ആശുപത്രികള്‍ പുതുയുഗ ടെക്ക് കമ്പനികള്‍: കിംസ്‌ ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.ഐ സഹദുള്ള

അത്യാധുനിക ആശുപത്രികള്‍ ഇപ്പോള്‍ ഒരു ടെക്‌നോളജി കമ്പനിക്ക് സമാനമാണെന്ന് കിംസ്‌ ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. എം.ഐ സഹദുള്ള. ഹെല്‍ത്ത്‌കെയര്‍ രംഗത്തെ പുതിയ പ്രവണതകളെയും വെല്ലുവിളികളെയും കുറിച്ച് ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു.
KIMS Health Group Chairman Dr. M.I. Sahadulla
Published on

അക്രഡിറ്റേഷന്‍ ഒരു അടിസ്ഥാന കാര്യം മാത്രം

ഗുണനിലവാര പരിശോധനകള്‍ മുന്‍കാലങ്ങളില്‍ മാനുഫാക്ചറിംഗ് തുടങ്ങി മറ്റ് മേഖലകളിലാണ് കൂടുതലും ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഹെല്‍ത്ത്കെയര്‍ രംഗത്ത്, പ്രത്യേകിച്ച് രോഗീപരിചരണ രംഗത്ത് ഗുണനിലവാരം അളക്കപ്പെടാന്‍ പറ്റും. അക്രഡിറ്റേഷനുകള്‍ അതിന്റെ ഭാഗമാണ്. മാത്രമല്ല, ഇന്ന് അക്രഡിറ്റേഷനുകള്‍ അടിസ്ഥാനപരമായ ഘടകം മാത്രമാണ്. കിംസ്‌ഹെല്‍ത്തിനെ പോലുള്ള ആശുപത്രികള്‍ അതിനുമപ്പുറത്തേക്കാണ് ഗുണനിലവാരമുള്ള രോഗീപരിചരണത്തിനായി കാര്യങ്ങള്‍ ചെയ്യുന്നത്.

ആശുപത്രികളില്‍ വരുന്നവരെ പൊതുവെ രോഗികള്‍ എന്ന് വിളിക്കുന്ന രീതി മാറി. ഞങ്ങള്‍ അതിഥികള്‍, ഗസ്റ്റ് എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ആശുപത്രിയില്‍ പ്രസവത്തിന് വരുന്ന ഒരു പെണ്‍കുട്ടി രോഗിയല്ലല്ലോ? അവരുടെ വീട്ടിലേക്ക് സന്തോഷമാണ് കുട്ടിയുടെ ജനനത്തോടെ കടന്നുവരിക. ചിലര്‍ പ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള പരിചരണത്തിനാകും വരിക. അതുകൊണ്ട് ആശുപത്രിയില്‍ വരുന്നവരെ ഗസ്റ്റ് എന്ന് വിശേഷിപ്പിക്കുകയും അവര്‍ക്ക് ലഭിക്കുന്ന അനുഭവങ്ങള്‍, ഗസ്റ്റ് എക്സ്പീരിയന്‍സ് ഏറ്റവും മികച്ച രീതിയില്‍ നല്‍കുന്നതിനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ആശുപത്രി ഒരു ടെക്ക് കമ്പനി

കിംസ്‌ഹെല്‍ത്ത് പേപ്പര്‍രഹിത പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ പേയ്മെന്റ് പോലും ഡിജിറ്റലായാണ് സ്വീകരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്നുണ്ട്. ശസ്ത്രക്രിയ, രോഗനിര്‍ണയം തുടങ്ങി എല്ലാ രംഗത്തും അത്യാധുനിക സാങ്കേതിക വിദ്യകളാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ വിന്യസിച്ചിരിക്കുന്നത്. ഒരു രോഗിക്ക് നല്‍കിയ അതേ അളവിലുള്ള മരുന്ന് സമാന രോഗത്തിന് മറ്റൊരു രോഗിക്ക് നല്‍കാനാവില്ല. പ്രിസിഷന്‍ പരമപ്രധാനമാണ്.

മാരകമെന്ന് വിധിയെഴുതിയ രോഗങ്ങളുടെ ചികിത്സയില്‍ പ്രിസിഷന്‍ മെഡിസിന്‍ അത്ഭുതകരമായ ഫലസിദ്ധിയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ പരമപ്രധാനമാണ് ആശുപത്രിയിലെ അത്യാധുനിക മെഷീനുകളുടെ കാലിബറേഷന്‍. മെഷീനുകള്‍ക്ക് നിശ്ചിത സമയങ്ങളില്‍ മെയ്ന്റനന്‍സും കാലിബറേഷനും അനിവാര്യമാണ്. എങ്കില്‍ മാത്രമേ രോഗനിര്‍ണയവും ചികിത്സയും കൃത്യതയോടെ സാധ്യമാവൂ.

ആതുരസേവന മേഖലയില്‍ എന്താണ് യഥാര്‍ത്ഥ ഗുണമേന്മയെന്ന് പലര്‍ക്കും വ്യക്തതയില്ല. രോഗനിര്‍ണയത്തിനുപയോഗിക്കുന്ന യന്ത്രങ്ങളുടെ അളവുകള്‍ വരെ കൃത്യമായിരിക്കുകയും അത് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ഗുണമേന്മയുള്ള ചികിത്സയും ലഭ്യമാക്കാനാവുകയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ഇന്ന് ഓരോ ആശുപത്രിയും ഒരു ടെക്ക് കമ്പനിക്ക് സമാനമാണ്.

