മുന്നേറ്റം തുടരുമോ വി-ഗാര്‍ഡ് ഓഹരി? പ്രവചനവുമായി ജെഫറീസ്, 4 കാരണങ്ങള്‍ ഇതാ

മികച്ച നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട കേരളം ആസ്ഥാനമായുള്ള വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ക്ക് കുതിപ്പ് പ്രവചിച്ച് ആഗോള നിക്ഷേപക സ്ഥാപനമായ ജെഫറീസ്. നാലാം പാദഫലത്തിനു പിന്നാലെ ഓഹരി 19 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 51 ശതമാനത്തിലധികം വില വര്‍ധിച്ച ഓഹരികള്‍ കഴിഞ്ഞയാഴ്ച 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരവും പിന്നിട്ടിരുന്നു. ഇന്ന് ഒരു ശതമാനത്തിനു മുകളില്‍ നേട്ടവുമായി 378.50 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.

ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ് സെഗ്മെന്റില്‍ വില്‍പന കൂടിയതും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സിന്റെയും ഏറ്റെടുത്ത കമ്പനിയായ സണ്‍ഫ്‌ളെയിമിന്റെയും മികച്ച വളര്‍ച്ചയാണ് വി-ഗാര്‍ഡിന്റെ നാലാം പാദപ്രവര്‍ത്തനഫലം മികച്ചതാക്കിയത്.

ഓഹരിക്ക് കരുത്താകുന്ന നാല് കാരണങ്ങളാണ് ജെഫറീസ് ചൂണ്ടിക്കാട്ടുന്നത്.

1. ജെഫറീസിന്റെ കണക്കുകൂട്ടലുകള്‍ക്കും മുകളിലായിരുന്നു വി-ഗാര്‍ഡിന്റെ നാലാം പാദഫലങ്ങള്‍. വില്‍പ്പനയും ലാഭവും യഥാക്രമം 18 ശതമാനം, 44 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. ഇതിന് പ്രധാനമായും സഹായകമായത് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തിന്റെ പ്രകടനമാണ്. നാലാം പാദത്തില്‍ 27 ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 ശതമാനവുമാണ് ഈ വിഭാഗത്തിന്റെ വളര്‍ച്ച.

2. രണ്ട് വര്‍ഷം മുമ്പ് ഏറ്റെടുത്ത സണ്‍ഫ്‌ളെയിമിന്റെ സാന്നിധ്യം ഇ-കൊമേഴ്‌സിലേക്കും തെക്കന്‍ വിപണികളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് വി-ഗാര്‍ഡ്. സണ്‍ഫ്‌ളെയിം 20 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാനിരക്ക് (CAGR) കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്.

3. അടുക്കള ഉപകരണങ്ങളുടെയും ബാറ്ററികളുടേയും വാണിജ്യ ഉത്പാദനത്തിനുള്ള ഫാക്ടറി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇത് നടപ്പു സാമ്പത്തിക വര്‍ഷം വരുമാനം കൂട്ടാന്‍ സഹായിക്കും. അഞ്ച് വര്‍ഷം മുമ്പ് കമ്പനി സ്വന്തമായി 45 ശതമാനം ഉത്പാദനം നടത്തിയിരുന്നത് ഇപ്പോള്‍ 65 ശതമാനമായിട്ടുണ്ട്. ഇതു വഴി വി-ഗാര്‍ഡിന് മൊത്തം മാര്‍ജിനില്‍ സുസ്ഥിര വളര്‍ച്ച നേടാനായിട്ടുണ്ട്. ജെഫ്‌റീസ് കണക്കാക്കുന്നത് വി-ഗാര്‍ഡിന്റെ പ്രവര്‍ത്തന മാര്‍ജിന്‍ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം ആയി ഉയരുമെന്നാണ്.

4. വി-ഗാര്‍ഡിന്റെ വിവിധ പ്രദേശങ്ങളിലേക്കുള്ള വളര്‍ച്ച നിശ്ചയിച്ച പ്രകാരം മുന്നോട്ടു പോകുന്നതായി ജെഫ്‌റീസ് കണക്കാക്കുന്നു. തെക്കേ ഇന്ത്യന്‍ വിപണികളിലെ വളര്‍ച്ച 14 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ങ്ങളില്‍ ഇത് 45.8 ശതമാനവും.

വിവിധ വിഭാഗങ്ങളുടെ പ്രകടനം

വി-ഗാര്‍ഡിന്റെ മൊത്തം വരുമാനത്തിന്റെ അഞ്ചിലൊന്നും വയറുകള്‍, പമ്പുകള്‍, സ്വിച്ച്ഗിയറുകള്‍, മോഡുലാര്‍ സ്വിച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ നിന്നാണ്. 10.7 ശതമാനമാണ് വളര്‍ച്ച. സ്‌റ്റെബിലൈസറുകള്‍, യു.പി.എസ്, ഇന്‍വെര്‍ട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് സെഗ്മെന്റ് വരുമാനത്തിന്റെ നാലിലൊന്ന് സംഭാവന ചെയ്യുന്നു. 18.9 ശതമാനം വളര്‍ച്ചയാണ് നേടുന്നത്.

വേനല്‍ക്കാലമായതോടെ ഫാനുകളുടെ വില്‍പ്പന കൂടിയത് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സെഗ്മിന്റില്‍ നിന്നുള്ള വരുമാനത്തില്‍ 27.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ഇതു കൂടാതെ സണ്‍ഫ്‌ളൈയിമിന്റെ ഉത്പന്നങ്ങള്‍ മൊത്തം വില്‍പ്പനയുടെ 5-6 ശതമാനം സംഭാവന ചെയ്തു. ഈതോടെ ഈ വിഭാഗത്തിന്റെ വളര്‍ച്ച 28 ശതമാനമായിട്ടുണ്ട്.

നാലാം പാദ വളര്‍ച്ച

2023-24 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 17.9 ശതമാനം വര്‍ധിച്ച് 1,342.77 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ലാഭം (എബിറ്റ്ഡ) 31.5 ശതമാനം വര്‍ധിച്ചു. മൊത്ത ലാഭം ഇക്കാലയളവില്‍ 44.5 ശതമാനം ഉയര്‍ന്ന് 76.16 കോടിയുമായി. മികച്ച പ്രകടനം വിലയിരുത്തിലാണ് ജെഫറീസ് ഓഹരിക്ക് 19 ശതമാനം മുന്നേറ്റ സാധ്യത കല്‍പ്പിച്ചിരിക്കുന്നത്.

വി-ഗാര്‍ഡിന്റെ വരുമാനം 2024 മുതല്‍ 2027 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വളര്‍ച്ച നേടുമെന്നാണ് ജെഫറീസ് പ്രതീക്ഷിക്കുന്നത്. സണ്‍ഫ്‌ളെയിമിന്റെ പ്രവര്‍ത്തനം ഇതിന് സഹായിക്കും. സ്വന്തമായുള്ള മാനുഫാക്ചറിംഗ് കൂടിയതും ഉയര്‍ന്ന മാര്‍ജിന്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ ഉള്ളതും 2026-27 സാമ്പത്തിക വര്‍ഷത്തോടെ പ്രവര്‍ത്തന മാര്‍ജിന്‍ 10 ശതമാനത്തോളം ഉയര്‍ത്തമെന്നാണ് ജെഫറീസിന്റെ വിലയിരുത്തല്‍.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Related Articles
Next Story
Videos
Share it