

പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കെ, ഈ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). മുന്‍വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഇത് കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്.
മുന്‍പ്, എല്ലാ വര്‍ഷവും നവംബര്‍ 30-നോ അതിനുമുമ്പോ പെന്‍ഷന്‍കാര്‍ നേരിട്ട് ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ അല്ലെങ്കില്‍ ഏതെങ്കിലും പെന്‍ഷന്‍ വിതരണ ഏജന്‍സികള്‍ക്ക് മുമ്പാകെ ഹാജരായി 'ജീവന്‍ പ്രമാണ്‍' അല്ലെങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു.പെന്‍ഷന്‍ വാങ്ങുന്നയാള്‍ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന രീതിയാണിത്. ജീവന്‍ പ്രമാണിന്റെ സാക്ഷ്യപ്പെടുത്തലിന് ശേഷം മാത്രമാണ് പെന്‍ഷന്‍ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുക.
പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ അവരുടെ ജീവന്‍ പ്രമാണ്‍, ബയോമെട്രിക് ഉപകരണങ്ങളോ നേരിട്ടുള്ള പരിശോധനയോ ഇല്ലാതെ, സ്മാര്‍ട്ട്ഫോണില്‍ നിന്ന് നേരിട്ട് ഫെയ്‌സ് ഓതന്റിക്കേഷന്‍ ഉപയോഗിച്ച് സമര്‍പ്പിക്കാന്‍ കഴിയും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ (മുമ്പ് ട്വിറ്റര്‍) ഇപിഎഫ്ഒ ലൈഫ് സര്‍ട്ടിഫിക്കറ്റ് നേടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
നാട്ടിലില്ലാത്തവര്‍ക്ക് പോലും ഫ്രണ്ട് ക്യാമറയും ഇന്റര്‍നെറ്റ് കണക്ഷനുമുള്ള ഒരു സ്മാര്‍ട്ട്ഫോണ്‍ മാത്രം ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ ഇതു വഴി സാധിക്കും.
കുറഞ്ഞത് 5എം.പി ഫ്രണ്ട് ക്യാമറയും ഇന്റര്‍നെറ്റ് കണക്ഷനുമുള്ള ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍.
നിങ്ങളുടെ ആധാര്‍ നമ്പര്‍ പെന്‍ഷന്‍ വിതരണ അതോറിറ്റിയില്‍ (ബാങ്ക്, പോസ്റ്റ് ഓഫീസ് മുതലായവ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകണം.
ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഒരു ഫോണ്‍ നമ്പര്‍ ഉണ്ടാകണം. എസ്.എം.എസ് അപ്ഡേറ്റുകളും ഡൗണ്‍ലോഡ് ലിങ്കുകളും ഇതുവഴിയാണ് ലഭിക്കുക.
ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആധാര്‍ഫെയ്‌സ്ആര്‍ഡി (AadhaarFaceRd ), ജീവന്‍ പ്രമാണ്‍ ഫെയ്‌സ് ആപ്പ് (Jeevan Pramaan Face App) ഡൗണ്‍ ലോഡ് ചെയ്തു വയ്ക്കുക.
ആദ്യം ആധാര്‍ ഫെയ്‌സ്ആര്‍ഡി ആപ്പ് ഉപയോഗിച്ച് ഓപ്പറേറ്റര്‍ ഓതന്റിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തിയാക്കണം.
അതിനുശേഷം ജീവന്‍ പ്രമാണ്‍ ഫെയ്‌സ് ആപ്പ് തുറന്ന് പെന്‍ഷനറുടെ വിവരങ്ങള്‍, അതായത് പേര്, ആധാര്‍ നമ്പര്‍, പെന്‍ഷന്‍ അക്കൗണ്ട് ഇന്‍ഫര്‍മേഷന്‍ എന്നിവ നല്‍കണം.
ഇനി ഫോണിന്റെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ആപ്പില്‍ പറയുന്നതു പ്രകാരം മുഖം സ്‌കാന്‍ ചെയ്യുക. നല്ല വെളിച്ചമുള്ള സ്ഥലത്ത് നിന്ന് ഫോണ്‍ അനങ്ങാതെ പിടിച്ചു വേണം സ്‌കാന്‍ ചെയ്യാന്‍.
ഈ പ്രക്രിയ പൂര്‍ത്തിയായി കഴിയുമ്പോള്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണിലേക്ക് ജീവന്‍ പ്രമാണ്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് എസ്.എം.എസ് ആയി ലഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine