വ്യവസായ കുതിപ്പിന് ലക്ഷ്യമിട്ട് കേരളം, ഇൻവെസ്റ്റ് കേരളയ്ക്ക് നാളെ തുടക്കമാകും, 28 സെഷനുകള്‍, 200 പ്രഭാഷകര്‍

ഉച്ചകോടി കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ
Invest kerala global summit 2025
Published on

കേരളത്തിന്റെ വ്യവസായ കുതിപ്പിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐ.കെ.ജി.എസ്) നാളെ കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തുടക്കമാകും. 3000 പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ഉച്ചകോടിയില്‍ എത്ര നിക്ഷേപം വരുമെന്ന് സമാപനദിവസമായ ശനിയാഴ്ച വൈകിട്ടോടെ അറിയാനാകുമെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷം മെയ് മാസത്തിന് മുമ്പായി നടക്കുമെന്ന് പ്രതീക്ഷിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന പിണറായി സര്‍ക്കാര്‍ വലിയ പ്രതീക്ഷകളോടെയാണ് നിക്ഷേപക സംഗമം നടത്തുന്നത്. യുവജനങ്ങള്‍ക്ക് സംസ്ഥാനത്ത് ജോലി ചെയ്യാനുളള അവസരങ്ങള്‍ വന്‍ തോതില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവും സംസ്ഥാന സര്‍ക്കാരിനുണ്ട്.

ഉദ്ഘാടന സെഷന്‍

നാളെ രാവിലെ 10 നും 11.30 നും ഇടയിലാണ് ഉദ്ഘാടന സെഷന്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി (ഓണ്‍ലൈന്‍), കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരി തുടങ്ങിയവര്‍ സംസാരിക്കും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദേൽ ഫഖ്‌റോ തുടങ്ങിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി, സി.ഐ.ഐ പ്രസിഡന്റായ ഐടിസി ലിമിറ്റഡ് ചെയർമാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് പുരി, അദാനി പോർട്ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നന്ദിയും പറയും.

11.45 ന് ആരംഭിക്കുന്ന വലിയ അവസരങ്ങളുടെ ഒരു ചെറിയ ലോകം എന്ന വിഷയത്തില്‍ നടക്കുന്ന പ്ലിനറി സെഷനില്‍ ജി20 ഷെർപ്പയും നീതി ആയോഗ് മുൻ സിഇഒ യുമായ അമിതാഭ് കാന്ത് അടക്കമുളള പ്രമുഖര്‍ പങ്കെടുക്കും. രണ്ടു ദിവസങ്ങളായി നടക്കുന്ന ഉച്ചകോടിയില്‍ വിവിധ വിഷയങ്ങളിലായി 28 പ്രത്യേക സെഷനുകളില്‍ വ്യവസായ മേഖലയിലെ പ്രമുഖരും വിദഗ്ധരുമായി 200 പ്രഭാഷകര്‍ പങ്കെടുക്കും.

കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം (GSDP) 2000 മുതൽ നാല് മടങ്ങ് വർദ്ധിച്ച് 77,000 കോടി രൂപയിൽ നിന്ന് 2024 ൽ 11,00,000 കോടി രൂപയായി. ഈ പാത തുടർന്നാൽ 2047 ആകുമ്പോഴേക്കും സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 88 ലക്ഷം കോടി രൂപ (ഏകദേശം 1 ട്രില്യൺ ഡോളർ) ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളം ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക്

ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കെ.എസ്.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ, ഐബിഎസ് ഗ്രൂപ്പ് സ്ഥാപകന്‍ വി കെ മാത്യൂസ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് സിഇഒ അദീബ് അഹമ്മദ്, ഇന്‍വസ്റ്റ് ഇന്ത്യ സീനിയര്‍ വൈസ്പ്രസിഡന്‍റ് സിദ്ധാര്‍ത്ഥ് നാരായണന്‍, ഇ.റ്റി ഗ്രൂപ്പ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ശ്രുതിജിത്ത് കെ.കെ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 3.30 നാണ് സെഷന്‍ നടക്കുക.

കപ്പല്‍നിര്‍മ്മാണം

റബ്ബര്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത തോട്ടം മേഖല എന്ന വിഷയത്തില്‍ കേരള റബ്ബര്‍ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ ഷീല തോമസ്, റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം വസന്തഗേശന്‍, ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഡിജി രാജീവ് ബുധ്രാജ, സിംകോ ഫോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് സൈമണ്‍, പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള എംഡി ഡോ. ജെയിംസ് ജേക്കബ്, ഹരിശങ്കര്‍ സിംഘാനിയ എലാസ്റ്റോമെര്‍ ആന്‍ഡ് ടയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആര്‍ മുഖോപാധ്യായ, ഉപാസി പ്രസിഡന്‍റ് കെ മാത്യു അബ്രഹാം, റബര്‍ ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ എന്‍ രാഘവന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 4.45 നാണ് സെഷന്‍ ആരംഭിക്കുക.

കപ്പല്‍നിര്‍മ്മാണത്തിലെ കേരളത്തിന്റെ അവസരങ്ങള്‍ രാജ്യവികസനത്തിന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ നോര്‍വേയിലെ എല്‍ട്രോക്ക് സിഇഒ കായി ബോഗന്‍, ചൗഗുളെ ആന്‍ഡ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജുന്‍ അശോക് ചൗഗുളെ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഹരികൃഷ്ണന്‍, നവാള്‍ട്ട് സോളാര്‍ ഇലക്ട്രോണിക് ബോട്ട്സ് സ്ഥാപകന്‍ സന്ദിത്ത് തണ്ടാശേരി, എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ. ദുവ്വൂരി ശേഷഗിരി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡിഐജി നിഷാന്ത് എസ് എന്നിവര്‍ സംസാരിക്കും. വൈകിട്ട് 3.30 നാണ് സെഷന്‍ നടക്കുക.

ഐടി വ്യവസായം

ഐടി വ്യവസായവും കേരളത്തിന്റെ സാധ്യതകളും എന്ന വിഷയത്തില്‍ ഐബിഎസ് സ്ഥാപകന്‍ വി കെ മാത്യൂസ്, ഇവൈ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഇന്ത്യ ലീഡ് റിച്ചാര്‍ഡ് ആന്‍റണി, ബ്ലാക്ക്സ്റ്റോണ്‍ സീനിയര്‍ എംഡി മുകേഷ് മേത്ത, സണ്‍ടെക് സ്ഥാപകന്‍ നന്ദകുമാര്‍, ഡബ്ല്യുഎന്‍എസ് ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ശ്രീനിവാസ് റാവു, സംസ്ഥാന ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ എന്നിവര്‍ സംസാരിക്കും. ശനിയാഴ്ച രാവിലെ 10 നാണ് സെഷന്‍ നടക്കുക.

ശനിയാഴ്ച വൈകിട്ട് 3 മുതല്‍ 4.30 വരെയാണ് ഉച്ചകോടിയുടെ സമാപന സമ്മേളനം നടക്കുക.

ഉച്ചകോടിയില്‍ നടക്കുന്ന വിവിധ സെഷനുകള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com