മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യന്‍ ഓയിലിന് ₹13,000 കോടി ലാഭം

2023 ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 13,750 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 1,992 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

അതേസമയം, കഴിഞ്ഞ പാദത്തില്‍ വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 12 ശതമാനം ഇടിഞ്ഞ് 2.21 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷമിത് 2.51 ലക്ഷം കോടിരൂപയായിരുന്നു.
ജനുവരി-മാര്‍ച്ച് പാദവുമായി നോക്കുമ്പോള്‍ ലാഭം 37 ശതമാനം വര്‍ധിച്ചു. വരുമാനം 2.3 ശതമാനം ഇടിഞ്ഞു. 10,800 കോടി രൂപയായിരുന്നു ജനുവരി-മാര്‍ച്ചില്‍ ഇന്ത്യന്‍ ഓയിലിന്റെ ലാഭം.
പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 22,163 കോടി രൂപയാണ്. എബിറ്റ്ഡ മാര്‍ജിന്‍ 11.2 ശതമാനമായി.
വിവിധ വിഭാഗങ്ങള്‍
കമ്പനിയുടെ മൊത്തം ചെലവുകള്‍ 20 ശതമാനം ഇടിഞ്ഞ് 2.03 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാനപാദത്തിലിത് 2.55 ലക്ഷം കോടി രൂപയായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 2.42 ലക്ഷം കോടി രൂപയില്‍ നിന്ന് 2.11 ലക്ഷം കോടി രൂപയായി കുറഞ്ഞു.
പെട്രോകെമിക്കല്‍ വിഭാഗത്തിലും കുറവുണ്ടായി കഴിഞ്ഞ വര്‍ഷം 7,839 കോടി രൂപയായിരുന്ന വരുമാനം 6,728 കോടിയായാണ് കുറഞ്ഞത്.
ഓഹരിയില്‍ ഇടിവ്
കമ്പനിയുടെ ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞ് 95.45 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി 30.43 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Next Story

Videos

Share it