Begin typing your search above and press return to search.
സമര കേരളമല്ല, ഇത് സൗഹൃദ കേരളം; തൊഴില്‍ നൈപുണ്യം വ്യവസായത്തിന് മുതല്‍ക്കൂട്ടാണെന്നും മന്ത്രി രാജീവ്
ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഭാഗമായി വ്യവസായ മന്ത്രി പി രാജീവ് വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കുമായി വ്യവസായ വകുപ്പ് നടത്തിയ റോഡ് ഷോയിലും മന്ത്രി സംബന്ധിച്ചു. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനായി കൈക്കൊണ്ട നിയമഭേദഗതികളെയും നയരൂപീകരണത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
അയര്‍ലന്റ് കോണ്‍സല്‍ ജനറല്‍ അനിത കെല്ലി, വിയറ്റ്‌നാം കോണ്‍സല്‍ ജനറല്‍ ലീ ക്വാങ് ബിന്‍, തായ്‌പേയ് ഇക്കണോമിക് കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ചാങ് ചാങ് യു, ഡെ. കോണ്‍സല്‍ ഷുയി യുങ് ചാന്‍ എന്നിവരുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്.
കേരളത്തെക്കുറിച്ചുള്ള ചിത്രീകരണം ശരിയല്ല
കേരളത്തില്‍ വ്യവസായത്തിനുള്ള ലൈസന്‍സ് ഒരു മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനമായ കെ-സ്വിഫ്റ്റ് വഴി ലഭ്യമാകുമെന്ന് റോഡ് ഷോയില്‍ പി രാജീവ് പറഞ്ഞു. വ്യവസായങ്ങള്‍ തുടങ്ങുന്ന കാര്യത്തില്‍ കേരളത്തെക്കുറിച്ചുള്ള ചിത്രീകരണം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. സമരങ്ങള്‍ ഏറ്റവുമധികം ഉണ്ടാകുന്നത് കേരളത്തിലാണെന്ന പൊതുധാരണ പരത്തുന്നു. നാല് ദശകത്തിനിടെ കേരളത്തില്‍ ഒരു ഫാക്ടറി പോലും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ തന്നെ തിലകക്കുറിയായ കൊച്ചിന്‍ ഷിപ് യാര്‍ഡ്, ബിപിസിഎല്‍ പോലുള്ള കമ്പനികള്‍ കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ദിനം പോലും തൊഴില്‍ സമരത്തിന്റെ പേരില്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഒരു മിനിറ്റില്‍ അനുമതി
വ്യവസായം തുടങ്ങാനുള്ള വിവിധ അനുമതികള്‍ക്കായി ഓണ്‍ലൈനില്‍ ലഭിക്കുന്ന രേഖ ഹാജരാക്കാവുന്നതാണ്. ഇത്തരം പരിഷ്‌കരണങ്ങള്‍ കൊണ്ടാണ് വ്യവസായ സൗഹൃദ നടപടികളില്‍ കേരളത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ലോകോത്തര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. മികച്ച തൊഴില്‍നൈപുണ്യമാണ് കേരളത്തിന്റെ മുതല്‍ക്കൂട്ട്. ഈ സാഹചര്യം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിന് നിക്ഷേപക സമൂഹത്തിന്റെയെും വ്യവസായ പ്രമുഖരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് കേരളത്തിന്റെ പുതിയ വ്യവസായനയത്തെക്കുറിച്ച് അവതരണം നടത്തി. കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സി.ബാലഗോപാല്‍, എം.ഡി എസ്.ഹരികിഷോര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ഫിക്കി സീനിയര്‍ വൈസ് ചെയര്‍ പൂജ ആരംഭന്‍, ജ്യോതി ലാബ്‌സ് സ്ഥാപകന്‍ എം.പി രാമചന്ദ്രന്‍, അബ്‌റാവോ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജു ആന്റണി, ഫിക്കി മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ ഡയറക്ടര്‍ ദീപക് മുഖി തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story
Videos