'റോഡ് കണക്ടിവിറ്റിയില്‍ കേരളം മുന്നേറി; പദ്ധതികള്‍ ക്രോഡീകരിക്കാന്‍ ഏകീകൃത സംവിധാനം വേണം'

നിക്ഷേപങ്ങളില്‍ രാജസ്ഥാനെ മാതൃകയാക്കണം; കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വേഗത കുറവാണെന്ന് പരാതി
invest kerala global summit
invest kerala global summit
Published on

പത്തുവര്‍ഷം മുമ്പത്തേക്കാള്‍ കേരളത്തിന് മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് കൊച്ചിയില്‍ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഏവരും ഒരേ സ്വരത്തില്‍ പറയുന്നു. റോഡ് കണക്ടിവിറ്റിയില്‍ കൂടുതല്‍ മുന്നേറാന്‍ സംസ്ഥാനത്തിന് സാധിച്ചു. ദേശീയ പാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ വളര്‍ച്ച കൂടുതല്‍ വേഗത്തിലാകും.

ടൂറിസം മേഖലയുടെ വികസനത്തിന് കണക്ടിവിറ്റി വളരെ പ്രധാനമാണെന്ന് കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറി സുമന്‍ ബില്ല പറയുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കണക്ടിവിറ്റിയില്‍ കേരളം ഏറെ മുന്നിലാണ്. അടിസ്ഥാന സൗകര്യ വികസനരംഗത്ത് കേരളം ഇനിയും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നാണ് നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത പലരുടെയും അഭിപ്രായം. അസ്റ്റര്‍ ഹെല്‍ത്ത്കെയര്‍ 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചത് മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ്.

ഏകീകൃത സംവിധാനം

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വേഗത കുറവാണെന്ന പരാതി ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുത്ത മിക്കവരും പങ്കുവച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് മാറ്റം വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും മാറ്റം വരണമെന്നാണ് പല പ്രതിനിധികളും അഭിപ്രായപ്പെട്ടത്. ഏകീകൃത സംവിധാനം കാര്യക്ഷമമാക്കുന്നതിലൂടെ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം വരും. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണ്.

രാജസ്ഥാനെ മാതൃകയാക്കാം

കഴിഞ്ഞ ഡിസംബറില്‍ റൈസിംഗ് രാജസ്ഥാന്‍ എന്ന പേരില്‍ രാജസ്ഥാന്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റ് നടത്തിയിരുന്നു. 35 ലക്ഷം കോടി രൂപയുടെ ധാരണപത്രമാണ് ഈ ഉച്ചകോടിയില്‍ ഒപ്പിട്ടത്. രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ് ഈ ഉച്ചകോടിയില്‍ ലഭിച്ചത്. ഇന്‍വെസ്റ്റ് കേരളയില്‍ നിന്ന് വ്യത്യസ്തമായി സോളാര്‍ എനര്‍ജി, സിമന്റ്, ഖനനം എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപം രാജസ്ഥാന് ലഭിച്ചത്. നിക്ഷേപ വാഗ്ദാനങ്ങള്‍ ഫലപ്രാപ്തിയിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക സംവിധാനം തന്നെ രാജസ്ഥാന്‍ ഒരുക്കിയിട്ടുണ്ട്.

നിക്ഷേപങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഇന്‍വെസ്റ്റ് കേരളക്ക് ശേഷം ആസൂത്രണം വേണമെന്നാണ് ഉയര്‍ന്ന നിര്‍ദ്ദേശങ്ങളിലൊന്ന്. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതില്‍ ഇന്‍വെസ്റ്റ് കേരള പോലെയുള്ള പദ്ധതികള്‍ വലിയ പങ്കുവഹിക്കുമെന്ന പക്ഷക്കാരാണ് പങ്കെടുത്തവരിലേറെയും. സര്‍ക്കാര്‍ മുന്‍കൈയെടുത്തുള്ള ഇത്തരം പരിപാടികള്‍ കൃത്യമായ ഇടവേളകളില്‍ നടത്തണം. ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ വിശകലനം ചെയ്ത് വേണ്ട തിരുത്തലുകള്‍ വരുത്തണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com