
കെ.എസ്.ഇ.ബിയുടെ ദിനസമയ ചാര്‍ജ് നിര്‍ണയ രീതിയായ ടൈംസ് ഓഫ് ഡേ (TOD) ബില്ലിംഗിനെ കുറിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
''രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ 25 ശതമാനം കുറവ് നിരക്ക്, വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെ മൂന്നിരട്ടി വര്‍ധന, രാത്രി 10 മുതല്‍ രാവിലെ ആറ് വരെ സാധാരണ നിരക്ക്'' എന്നിങ്ങനെയാകും ടി.ഒ.ഡി ബില്ലിംഗ് പ്രകാരം കെ.എസ്.ഇ.ബി ഈടാക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുന്ന സന്ദേശങ്ങള്‍.
ഉപയോക്താക്കളുടെ ആശങ്കകള്‍ അകറ്റാന്‍ വ്യക്തമായ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി. കൃത്യമായ രീതിയില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 35 ശതമാനം പണം ലാഭിക്കാന്‍ കഴിയുമെന്നും കെ.എസ്.ബി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു.
കെ.സ്.ഇ.ബിയുടെ വിശദീകരണ പ്രകാരം എല്ലാ വിഭാഗം ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും 20 കിലോവാട്ടിനു മുകളില്‍ കണക്റ്റഡ് ലോഡുള്ള ലോ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നിലവില്‍ ടി.ഒ.ഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസത്തെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ചെയ്യുന്നത്. അതായത് T1, T2, T3 എന്നിങ്ങനെ മൂന്ന് സോണുകളില്‍ വ്യത്യസ്ത ചാര്‍ജുകളാകും ഈടാക്കുക. പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ബില്‍ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയുള്ള 12 മണിക്കൂര്‍ സമയത്തെ (T 1 ) ഉപയോഗത്തിന് യഥാര്‍ത്ഥ താരിഫ് നിരക്കിനെക്കാള്‍ 10 ശതമാനം കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക. വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെയുള്ള (T2 ) 4 മണിക്കൂര്‍ സമയം താരിഫ് നിരക്കിനെക്കാള്‍ 25 ശതമാനം കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും.
രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള (T3 ) 8 മണിക്കൂര്‍ സമയത്ത് നിലവിലുള്ള താരിഫ് നിരക്കില്‍ തന്നെ വൈദ്യുതി ഉപയോഗിക്കാം.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആറ് മുതല്‍ 10 മണി വരെയുള്ള സമയത്തെ ഉപയോഗത്തിന് പരമാവധി 25 ശതമാനം വരെ അധിക ബില്ലാണ് TOD മീറ്റര്‍ റീഡിംഗില്‍ ഈടാക്കുക. ഇതാണ് മൂന്ന് ഇരട്ടിയെന്നും രണ്ട് ഇരട്ടിയെന്നുമൊക്കെ പ്രചരിപ്പിക്കപ്പെടുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉയര്‍ന്ന വൈദ്യുതി ആവശ്യകതയുള്ള പമ്പ് സെറ്റ്, ഇസ്തിരിപ്പെട്ടി, വാട്ടര്‍ ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍ തുടങ്ങിയവയുടെ ഉപയോഗം പകല്‍ സമയത്തേക്ക് മാറ്റിയാല്‍ 35 ശതമാനം വരെ പണം ലാഭിക്കാന്‍ കഴിയുമെന്ന് കെ.എസ്.ഇ.ബി പറയുന്നു. രാത്രിയിലെ ഉപയോഗത്തിന് (വൈകിട്ട് ആറ് മുതല്‍ 10 വരെ മാത്രം) പരമാവധി 25 ശതമാനം അധിക തുക ഈടാക്കുന്നുണ്ട്. എന്നാല്‍ 3 ഇരട്ടിയും 2 ഇരട്ടിയും ഒക്കെ ഈടാക്കുന്നുവെന്ന ആരോപണങ്ങളെ കെ.എസ്.ഇ.ബി ഇതിലൂടെ തള്ളിക്കളയുന്നുമുണ്ട്.
ഇക്കഴിഞ്ഞ ജനുവരി ഒന്നു മുതലാണ് കേരളത്തില്‍ ടി.ഒ.ഡി നിരക്ക് ഏര്‍പ്പെടുത്തിയത്. ഏഴ് ലക്ഷത്തോളം ഉപയോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. നിലവില്‍ സ്ഥാപിച്ചിട്ടുള്ള 90 ശതമാനത്തോളം മീറ്ററിലും ടി.ഒ.ഡി റീഡിംഗിനുള്ള സൗകര്യമുണ്ട്. ലോഡ് കൂടുതല്‍ വരുന്ന സാഹചര്യങ്ങളില്‍ സാധാരണ മീറ്ററുകള്‍ മാറ്റി ടി.ഡി.ഒ മീറ്റര്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
രാത്രി ലോഡ് കുറയ്ക്കാനായാണ് വൈദ്യുതി വകുപ്പ് ടി.ഒ.ഡി നിരക്ക് അവതരിപ്പിച്ചത്. പകല്‍ സോളാര്‍ വൈദ്യുതി ഉള്‍പ്പെടെയുള്ളവ പരമാവധി ഉപയോഗിക്കാന്‍ കൂടിയാണ് ഈ രീതി നടപ്പാക്കിയത്.
KSEB's TOD billing clarifies rates for domestic users consuming over 250 units
Read DhanamOnline in English
Subscribe to Dhanam Magazine