

കൊച്ചിയില്‍ നടക്കുന്ന ധനം ഹെല്‍ത്ത് കെയര്‍ സമിറ്റ് 2026-ല്‍ കേരളത്തിലെ ആരോഗ്യമേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കും. സമ്മിറ്റിന്റെ ഒന്നാം ദിനമായ ജനുവരി 31-ന് വൈകുന്നേരം 4.10-ന് നടക്കുന്ന പ്രത്യേക ചര്‍ച്ച ഈ രംഗത്തെ സാമ്പത്തിക വളര്‍ച്ചയെ കേന്ദ്രീകരിച്ചുള്ളതാണ്.
'ഗ്രോത്ത് ഫണ്ടിംഗ് ആന്‍ഡ് ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്‍ കേരള ഹെല്‍ത്ത് കെയര്‍' (Growth Funding & Foreign Investment in Kerala Healthcare) എന്ന വിഷയത്തില്‍ നടക്കുന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധരും നയരൂപീകരണ വിദഗ്ധരും പങ്കെടുക്കും. മുംബൈ ഐ.ഐ.എഫ്.എല്‍ (IIFL) ക്യാപിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. റിജോയ് മഞ്ഞൂരാന്‍, യു.എന്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേഷന്‍ ഓഫീസ് ഡയറക്ടര്‍ ഡോ. മുരളി തുമ്മാരുകുടി എന്നിവര്‍ തമ്മിലുള്ള സംഭാഷണമാണ് ഈ സെഷന്റെ പ്രധാന ആകര്‍ഷണം.
കേരളത്തിലെ ആരോഗ്യരംഗത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും, ആശുപത്രികളുടെയും മറ്റ് ആരോഗ്യ സംരംഭങ്ങളുടെയും വളര്‍ച്ചയ്ക്ക് ആവശ്യമായ ഫണ്ടിംഗ് ലഭ്യമാക്കുന്നതിനെക്കുറിച്ചുമുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഇരുവരും പങ്കുവെക്കും.
'സീനിയര്‍ ലിവിംഗ് ആന്‍ഡ് അസിസ്റ്റഡ് കെയര്‍ - പ്രിപ്പയറിംഗ് ഫോര്‍ കേരളാസ് ഏജിംഗ് ഫ്യൂച്ചര്‍' (Senior Living & Assisted Care - Preparing for Kerala's Ageing Future) എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മരിയ വര്‍ഗീസ് നേതൃത്വം നല്‍കും.
കേരളത്തിലെ മാറുന്ന ജനസംഖ്യാ ഘടനയും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ പ്രത്യേക പരിചരണ സംവിധാനങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ പാനലില്‍ കാന്‍കെയര്‍ അസിസ്റ്റഡ് ലിവിംഗ് സൊല്യൂഷന്‍സ് സ്ഥാപക ഡോ. ബോബി സാറാ തോമസ്, സംസ്ഥാന ആര്‍ദ്രം മിഷന്‍ പാലിയേറ്റീവ് കെയര്‍ വിഭാഗം എക്‌സിക്യൂട്ടീവ് അംഗം ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ പങ്കെടുക്കും.
കേരളത്തിലെ വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, മികച്ച രീതിയിലുള്ള അസിസ്റ്റഡ് ലിവിംഗ് സൗകര്യങ്ങളും പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളും എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നത് സംബന്ധിച്ച് ഈ പാനല്‍ ചര്‍ച്ചയില്‍ വിശദമായ വിശകലനമുണ്ടാകും.
കൊച്ചിയിലെ ഐ.എം.എ ഹൗസിലാണ് ധനം ബിസിനസ് മീഡിയയുടെ നേതൃത്വത്തിലുള്ള രണ്ടാമത് ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് നടക്കുന്നത്.
സമ്മിറ്റിന്റെ ഉദ്ഘാടനം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്, മെയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ഐ.എം.എ കേരള പ്രസിഡന്റ് ഡോ. എം.എന്‍ മേനോന്‍, അക്‌മെ കണ്‍സള്‍ട്ടിംഗ് എം.ഡി ബി.ജി മേനോന്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിക്കും.
സമ്മിറ്റില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും : അനൂപ് ഏബ്രഹാം: 90725 70065, Website: https://dhanamhealthcaresummit.com/
Read DhanamOnline in English
Subscribe to Dhanam Magazine