

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,070 രൂപയും പവന് 80 രൂപ കുറഞ്ഞ് 1,04,560 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 10,695 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,365 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,395 രൂപയുമാണ് ഇന്ന് വില. ഇന്നലെ വമ്പന്‍ ഇടിവ് രേഖപ്പെടുത്തിയ വെള്ളി വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 220 രൂപയിലാണ് വ്യാപാരം.
കേരളത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ കയറ്റമുണ്ടെങ്കിലും രാജ്യാന്തര സ്വര്‍ണ വില ഇന്നലെ 3,995 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇതോടെ കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വാരാന്ത്യ ഇടിവിലാണ് സ്വര്‍ണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 3.7 ശതമാനത്തോളം ഇടിവാണ് രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായത്. എണ്ണവിലയിലുണ്ടായ പുതിയ മുന്നേറ്റം മൂലം ഉടലെടുത്ത പണപ്പെരുപ്പ ആശങ്കകളാണ് വിലയിടിവിന് പ്രധാന കാരണമായത്. പണപ്പെരുപ്പം ഉയരുന്നത് ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളില്‍ സ്വാധീനം ചെലുത്തും.
ഒക്ടോബര്‍ 27-28 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധന ഒഴിവാക്കാന്‍ സാധ്യതയുണ്ടെങ്കിലും, ഡിസംബറിലെ യോഗത്തില്‍ നിരക്ക് കൂട്ടുമെന്നാണ് കരുതപ്പെടുന്നത്. ഉടന്‍ ഒരു നിരക്ക് വര്‍ധനയുടെ ആവശ്യകതയില്ലെന്ന് ചില ഫെഡ് അംഗങ്ങള്‍ വ്യക്തമാക്കിയെങ്കിലും, പണപ്പെരുപ്പം 2% എന്ന ലക്ഷ്യത്തിലേക്ക് താഴെയിറക്കേണ്ടതുണ്ടെന്ന് നയം രൂപീകരിക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉയര്‍ന്ന പലിശ നിരക്കുകള്‍, പലിശ വരുമാനം നല്‍കാത്ത സ്വര്‍ണം പോലുള്ള അസറ്റുകള്‍ കൈവശം വെക്കുന്നതിന്റെ 'ഓപ്പര്‍ച്യൂണിറ്റി കോസ്റ്റ്' വര്‍ധിപ്പിക്കുകയും, ഇത് സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ഇതിനൊപ്പം ഡോളര്‍ ഇന്‍ഡക്‌സിലെ മാറ്റങ്ങളും ബോണ്ട് യീല്‍ഡും നിക്ഷേപകരുടെ ലാഭമെടുപ്പും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
എന്നാല്‍ രൂപ ഡോളറിനെതിരെ 95-നടുത്തേക്ക് ദുര്‍ബലമായത് ഇന്ത്യയിലെ സ്വര്‍ണവിലയ്ക്ക് പിന്തുണ നല്‍കുന്നു. അതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില താഴുമ്പോഴും കേരളത്തില്‍ അതേ അനുപാതത്തില്‍ വില കുറയണമെന്നില്ല.
കേരള വിപണിയുടെ ദിശ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ അന്താരാഷ്ട്ര സ്വര്‍ണവില, ക്രൂഡ് ഓയില്‍, ഡോളര്‍, അമേരിക്കന്‍ പലിശനിരക്ക്, രൂപയുടെ വിനിമയമൂല്യം എന്നിവയാണ്. നിലവില്‍ വിലയില്‍ തിരുത്തല്‍ പ്രവണതയുണ്ടെങ്കിലും സ്വര്‍ണത്തിന്റെ ദീര്‍ഘകാല കുതിപ്പ് അവസാനിച്ചുവെന്ന് പറയാനാവില്ല. അന്താരാഷ്ട്ര വിലയിലെ മാറ്റത്തോടൊപ്പം രൂപയുടെ ദുര്‍ബലതയും പരിഗണിച്ചുവേണം കേരളത്തിലെ സ്വര്‍ണവിലയുടെ ഭാവി വിലയിരുത്താനെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,13,190 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
International gold prices hit a four-month low following a steep weekly retreat driven by crude oil inflation fears, though domestic prices in Kerala remain supported by a weakening rupee.
Read DhanamOnline in English
Subscribe to Dhanam Magazine