ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പണിതുയര്‍ത്തിയ കേരളത്തിലെ ഏറ്റവും വലിയ ഐ.ടി ഇരട്ട ടവറുകളുടെ മിനുക്കുപണികൾ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 1,500 കോടിയാണ് ബൃഹത്തായ ഈ പദ്ധതിയുടെ ചെലവ്. 153 മീറ്റര്‍ ഉയരത്തിലുള്ള ഈ കെട്ടിടം കേരളത്തിന്റെ ഐ.ടി മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും സുസജ്ജമായ ഐ.ടി ടവറായിരിക്കുമിത്. ലുലു ടവറുകൾക്ക് ഒക്യൂപെൻസി സർട്ടിഫിക്കറ്റിനുള്ള (OC) പ്രാരംഭ അനുമതി ലഭിച്ചതോടെ കമ്പനികളുമായി ഉടന്‍ ലീസ് എഗ്രിമെന്റ് ഒപ്പുവച്ചു തുടങ്ങും. അതിനു ശേഷം കമ്പനികള്‍ക്ക് ആവശ്യമായ ബാക്കി സൗകര്യങ്ങള്‍ കൂടി ലുലു ഗ്രൂപ്പ് ഒരുക്കും.
മൊത്തം 34.54 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ടവറുകളില്‍ 25.5 ലക്ഷം ചതുരശ്ര അടി സ്‌പേസാണ് ലീസിന് നല്‍കുക. ഗ്രൗണ്ട് ഫ്‌ളോര്‍ അടക്കം 30 നിലകളാണ് ഈ ഇരട്ട ടവറിലുള്ളത്. ഇതുകൂടാതെ മൂന്ന് ലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. ഒരേസമയം 4,250 ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. അതില്‍ തന്നെ 3,000ത്തില്‍ പരം കാറുകള്‍ക്കുള്ള റോബോട്ട് കാര്‍പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. ലുലു ഐ.ടി ഇന്‍ഫ്രബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ ഇരട്ടടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ലുലു ഐ.ടി പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുമാരെല്ലാം (IPC) ഐ.ടി കാംപസിനെ പ്രശംസിച്ചാണ് മടങ്ങിയത്. കൂടാതെ ഇവിടെയെത്തിയ നാലോളം എം.എന്‍.സികളും ബില്‍ഡിംഗില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നവംബറിലാണ് ലുലു ഇന്‍ഫ്രാ ബില്‍ഡ് ഇരട്ട ടവറുകളുടെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നത്.
Also Read: കൊച്ചിയില്‍ ഉയരുന്നു ലുലുവിന്റെ വമ്പന്‍ ഇരട്ട ഐ.ടി ടവര്‍; തുറക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍
ബംഗളൂരുവില്‍ നിന്ന് കൊച്ചിലേക്കൊഴുകും ടെക്കികള്‍
അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ ഐ.ടി പ്രൊഫഷണലുകളുടെ എണ്ണം 2016ലെ 78,000ത്തില്‍ നിന്ന് 2023ല്‍ രണ്ടര ലക്ഷമായെന്നാണ്. ഇതില്‍ ഒരു ലക്ഷത്തോളം പേര്‍ മാത്രമാണ് കൊച്ചിയിൽ ജോലി ചെയ്യുന്നത്. ഇവിടേക്കാണ് 25,000 മുതല്‍ 30,000 ആളുകള്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമുള്ള ഭീമന്‍ ഐ.ടി ടവറുകള്‍ ലുലു സജ്ജമാക്കുന്നത്.
ഐ.ടി കമ്പനികളുടെ കേന്ദ്രമെന്നറിയപ്പെടുന്ന ബംഗളൂരുവില്‍ നിന്ന് കമ്പനികള്‍ കൊച്ചിയിലേക്ക് കൂടുതലായി കടന്നു വരാന്‍ ലുലു ഇന്‍ഫ്രാബില്‍ഡ് വഴി തുറക്കുമെന്നാണ് കണക്കാക്കുന്നത്. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ഇന്‍ഫോ പാര്‍ക്കിലേക്കും സ്മാര്‍ട്ട്സിറ്റിയിലേക്കും ഉടന്‍ നീട്ടുന്നതും ഐ.ടി മേഖലയ്ക്ക് അനുഗ്രഹമാവും.