സ്വകാര്യ നിക്ഷേപവും ചികിത്സാ ചെലവും

ഇപ്പോള്‍ ഹെല്‍ത്ത്കെയര്‍ രംഗത്ത് സ്വകാര്യ ഓഹരി നിക്ഷേപം കൂടുതലാണ്. ഏറ്റെടുക്കലും ലയനങ്ങളും നടക്കുന്നു. പ്രൈവറ്റ് ഇക്വിറ്റി വരുമ്പോള്‍ തീര്‍ച്ചയായും അത് ലാഭം പ്രതീക്ഷിച്ചാവും. ചികിത്സാച്ചെലവുകള്‍ ഇതുമൂലം കൂടും. അതേസമയം ആശുപത്രികളുടെ ഗുണനിലവാരവും കൂടും. ഓപറേഷന്‍ തിയേറ്ററിലൊക്കെ ഉപയോഗിക്കുന്ന മെഷീനുകള്‍ക്ക് നല്ല വിലയുണ്ട്. നമ്മുടെ രാജ്യത്തെ നികുതി സമ്പ്രദായം അതിന്റെ വില പിന്നെയും കൂട്ടുന്നു. അതുപോലെ മികച്ച പ്രൊഫഷണലുകളുടെ സേവനം ആശുപത്രികളില്‍ അത്യാവശ്യമാണ്.

നല്ലൊരു ടെക്നീഷ്യന് മാത്രമേ രോഗനിര്‍ണയ പരിശോധനയില്‍ ഡോക്ടര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൃത്യമായ ഡാറ്റ നല്‍കാനാവൂ. വിദഗ്ധരെ എല്ലാ വിഭാഗത്തിലും നിയമിക്കുമ്പോള്‍ വേതനച്ചെലവടക്കം കൂടും. ഗുണമേന്മയുള്ള ചികിത്സയ്ക്ക് ചെലവ് കൂടുന്നത് അങ്ങനെയൊക്കെയാണ്. ചെലവ് കുറയ്ക്കാന്‍ കുറുക്കുവഴികളില്ല. കടയില്‍ നിന്ന് സാധാരണ വാങ്ങുന്ന ഉല്‍പ്പന്നത്തേക്കാള്‍ കൂടുതല്‍ മികച്ച മറ്റൊന്ന് കാണുമ്പോള്‍ അതിന് വില കൂടുതല്‍ കൊടുക്കാന്‍ നമ്മള്‍ മടിക്കാറില്ലല്ലോ? അതുതന്നെയാണ് ആശുപത്രികളുടെ കാര്യത്തിലുമുള്ളത്.

ജനങ്ങള്‍ക്ക് ചികിത്സാ ചെലവ് താങ്ങാനായി ഇന്‍ഷുറന്‍സ് പരിരക്ഷ സാര്‍വത്രികമാക്കണം. നിലവില്‍ 70 ശതമാനം പേരും സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവാക്കിയാണ് ചികിത്സിക്കുന്നത്. ഇന്‍ഷുറന്‍സും കോര്‍പ്പറേറ്റ് കമ്പനികള്‍ ലഭ്യമാക്കുന്ന ചികിത്സാ പിന്തുണയും മറ്റുമെല്ലാം വളരെ കുറച്ച് ശതമാനത്തിനേ ലഭ്യമാകുന്നുള്ളൂ. ഈ സ്ഥിതി മാറണം. അതിനായി രാഷ്ട്രീയ പാര്‍ട്ടികളും ഭരണനേതൃത്വവുമെല്ലാം ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

മനോഭാവം മാറണം

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമാണ് എന്നാണ് പൊതുവെയുള്ള വിശ്വാസം. പക്ഷേ ജനങ്ങളുടെ നികുതി പണമാണ് അതിന് വിനിയോഗിക്കുന്നത്. സ്വകാര്യ മേഖല കാര്യക്ഷമതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നല്‍കുന്ന റേഡിയേഷന്‍ ചികിത്സയുടെ ചെലവിന്റെ 25 ശതമാനം കുറച്ച് അത് നല്‍കാന്‍ കിംസ്‌ഹെല്‍ത്തിന് സാധിക്കും. അതിന് കാരണം കാര്യക്ഷമതയാണ്.

സ്വകാര്യ മേഖലയോടുള്ള സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും മനോഭാവം മാറണം. അതുപോലെ മെഡിക്കല്‍ ടൂറിസം രംഗത്തും കേരളത്തിന് സാധ്യതയേറെയാണ്. പക്ഷേ ഇവിടെ മെഡിക്കല്‍ ടൂറിസം ആരോഗ്യ വകുപ്പിന് കീഴിലാണോ ടൂറിസം വകുപ്പിന് കീഴിലാണോ വരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത സ്ഥിതിയാണ്. ഇതൊക്കെ ഒട്ടേറെ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

എന്നിരുന്നാലും രോഗീപരിചരണത്തിലും ആരോഗ്യ പരിപാലനത്തിലും കേരളം ഏറെ മുന്നിലാണ്. ഇനിയുമേറെ ദൂരം പോകേണ്ടതായുണ്ട്. പ്രത്യേകിച്ച് ആരോഗ്യപരിപാലന രംഗത്ത്. ആരോഗ്യമുള്ള ഒരു സമൂഹം ഒരു രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമതയില്‍ ഗണ്യമായ സംഭാവന നല്‍കും. പക്ഷേ അത് തിരിച്ചറിയുകയോ അതിന് വേണ്ടത്ര മുന്‍തൂക്കം നല്‍കുകയോ ചെയ്യുന്നില്ല. ഇവിടുത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ പോലും ആരോഗ്യ പരിപാലനത്തിന് മുന്‍തൂക്കമില്ല. യുഎസ്സിലൊക്കെ ഇതല്ല സ്ഥിതി.

(Originally published in Dhanam Magazine 15 January 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com