പുറത്തോ വിദ്യാർത്ഥികൾ ഇരിക്കുന്ന ഭാഗത്തോ വെർച്വൽ 3D വസ്തുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.

പ്രധാന പ്രയോജനങ്ങൾ

ഒരുമിച്ചുള്ള പരീക്ഷണങ്ങളും പഠനവും: സാധാരണ വെർച്വൽ റിയാലിറ്റിയിൽ നിന്ന് വ്യത്യസ്തമായി, കുട്ടികൾക്കും അധ്യാപകർക്കും തങ്ങളുടെ ക്ലാസ് മുറിയും സഹപാഠികളെയും നേരിട്ട് കണ്ടുകൊണ്ട് തന്നെ വെർച്വൽ 3D മാതൃകകളിലും പരീക്ഷണങ്ങളിലും ഒരുമിച്ച് പങ്കാളികളാകാൻ സാധിക്കും.

കണ്ണിന്റെ സ്ട്രെയിൻ കുറവാണ്: ക്ലാസ് റൂമിൽ തന്നെ ഇരിക്കുന്ന അനുഭവം ലഭിക്കുന്നതിനാൽ സാധാരണ വിആർ സംവിധാനങ്ങളെ അപേക്ഷിച്ച് കണ്ണിന് ഉണ്ടാകുന്ന സ്ട്രെയിൻ വളരെ കുറവായിരിക്കും.

ക്ലോസ്ട്രോഫോബിയ ഭയമില്ല: പൂർണമായും അടഞ്ഞ ലോകത്തേക്ക് കൊണ്ടുപോകുന്ന വിആർ രീതികൾ ക്ലോസ്ട്രോഫോബിയ പോലെയുള്ള ബുദ്ധിമുട്ടുകളുള്ള കുട്ടികൾക്ക് പ്രയാസം സൃഷ്ടിക്കാറുണ്ട്. എന്നാൽ മിക്സഡ് റിയാലിറ്റിയിൽ സ്വന്തം ക്ലാസ് റൂം കാണാൻ സാധിക്കുന്നതിനാൽ ഇത്തരം കുട്ടികൾക്കും ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം.

സങ്കീർണമായ വിഷയങ്ങൾ എളുപ്പത്തിൽ പഠിപ്പിക്കാം: ഹൃദയത്തിന്റെ അറകൾ, രക്തചംക്രമണ രീതി അല്ലെങ്കിൽ ഫിസിക്സിലെ വെളിച്ചത്തിന്റെ പരീക്ഷണങ്ങൾ എന്നിവ കുട്ടികൾ ഇരിക്കുന്ന ഭാഗത്ത് വെർച്വൽ ഒബ്ജക്റ്റുകളായി കൊണ്ടുവന്ന് അധ്യാപകർക്ക് നേരിട്ട് കാണിച്ചു കൊടുക്കാൻ സാധിക്കുന്നു.

വേഗത്തിൽ മനസിലാക്കാം: പാഠഭാഗങ്ങൾ കൂടുതൽ അനായാസമാക്കാനും, വിഷയങ്ങൾ പെട്ടെന്ന് ഗ്രാസ്പ്പ് ചെയ്യാനും വ്യക്തമായി മനസിലാക്കാനും ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു.

ഏത് റൂമിലും സജ്ജീകരിക്കാം: ലാബ് സജ്ജമാക്കാൻ പ്രത്യേകം ഡിസൈൻ ചെയ്ത വലിയ കെട്ടിടങ്ങളോ റൂമുകളോ ആവശ്യമില്ല. സ്കൂളുകൾ നൽകുന്ന ലഭ്യമായ ഏത് സ്ഥലത്തും ഇത് എളുപ്പത്തിൽ സ്ഥാപിക്കാൻ സാധിക്കും.

റിലേറ്റീവ് ആങ്കറിങ് സിസ്റ്റവും ട്യൂട്ടർ എക്സ്ആറും

ഇൻഫ്യൂസറി വികസിപ്പിച്ചെടുത്ത 'ട്യൂട്ടർ എക്സ്ആർ' (TutAR XR) എന്ന പ്ലാറ്റ്‌ഫോമാണ് ഈ ലാബിന് പിന്നിൽ പ്രവർത്തിക്കുന്നത്. 3,000-ത്തിലധികം ഇമ്മേഴ്‌സീവ് ലേണിങ് മൊഡ്യൂളുകളാണ് ട്യൂട്ടർ എക്സ്ആർ വാഗ്ദാനം ചെയ്യുന്നത്. സങ്കീർണമായ ഹാർഡ്‌വെയർ സെറ്റപ്പുകളോ പ്രത്യേക ട്രാക്കിങ് ഉപകരണങ്ങളോ ഇല്ലാതെ തന്നെ എല്ലാവർക്കും ഒരേ വെർച്വൽ വസ്തുക്കൾ കൃത്യമായ സ്ഥാനത്ത് ലഭ്യമാക്കാൻ കമ്പനി സ്വന്തമായി വികസിപ്പിച്ച 'റിലേറ്റീവ് ആങ്കറിങ് സിസ്റ്റം' (Relative Anchoring System) സഹായിക്കുന്നു. ഹാർഡ്‌വെയറുകളെ ആശ്രയിക്കാതെ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏക സാങ്കേതികവിദ്യയാണിത്.

ഇൻഫ്യൂസറിയുടെ വളർച്ചയും ആഗോള സാന്നിധ്യവും

തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശ്യാമും, തിരുവനന്തപുരം എസ്.സി.ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ തോംസണും സമൂഹത്തിൽ പോസിറ്റീവ് മാറ്റങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ്പിലേക്ക് കടന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്യൂസറിക്ക് ഇന്ന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയുണ്ട്. നേപ്പാൾ, യു.എ.ഇ, ആഫ്രിക്കൻ രാജ്യങ്ങൾ, യൂറോപ്പ് ഉൾപ്പെടെയുള്ള 5 ലധികം രാജ്യങ്ങളിൽ കമ്പനിക്ക് ക്ലയന്റുകളുളളതായും ശ്യാം പ്രദീപ് പറഞ്ഞു.

കമ്പനിയുടെ 'ട്യൂട്ടർ' (TutAR) ആപ്പ് നിലവിൽ 1 ലക്ഷത്തിലധികം അധ്യാപകരും 5,000-ത്തിലധികം സ്കൂളുകളും 30-ലധികം സ്മാർട്ട് പാനലുകളിലായി ഉപയോഗിച്ചുവരുന്നു.

കഴിഞ്ഞ വർഷം മഹാരാഷ്ട്ര സർക്കാരിന് വേണ്ടി 12 ട്രൈബൽ സ്കൂളുകളിലും കമ്പനി ട്യൂട്ടർ പ്ലാറ്റ്‌ഫോം വിജയകരമായി നടപ്പിലാക്കിയിരുന്നു. കൂടാതെ സിംഗപ്പൂർ എയർലൈൻസ് പോലുള്ള ആഗോള പ്രസ്ഥാനങ്ങൾക്കായും ഇൻഫ്യൂസറി സാങ്കേതിക പദ്ധതികൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ഭാവി പ്രവര്‍ത്തനങ്ങള്‍

തങ്ങളുടെ പ്രോജക്റ്റുകളും സേവനങ്ങളും കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇൻഫ്യൂസറി ലക്ഷ്യമിടുന്നു. സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതൽ മേഖലകളിലേക്ക് (sectors) വ്യാപിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്ന വിധത്തിലാണ് സ്റ്റാര്‍ട്ടപ്പിന്റെ പ്രവർത്തനങ്ങൾ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com