ബംഗളൂരുവിനേക്കാള്‍ പകുതിയില്‍ താഴെയാണ് കൊച്ചിയിലെ നിലവിലെ വാടക നിരക്കുകള്‍. മാത്രമല്ല ജീവനക്കാരുടെ ചെലവിലും 30-35 ശതമാനം വരെ കുറവുണ്ട്. ബംഗളൂരുവിലെ നിലവിലെ ജലക്ഷാമവും രൂക്ഷമായ ട്രാഫിക്കും കണക്കിലെടുക്കുമ്പോള്‍ ഐ.ടി രംഗത്ത് കൊച്ചിക്ക് സാധ്യതകള്‍ വര്‍ധിക്കുകയാണെന്ന് ലുലു ഐ.ടി ഇന്‍ഫ്രബില്‍ഡ് ഡയറക്ടറും സി.ഇ.ഒ യുമായ അഭിലാഷ് വലിയവളപ്പില്‍
ധനം ഓണ്‍ലൈനിനോട് പറഞ്ഞു.
കൊച്ചിക്ക് ഈ രംഗത്ത് ഇനിയും ഏറെദൂരം മുന്നോട്ടുപോകാനുണ്ട്. നിലവില്‍ കൊച്ചിയിലെ ഐ.ടി മേഖലയില്‍ ഒരുലക്ഷത്തോളം ആളുകള്‍ ആണ് ജോലി ചെയ്യുന്നത്. അതേസമയം ബംഗളൂരു നഗര പരിധിയില്‍ മാത്രം 15 ലക്ഷത്തിലധികം പേര്‍ പ്രൊഫഷണല്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 15-20 ശതമാനം മലയാളികളാണെന്നതാണ് ഏറ്റവും കൗതുകരമായ വസ്തുത. ഇവര്‍ക്കെല്ലാം നാട്ടില്‍ തൊഴിലെടുക്കാനുള്ള സാഹചര്യമാണ് ലുലു ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഒരുക്കുന്നത്.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മറ്റേത് നഗരത്തേക്കാളും ഐ.ടി മേഖലയില്‍ വികസിക്കാനുള്ള സാധ്യത കൊച്ചിയ്ക്കാണ്. കൊച്ചിയ്ക്ക് പ്രാധാന്യം കിട്ടുന്നതിന്റെ സൂചനയാണ് ഈയിടെ ഇവിടെ നടന്ന ഇന്റര്‍നാഷണല്‍ ജന്‍ എ.ഐ കോണ്‍ക്ലേവ് (International Gen AI Conclave). ഈ സൂചനകളെ മുന്നില്‍ കണ്ടു കേരള ഗവണ്മെന്റ് നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും അതിന്റെ തുടക്കം മാത്രമാണ് ഐ.ബി.എമ്മിന്റെ കൊച്ചിയിലേക്കുള്ള വരവെന്നും അഭിലാഷ് വലിയവളപ്പില്‍ പറഞ്ഞു.
വരും തലമുറയ്ക്കായി
കേരള സര്‍ക്കാരും പിന്നെ ലുലു, ബ്രിഗേഡ്, പ്രസ്റ്റീജ് പോലുള്ള കോ-ഡെവലപ്പര്‍മാരും കൈകോര്‍ത്താല്‍ കൊച്ചിയെ നല്ലൊരു ഐ.ടി ഹബ് ആക്കി മാറ്റാനാകുമെന്നും അതിനുള്ള ശ്രമം ഇപ്പോഴെ തുടങ്ങേണ്ടതുണ്ടെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. കേരളത്തിലെ യുവ തലമുറയ്ക്കായി സര്‍ക്കാരിന് ചെയ്തുകൊടുക്കാവുന്ന ഏറ്റവും വലിയ കാര്യമായിരിക്കുമിതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയിലേക്ക് വരാന്‍ അടുത്തിടെയായി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ കൂടുതലായി താത്പര്യം കാണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉണ്ടായതിനേക്കാള്‍ രണ്ടിരട്ടി ലീസിംഗ് അന്വേഷണങ്ങള്‍ കഴിഞ്ഞ ആറ് മാസങ്ങളില്‍ ഉണ്ടായിട്ടുള്ളതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.