കല്യാണ്‍ ജുവലേഴ്‌സിന് ഇതെന്തു പറ്റി? ഉയര്‍ന്ന വിലയില്‍ നിന്ന് 44% ശതമാനം ഇടിവില്‍ ഓഹരി

മൂന്നാം പാദത്തിലെ ബിസിനസ് അപ്‌ഡേറ്റ് പുറത്തു വന്നതിനുശേഷമാണ് ഓഹരിയുടെ വീഴ്ച
Kalyan jewellers logo
Published on

തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായ ഇടിവിലാണ്. ഇന്നലെ മാത്രം 6 ശതമാനത്തോളം ഇടിഞ്ഞു. ഇന്ന് രാവിലത്തെ സെഷനില്‍ രണ്ട് ശതമാനത്തോളം നഷ്ടത്തിലായിരുന്ന ഓഹരി നിലവില്‍ നേരിയ നേട്ടം രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ തുടര്‍ച്ചയായ 10 വ്യാപാര ദിനങ്ങളെടുത്താല്‍ എട്ടിലും ഓഹരി നഷ്ടമാണ് കാഴ്ചവച്ചത്.

വിപണി മൂല്യത്തില്‍ നിന്ന് ചോര്‍ന്നത് 36,000 കോടി

ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 794.60 രൂപയാണ് ഓഹരിയുടെ ഏറ്റവും ഉയര്‍ന്ന വില. അതുമായി നോക്കുമ്പോള്‍ 44 ശതമാനത്തോളം ഇടിവാണ് ഓഹരിയില്‍ ഉണ്ടായിരിക്കുന്നത്. ജനുവരി രണ്ടിന് 82,000 കോടി രൂപയായിരുന്ന കമ്പനിയുടെ വിപണി മൂല്യം 46,058 കോടി രൂപയായി കുറഞ്ഞു. രണ്ടാഴ്ചകൊണ്ട് 36,000 കോടിയോളമാണ് വിപണി മൂല്യത്തിലുണ്ടായ ഇടിവ്.

ഈ മാസം ആദ്യം മൂന്നാം പാദത്തിലെ ബിസിനസ് അപ്‌ഡേറ്റ് പുറത്തുവിട്ടതിനു ശേഷമാണ് ഓഹരിയില്‍ ഇടിവു തുടങ്ങിയത്. ജനുവരി 15ന് ഒറ്റ ദിവസം കൊണ്ട് ഓഹരി വില 10 ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ കല്യാണിന്റെ പ്രമോട്ടറായ ടി.എസ് കല്യാണരാമന്‍ വാര്‍ബര്‍ഗ് പിന്‍കസില്‍ നിന്ന് 2.36 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ വിലയേക്കാള്‍ താഴെയെത്തുകയും ചെയ്തു. 535 രൂപ നിരക്കിലായിരുന്നു പ്രമോട്ടര്‍മാര്‍ ഓഹരികള്‍ തിരിച്ചു വാങ്ങിയത്. വില താഴേക്ക് പോയതിനെ തുടര്‍ന്ന് പ്രമോട്ടര്‍മാര്‍ വീണ്ടും ഓഹരികള്‍ പണയപ്പെടുത്തി.

വാല്വേഷന്‍ ആശങ്ക

ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കല്യാണ്‍ ജുവലേഴ്‌സ് 39 ശതമാനം വരുമാന വളര്‍ച്ചയും ഇന്ത്യന്‍ ബിസിനസില്‍ 40 ശതമാനം വരുമാന വര്‍ധനയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നിക്ഷേപ വികാരം അനുകൂലമായില്ല.  മ്യൂച്വല്‍ഫണ്ടുകള്‍ക്ക് കല്യാണ്‍ ജുവലേഴ്‌സ് കൈക്കൂലി വാദ്ഗാനം ചെയ്തതായുള്ള ആരോപണങ്ങളാണ് തിരിച്ചടിയായത്‌.  പ്രമോട്ടര്‍മാരും അസറ്റ് മാനേജ്‌മെന്റ് കമ്പനിയും ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

ഇതിനൊപ്പം ഓഹരിക്കു ഉയർന്ന വാല്വേഷന്‍ ആണെന്ന ആശങ്കകളും ഉയര്‍ന്നിരുന്നു. 2023 ജനുവരി ആദ്യം 120 രൂപയായിരുന്ന ഓഹരി വിലയാണ്  795 രൂപയിലെത്തിയത്. അതായത് രണ്ട് വര്‍ഷം കൊണ്ട് 562 ശതമാനം വര്‍ധന. 

ഇപ്പോള്‍ നിക്ഷേപിക്കാമോ?

കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ നിരീക്ഷിക്കുന്ന ഒമ്പത് അനലിസ്റ്റുകളില്‍ എട്ട്‌പേരും 'ബൈ' റേറ്റിംഗാണ് ഓഹരിക്ക് നല്‍കുന്നത്. മോട്ടിലാല്‍ ഒസ്‌വാള്‍ ആണ് ഏറ്റവും ഉയര്‍ന്ന ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. 875 രൂപ. വെഞ്ച്വറ സെക്യൂരിറ്റീസ് 'സെല്‍' റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. ലക്ഷ്യവില 692 രൂപയായും നിശ്ചയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ പ്രകടനമല്ല നോക്കേണ്ടതെന്നും ദീര്‍ഘകാല പ്രകടനം വിലയിരുത്താനുമാണ് കല്യാണ്‍ ജുവലേഴ്‌സിന്റെ പ്രമോട്ടറില്‍ ഒരാളായ രമേഷ് കല്യാണ രാമന്‍ പറയുന്നത്. ലാഭമെടുക്കലും തിരുത്തലുമൊക്കെ ഓഹരിയിൽ ഹ്രസ്വകാല വ്യതിയാനമുണ്ടാക്കിയെങ്കിലും കഴിഞ്ഞ രണ്ടര വര്‍ഷമായി കല്യാണ്‍ ജുവലേഴ്‌സ് സുസ്ഥിരമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജനുവരി 30ന്‌ കമ്പനി മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിക്കും. ഓഹരിയുടെ നീക്കത്തെ കുറിച്ചുള്ള കൂടുതല്‍ സൂചന അതിനുശേഷമാകും ലഭ്യമാകുക എന്നാണ് വിലയിരുത്തലുകൾ.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com