Begin typing your search above and press return to search.
കൊച്ചിയെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ പദ്ധതിയുമായി എസ്.എഫ്.ഒ ടെക്‌നോളജീസ്
കൊച്ചിയെ കാര്‍ബണ്‍ ന്യൂട്രലാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് നെസ്റ്റ് ഗ്രൂപ്പ് കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ്. 2035ഓടെ കാര്‍ബണ്‍ പുറംതള്ളല്‍ 50 ശതമാനം കുറയ്ക്കാനും 2040-ഓടെ മലിനീകരണം പൂജ്യമാക്കാനുമുള്ള ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യത്തിന്റെ ചുവടു പിടിച്ചാണ് പദ്ധതി. ഐ.എസ്.ആര്‍.ഒ ചെയര്‍മാനും സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയുമായ എസ്. സോമനാഥ് നെസ്റ്റ് ഹൈ-ടെക് പാര്‍ക്കില്‍ ശനിയാഴ്ച രാവിലെ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് അദ്ദേഹം നെസ്റ്റ് എഞ്ചിനീയര്‍മാരുമായും മാനേജ്‌മെന്റ് ടീമുമായും കാര്‍ബണ്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും അതില്‍ കമ്പനികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഇടപെടലുകളെക്കുറിച്ചും സംസാരിച്ചു. എസ്.എഫ്.ഒ ടെക്‌നോളജീസും ഐ.എസ്.ആര്‍.ഒയുമായുള്ള സഹകരണത്തിന്റെ അടയാളമായി ചന്ദ്രായാന്റെ മാതൃക ക്യാമ്പസില്‍ അദ്ദേഹം അനാവരണം ചെയ്തു.
ഇന്ത്യന്‍ ബഹിരാകാശ വ്യവസായം വളര്‍ച്ചയുടെയും വികസനത്തിന്റെയും സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയെക്കുടി ഉള്‍പ്പെടുത്തി നടത്തുന്ന വികസന ശ്രമങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് എസ്. സോമനാഥ് പറഞ്ഞു. രാജ്യത്തെ ബഹിരാകാശ വ്യവസായം അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളറില്‍ നിന്ന് 9-10 ബില്യണ്‍ ഡോളര്‍ വ്യവസായമായി മാറുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗഗന്‍യാന്‍ പദ്ധതിക്കായി ചർച്ചകൾ
ചന്ദ്രയാന്‍, ആദിത്യ ദൗത്യങ്ങള്‍ക്കായുള്ള ആര്‍.എഫ് ഉപസംവിധാനങ്ങള്‍, ആന്റിന സിസ്റ്റങ്ങളുടെ നിര്‍മ്മാണം, വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ക്രയോജനിക് എഞ്ചിന്‍ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിങ്ങനെ ഒന്നിലധികം പ്രോഗ്രാമുകളില്‍ എസ്.എഫ്.ഒ ടെക്‌നോളജിസ് ഐ.എസ്.ആര്‍.ഒയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കായി ഐ.എസ്.ആര്‍.ഒയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ജഹാംഗീര്‍ പറഞ്ഞു.
എസ്.എഫ്.ഒ ടെക്‌നോളോജിസ് സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അല്‍ത്താഫ് ജഹാംഗീര്‍, നെസ്റ്റ് ഡിജിറ്റല്‍ സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നസ്നീന്‍ ജഹാംഗീര്‍ തുടങ്ങിയവരും പങ്കെടുത്തു.
Next Story
Videos